ADVERTISEMENT

ഡച്ച് പ്രവിശ്യയായ ഗെല്‍ഡര്‍ലാന്‍ഡിലെ ചെന്നായ് കൂട്ടത്തെ നിയന്ത്രിക്കാനാണ് പുതിയ മാര്‍ഗവുമായി അധികൃതര്‍ രംഗത്ത് വന്നിരിക്കുന്നത്. സാധാരണ ഗതിയില്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുമെന്ന് തോന്നുന്ന മൃഗങ്ങളെ കൊന്ന് കളയുകയാണ് ലോകമെമ്പാടുമുള്ള പതിവ്. എന്നാല്‍ ഇവിടെ അധികൃതര്‍ ചെന്നായ്ക്കള്‍ക്ക് ഒരു തരത്തിലും ഭീഷണിയാകാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ചെന്നായ്ക്കള്‍ വനമേഖലയുടെ സമീപത്തെത്തുന്ന മനുഷ്യരുടെ അടുത്തേക്കെത്തിയാല്‍ അവയെ പെയിന്‍റ് ബോളുകള്‍ ഉപയോഗിച്ച് വെടിവയ്ക്കാനാണ് തീരുമാനം. ഹോഗ് വെലുവെ ദേശീയ പാര്‍ക്കിലെ ചെന്നായ്ക്കളെയാണ് ഈ രീതിയില്‍ മനുഷ്യരില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ അധികൃതര്‍ അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ ആര്‍ക്കു വേണമെങ്കിലും ഈ ചെന്നായ്ക്കളെ പെയിന്‍റ് ബോളുകള്‍ ഉപയോഗിച്ച് വെടിവയ്ക്കാന്‍ സാധിക്കില്ല. ഈ ദേശീയ പാര്‍ക്കിലെ വനപാലകര്‍ക്ക് മാത്രമാണ് ചെന്നായ്ക്കളെ വെടിവയ്ക്കാനുള്ള അനുവാദം ലഭിച്ചിരിക്കുന്നത്. 

കാരണമായ ട്വീറ്റ്

ഡച്ച് അധികൃതരുടെ ഈ തീരുമാനത്തിലേക്കു നയിച്ചത് ഒരു ട്വീറ്റാണ്. ഗെല്‍ഡര്‍ലാന്‍ഡിലെ ഫോറസ്റ്റ് ഡിപ്പാര്‍ട്മെന്‍റ് തന്നെയാണ് ഈ ട്വീറ്റ് പങ്കുവച്ചത്. രണ്ട് കുട്ടികളടങ്ങിയ നാലംഗ കുടുംബത്തിന്‍റെ തൊട്ടടത്ത് കൂടി ഒരു ചെന്നായ കടന്ന് പോകുന്നതാണ് ദൃശ്യത്തിലുള്ളത്. ഭയം തോന്നുന്ന വിധംതൊട്ടരികിലൂടെയാണ് ഈ ചെന്നായ പോകുന്നത്. ഈ ദൃശ്യമാണ് ചെന്നായ്ക്കളെ അകറ്റി നിര്‍ത്താനും അവയ്ക്ക് അപകടം വരാത്ത രീതിയില്‍  എന്തു നടപടി സ്വീകരിക്കാനാകും എന്ന ചിന്തയിലേക്ക് അധികൃതരെയെത്തിച്ചത്.

 

കൂട്ടമായി സഞ്ചരിക്കുമ്പോള്‍ ഏതൊരു ജീവിയുടേയും അടുത്തേക്ക് ഭയമില്ലാതെയെത്തുന്ന ജീവികളാണ് ചെന്നായ്ക്കള്‍. എന്നാല്‍ സാധാരണ ഗതിയില്‍ മനുഷ്യരില്‍ നിന്ന് ചെന്നായ്ക്കള്‍ അകലം പാലിക്കാറുണ്ട്. അതേസമയം ഡച്ച് ദേശീയ പാര്‍ക്കിലെ ചെന്നായ്ക്കളില്‍ ഈ പെരുമാറ്റ രീതിയും വ്യത്യസ്തമാണ്. മനുഷ്യരില്‍ നിന്ന് അകലം പാലിക്കാനോ, കാണുമ്പോൾ ഓടിപ്പോകാനോ ഇവ ശ്രമിക്കാറില്ല. മറ്റ് ചെന്നായ്ക്കൂട്ടങ്ങളെ വച്ച് നോക്കുമ്പോള്‍ ഈ ദേശീയപാര്‍ക്കിലെ ചെന്നായ്ക്കള്‍ മനുഷ്യരോട് അപരചിതത്വം കാട്ടുന്നില്ലെന്നത് ശ്രദ്ധേയമാണ്.

 

ചെന്നായ്ക്കള്‍ തീറ്റ നല്‍കുന്നതോ കാരണം?

ചിലരെങ്കിലും ഈ ദേശീയ പാര്‍ക്കിലെ ചെന്നായ്ക്കളുടെ പെരുമാറ്റത്തെ സംശയ ദൃഷ്ടിയോടെയാണ് കാണുന്നത്. പ്രാദേശീയ പരിസ്ഥിതി പ്രവര്‍ത്തകനായ നിക്കോ കോഫ്മാനെ പോലുള്ളവര്‍ പാര്‍ക്ക് അധികൃതര്‍ ചെന്നായ്ക്കള്‍ക്ക് തീറ്റ കൊടുക്കാന്‍ തുടങ്ങിയതോടെയാണ് ഇവയുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായതെന്ന് ആരോപിക്കുന്നു. മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് ഈ ദേശീയ പാര്‍ക്കില്‍ മാത്രം ചെന്നായ്ക്കളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായത് ഇക്കാകാരണം കൊണ്ടാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ ആരോപണം പാര്‍ക്ക് അധികൃതര്‍ നിഷേധിച്ചു. ഏതായാലും ചെന്നായ്ക്കള്‍ സന്ദര്‍ശകരോട് അധികം അടുക്കുന്നത് സുരക്ഷിതമല്ല എന്നതില്‍ സംശയമില്ല. അതുകൊണ്ട് തന്നെയാണ് അവയെ വേദനിപ്പിക്കാതെ മനുഷ്യരില്‍ നിന്ന് ചെന്നായ്ക്കളെ ശരാശരി അകലത്തില്‍ നിര്‍ത്താന്‍ പെയിന്‍റ് ബോള്‍ ഗണ്‍ എന്ന ആശയം ഉടലെടുത്തത്. ചുരുങ്ങിയത് 30മീറ്റര്‍ അകലത്തിലെങ്കിലും ചെന്നായ്ക്കളെ അകറ്റി നിര്‍ത്തണം എന്നതാണ് അധികൃതര്‍ വനപാലകര്‍ക്ക് നല്‍കിയിരിയ്ക്കുന്ന നിര്‍ദ്ദേശം.

 

പെരുകുന്ന ചെന്നായ്ക്കളും, ചുരുങ്ങുന്ന കാട്ടാടുകളും

മഫ്ലോണ്‍സ് എന്ന് അറിയപ്പെടുന്ന കാട്ടാടുകളുടെ കൂടി ആവാസമേഖലയാണ് ഹോഗ് വെലുവേ ദേശീയ പാര്‍ക്ക്. എന്നാല്‍ ഈ മേഖലയില്‍ ചെന്നായ്ക്കളുടെ എണ്ണം വർധിച്ചതോടെ ഈ ആടുകള്‍ വലിയ ഭീഷണി നേരിടുന്നുണ്ട്. ചെന്നായ്ക്കളുടെ വേട്ടയാടല്‍ മൂലം ആടുകളുടെ എണ്ണത്തില്‍ വര്‍ഷം തോറും കുറവുണ്ടാകുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ ആടുകള്‍ മാത്രമല്ല ചെന്നായ്ക്കള്‍ ഇരയാക്കുന്ന മറ്റ് പല ജീവികളുടെയും എണ്ണത്തില്‍ ഈ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

 

English Summary: Wolves to be shot with paintballs in the Netherlands to make them less tame

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com