ADVERTISEMENT

യുഎസിലെ മസാച്യുസിറ്റ്‌സ് സംസ്ഥാനത്തുള്ള ഒരു കാട്ടുപ്രദേശത്തിന്റെ പേര് മോൺസ്റ്റർ ലാൻഡ് എന്നാണ്. ലിയോമിനിസ്റ്റർ എന്ന മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വനഭൂമിയിൽ പതിറ്റാണ്ടുകളായി പര്യവേക്ഷണം നടത്തുകയാണ് റോണി ലി ബ്ലാങ്ക് എന്ന പര്യവേക്ഷകൻ. ഇദ്ദേഹത്തിനെ കുറിച്ചുള്ള വാർത്ത യുഎസിലെ മാധ്യമത്തിൽ വന്നതോടെ ശ്രദ്ധനേടിയിരിക്കുകയാണ്. എന്താണ് ഇദ്ദേഹം വനത്തിൽ തേടുന്നത്. ബിഗ് ഫൂട്ട് അഥവാ സാസ്‌ക്വാച് എന്നു പേരുള്ള ഒരു ഭീകരജീവിയെ. ഹിമാലയത്തിലും മറ്റും ഉണ്ടെന്നു പലരും അവകാശപ്പെടുന്ന യതിയെ പോലുള്ള ഒരു ജീവിസങ്കൽപമാണ് യുഎസിലും കാനഡയിലും ബിഗ്ഫൂട്ട്.

തന്റെ പതിനൊന്നാം വയസ്സിൽ കാട്ടിൽവച്ച് ബിഗ്ഫൂട്ടിന്റെ സാന്നിധ്യം താൻ തിരിച്ചറിഞ്ഞെന്നും ഇതു മൂലമാണ് ബിഗ്ഫൂട്ടിനെക്കുറിച്ചുള്ള പര്യവേഷണത്തിന് താൻ ഇറങ്ങിപ്പുറപ്പെട്ടതെന്നും റോണി പറയുന്നു. പതിനൊന്നാം വയസ്സിൽ കാട്ടുവഴിയിലൂടെ സൈക്കിൾ ചവിട്ടുന്നതിനിടെ കാട്ടിൽ നിന്നും വലിയ അനക്കങ്ങളും കുലുക്കങ്ങളും ഉണ്ടായെന്നും അത് ബിഗ്ഫൂട്ട് ഓടിപ്പോയതിന്റേതാണെന്നും റോണി ഉറച്ചുവിശ്വസിക്കുന്നു.പതിനെട്ടാം നൂറ്റാണ്ടുമുതൽ തന്നെ പലരും ബിഗ്ഫൂട്ടിനെ കണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലമാണ് ലിയോമിനിസ്റ്റർ. പര്യവേഷണത്തിനായി ഈ മേഖല തന്നെ റോണി തിരഞ്ഞെടുക്കാൻ കാരണവും മറ്റൊന്നല്ല. വടക്കേ അമേരിക്കയിൽ പലയിടത്തും ബിഗ്ഫൂട്ടുകളുണ്ടായതായി ആളുകൾക്കിടയിൽ വിശ്വാസമുണ്ട്. യതികളെ പോലെ തന്നെ ഇവയും മറഞ്ഞിരിക്കാൻ മിടുക്കരാണത്രേ. ഉണ്ടെന്നു കരുതപ്പെടുകയും എന്നാൽ ഉറപ്പില്ലാത്തതുമായ ക്രിപ്റ്റിഡ് എന്ന വിഭാഗത്തിലാണ് ബിഗ്ഫൂട്ട് ജീവിസങ്കൽപത്തെ പെടുത്തിയിരിക്കുന്നത്.

വടക്കേ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിലാണ് ഇവയെ കണ്ടെത്തിയെന്നു പറഞ്ഞ് കൂടുതൽ അവകാശവാദങ്ങൾ വരുന്നത്. ബിഗ്ഫൂട്ടിന്റെ മറ്റൊരു പേരായ സാസ്‌ക്വാച്ചിന് തദ്ദേശീയ ഭാഷയിൽ വന്യമനുഷ്യൻ, ശരീരമെമ്പാടും രോമമുള്ള മനുഷ്യൻ തുടങ്ങിയവയാണ് അർഥം. പണ്ടുകാലത്ത് കെട്ടുകഥകളിൽ ഒതുങ്ങിനിന്നിരുന്ന ബിഗ്ഫൂട്ടിനെക്കുറിച്ചുള്ള ശ്രദ്ധ അമേരിക്കൻ പൊതുബോധത്തിൽ ശക്തമായത് 1884ൽ പുറത്തിറങ്ങിയ ഒരു പത്രക്കുറിപ്പിൽ നിന്നാണ്. കാനഡയിലെ വിക്ടോറിയയിൽ നിന്നു പ്രസിദ്ധീകരിച്ചിരുന്ന ഒരു ബ്രിട്ടിഷ് കോളോണിയൽ ചായ്‌വുള്ള ദിനപത്രത്തിലാണ് ഈ റിപ്പോർട്ട് വന്നത്. ഗൊറില്ലപോലെയുള്ള ഒരു വിചിത്രജീവിയെ കാനഡയിൽ നിന്നു പിടികൂടിയെന്നായിരുന്നു അതിലെ ലേഖനം പറഞ്ഞത്. ഇതെത്തുടർന്ന് ധാരാളം പേർ ഈ ജീവികളെ കണ്ടെന്ന അവകാശവാദമുന്നയിച്ച് വന്നു. 19, 20 നൂറ്റാണ്ടുകളിലായി 1340 തവണ ബിഗ്ഫൂട്ടിനെ കണ്ടെത്തിയെന്നുള്ള അവകാശവാദമുയർന്നിരുന്നെന്ന് ചരിത്രകാരൻമാർ പറയുന്നു.

bigfoot-leominster-state-forest-ronny-le-blanc1
Image Credit: Rich Legg/Istock

 

ഇടക്കാലത്ത് ഇതിനെക്കുറിച്ചുള്ള ചർച്ചകളും ചിന്തകളും തണുത്തു. എന്നാൽ 1958ൽ കലിഫോർണിയയിലെ ഹംബോൾട്ട് ടൈംസ് എന്ന ദിനപത്രം, കലിഫോർണിയയിലെ ബ്ലഫ് ക്രീക്കിൽ നിന്ന് വിചിത്രമായ കുറേ വലിയ കാൽപാടുകൾ കണ്ടെത്തിയതായി വാർത്ത നൽകി. ഇത് വലിയ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കി. കണ്ടെത്തിയ കാൽപാടുകൾ ബിഗ്ഫൂട്ടിന്റേതായിരുന്നെന്ന് പല ആളുകളും സംശയം പ്രകടിപ്പിച്ചു.44 വർഷങ്ങളോളം ബ്ലഫ് ക്രീക്കിലെ കാൽപാടുകൾ ഒരു ദുരൂഹതയായി നിലനിന്നു. എന്നാൽ 2002ൽ ഇതിന്റെ സത്യം പുറത്തുവന്നു. റേ വാലസ് എന്നയാൾ നടത്തിയ ഒരു തട്ടിപ്പായിരുന്നത്രേ ആ കാൽപാടുകൾ. വാലസിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ മക്കൾ തന്നെയാണ് ഈ വിവരം ലോകത്തെ അറിയിച്ചത്.

 

കഴിഞ്ഞ അരനൂറ്റാണ്ടിനിടയ്ക്ക് പതിനായിരത്തിലേറെ തവണ ബിഗ്ഫൂട്ടുകളെ കണ്ടതായി പറഞ്ഞ് അമേരിക്കയിൽ അവകാശവാദങ്ങളുണ്ടായിട്ടുണ്ട്. 1967ൽ ബിഗ്ഫൂട്ടിന്‌റേതെന്ന് പറഞ്ഞ് ഒരു വിഡിയോ പുറത്തിറങ്ങി. രണ്ടുകാലിൽ നിൽക്കുന്ന വലിയ ആൾക്കുരങ്ങുപോലുള്ള ഒരു സത്വമാണ് ആ വിഡിയോയിൽ ഉണ്ടായിരുന്നത്. ഇത് തട്ടിപ്പാണെന്നാണ് വിദഗ്ധർ പറയുന്നത്. ബിഗ്ഫൂട്ട് ഭൂമിയിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു എന്ന് അച്ചട്ടായി സ്ഥിരീകരിക്കാനുള്ള യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ തന്നെ ഇതിനെ ഒരു കെട്ടുകഥയായി തള്ളുകയാണ് ശാസ്ത്രജ്ഞർ. എന്നാൽ ആദിമകാലത്ത് ബിഗ്ഫൂട്ട് പോലെയൊരു ഭീകരൻ ആൾക്കുരങ്ങു ഭൂമിയിൽ ജീവിച്ചിരുന്നെന്ന് ശാസ്ത്രജ്ഞർ പറഞ്ഞിട്ടുണ്ട്. ഇന്നത്തെകാലത്തെ ഒറാങ് ഉട്ടാനുകളുമായി സാമ്യമുള്ള ഈ ആൾക്കുരങ്ങിന് 10 അടി പൊക്കവും 270 കിലോ ഭാരവുമുണ്ടായിരുന്നു. മനുഷ്യരെപോലെ രണ്ടുകാലിലായിരുന്നു ഇതിന്റെ നടപ്പ്. ജൈജാന്റോപിത്തേക്കസ് ബ്ലാക്കി എന്നറിയപ്പെട്ടിരുന്ന ഈ ആൾക്കുരങ്ങിനു പിൽക്കാലത്ത് വംശനാശം സംഭവിച്ചു.

 

English Summary: Bigfoot in Leominster State Forest? One man has been on the hunt for decades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com