ബ്ലോക്കായ പൈപ്പിനുള്ളിൽ കണ്ടെത്തിയത് നിഗൂഢ വസ്തു; തിരിച്ചറിയാനാവാതെ ശാസ്ത്രലോകം

Giant Mystery 'Alien' Growth Blocking Toilet Baffles Experts
Image Credit: STEVE RATCLIFFE/REDDIT
SHARE

ബ്ലോക്കായ ശുചിമുറിയിലെ പൈപ്പിന്റെ കേടുപാടുകൾ പരിഹരിക്കാനായി വെയ്ൽസിലെ ഒരു ഫാമിലെത്തിയതായിരുന്നു പ്ലംബറായ സ്റ്റീവ് റാറ്റ്ക്ലിഫ്. എന്നാൽ ബ്ലോക്കായ ശുചിമുറിയുടെ പൈപ്പിനുള്ളിൽ സ്റ്റീവ് കണ്ടെത്തിയത് അന്യഗ്രഹത്തിൽ നിന്നെന്നപോലെയുള്ള ഒരു വിചിത്ര വസ്തുവാണ്. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഈ അസാധാരണ വസ്തു എന്താണെന്ന് കൃത്യമായി കണ്ടെത്താനാവാതെ കുഴങ്ങിയിരിക്കുകയാണ് ശാസ്ത്രലോകം.

ഏതാണ്ട് 10 വർഷം പഴക്കം ചെന്ന ശുചിമുറിയായിരുന്നു ഇത്. തവിട്ടു നിറത്തിൽ കനമുള്ള വസ്തു പൈപ്പിന്റെ അതേ ആകൃതിയിൽ തിങ്ങി വളർന്നിരിക്കുന്നതായി ചിത്രത്തിൽ കാണാം. ചിത്രങ്ങൾ ജനശ്രദ്ധനേടിയതോടെ  ഇത് എന്താണെന്നതിനെക്കുറിച്ചുള്ള ചർച്ചയും സമൂഹമാധ്യമങ്ങളിൽ സജീവമായി. ഇതൊരു കൂൺ ആകാമെന്നാണ് ഭൂരിഭാഗവും പങ്കുവയ്ക്കുന്ന അഭിപ്രായം. പൈപ്പിനുള്ളിലെ ഇരുട്ടും നനവും കൂണിന് വളരാനുള്ള സൗകര്യം ഒരുക്കിയതാവാമെന്നാണ് ഇവരുടെ വാദം.

എന്നാൽ അനേകം സൂക്ഷ്മ ജീവകോശങ്ങൾ ഒരു അധിക പുറം പാളിയോട് കൂടിച്ചേർന്നിരിക്കുന്ന ബയോഫിലിമാകാം ഇതെന്ന അഭിപ്രായവും ചിലർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ കേവലം ഒരു ചിത്രത്തിൽ നിന്നും ഇത് എന്താണെന്നത് കൃത്യമായി മനസ്സിലാക്കാൻ സാധിക്കില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ഈർപ്പമുള്ള സ്ഥലങ്ങൾ കൂണുകൾക്ക് വളരാൻ പറ്റിയ പരിതസ്ഥിതിയാണ്. കാലങ്ങളായി ഉപയോഗിക്കാതിരിക്കുന്ന ഒരു ടോയ്‌ലറ്റ് ഒരു കൂണിന് വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നുണ്ടെന്ന് ക്രാൻഫീൽഡ് സർവകലാശാലയിലെ പ്രൊഫസറായ എയ്ഞ്ചൽ മെഡീന വ്യക്തമാക്കി.

മറ്റു സസ്യങ്ങൾക്കോ ബാക്ടീരിയയ്ക്കോ വളരാനാവാത്ത പ്രതികൂല സാഹചര്യങ്ങളിൽ പോലും കൂണുകൾക്ക് വളരാൻ കഴിയും. അതിനുള്ള ഉത്തമ ഉദാഹരണമായി ഈ ചിത്രം കാണാമെന്നും എയ്ഞ്ചൽ പറയുന്നു. എന്തായാലും ഇത്  ഭൂമിയിലില്ലാത്ത ഒരു വിചിത്ര വസ്തുവായി കണക്കാക്കേണ്ടതില്ലെന്നാണ് ഡൂയിസ്ബർഗ് സർവകലാശാലയിലെ പ്രൊഫസറും ബയോഫിലിമുകളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷകനുമായ ഹാൻസ് ഫ്ലെമിങ്ങിന്റെ അഭിപ്രായം. സമാനമായ സാഹചര്യങ്ങൾ പലയിടത്തും ഉണ്ടാകാമെങ്കിലും വളരെ വിരളമായേ ഇവ റിപ്പോർട്ട് ചെയ്യപ്പെടാറുള്ളൂവെന്ന് അദ്ദേഹം പറയുന്നു.

എന്തായാലും ഇത്തരം ഒരു കൂൺ ശുചിമുറിയിലെ പൈപ്പിനുള്ളിൽ വളരുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന കാര്യമല്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഇവ പൊതുവേ  വിഷമുള്ളയിനമല്ല. ശുചിമുറി സ്ഥാപിച്ച സമയത്ത് ഉപയോഗിച്ച മെഴുകു സീൽ ആവാം ഇതെന്ന് ഒരുകൂട്ടം ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും താൻ നീക്കം ചെയ്ത വസ്തു തീർച്ചയായും മെഴുകല്ലെന്ന് സ്റ്റീവ് ഉറപ്പിച്ചു പറയുന്നു. 

English Summary: Giant Mystery 'Alien' Growth Blocking Toilet Baffles Experts

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS