ADVERTISEMENT

ആനമയക്കി... ഒരു കാലത്ത് മലയാളി മദ്യപരുടെ ജീവൻ നിലനിർത്തിയിരുന്ന തനിനാടൻ ബ്രാൻഡ്. തീപ്പൊരിയെന്നൊക്കെ മദ്യപർ വിശേഷിപ്പിക്കുന്ന സംഗതി. എന്നാൽ സർക്കാർ നിർമിത വിദേശമദ്യങ്ങൾ ഒഴുകിനടക്കാന്‍ തുടങ്ങിയതോടെ ആനമയക്കി പതിയെപ്പതിയെ വിസ്മൃതിയിലേക്ക് പോവുകയായിരുന്നു. സുകൃതക്ഷയമെന്നല്ലാതെ എന്തുപറയാൻ. അപ്പോഴതാ, അങ്ങ് ഒഡീഷയിൽനിന്ന് ഓർമപ്പെടുത്തൽപോലെ ഒരുവാർത്ത പറന്നുവരുന്നു. ഒഡീഷയിലെ ക്യൊഞ്ചാർ ജില്ലയിലെ ശിലിപട കാടിനു സമീപത്തു താമസിക്കുന്ന ഗ്രാമീണരാണ് കഴിഞ്ഞയാഴ്ച ആ കാഴ്ച കണ്ടു ഞെട്ടിയത്. വാറ്റാനായി അവർ കലക്കിവച്ചിരുന്ന മഹുവ എടുത്തുകുടിച്ച് 24 ആനകൾ ബോധം കെട്ട് ഉറങ്ങുന്നു! ഒഡീഷയിലെ നക്സൽബാധിത പ്രദേശങ്ങളിൽപ്പെട്ട കാടിനോടു ചേർന്ന ഗ്രാമങ്ങളിൽ, മഹുവ എന്ന മരത്തിന്റെ ഇലയും പൂവുമിട്ടു വാറ്റിയുണ്ടാക്കുന്ന മഹുവ മദ്യം ഏറെ പ്രസിദ്ധമാണ്. സ്ത്രീകളും കുട്ടികളും വരെ ഈ വാറ്റ് കഴിക്കുന്നവരാണ്. ഗ്രാമച്ചന്തകളിൽ വാങ്ങാനും കിട്ടും. കാട്ടിനുള്ളിൽ മഹുവ മരങ്ങളുണ്ട്. വാറ്റുന്നതിനായി മരത്തിന്റെ ഇലകൾ വലിയ മൺപാത്രങ്ങളിൽ കലക്കി നിറച്ചുവച്ചിരുന്നു. ഇതാണ് ആനകൾ മൂക്കറ്റം വലിച്ചുകയറ്റി അടിച്ചുകോൺതെറ്റി മറിഞ്ഞുകിടന്നുറങ്ങിയത്. രാവിലെ ആറുമണിക്ക് മഹുവ കലക്കാൻ കാട്ടിൽ‌പ്പോയപ്പോഴാണ് ഗ്രാമീണർ തങ്ങളുടെ മൺകലങ്ങളെല്ലാം തകർന്നുകിടക്കുന്നതു കണ്ടത്. തൊട്ടടുത്ത് 24 ആനകളും കിടന്നുറങ്ങുന്നു. ഗ്രാമീണർ ആനകളെ ഉന്തിയും തള്ളിയും കുലുക്കി വിളിച്ചെങ്കിലും അനക്കമില്ല. അവസാനം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അവർ പെരുമ്പറ കൊട്ടി. മണിക്കൂറുകൾ നീണ്ട ഉറക്കത്തിൽനിന്ന് കഷ്ടിച്ച് എഴുന്നേറ്റ ആനക്കൂട്ടം കാട്ടിനകത്തേക്ക് നടന്നുകയറിപ്പോവുകയും ചെയ്തു. നമ്മൾ മലയാളത്തിൽ ആനമയക്കിയെന്നു വിളിക്കുന്ന രണ്ടുമൂന്നു ചെടികളുണ്ട്. അതിലൊന്നാണ് മഹുവ. അവയിൽ ഒന്നാണെന്നേ പറയാൻ കഴിയൂ. കാരണം പശ്ചിമഘട്ടത്തിൽ ആനമയക്കിയെന്ന മറ്റൊരു ചെടികൂടിയുണ്ട്. പ്രാദേശികമായി ആദിവാസികൾ ആനമയക്കിയെന്നുവിളിക്കുന്ന ചെടിയാണിത്. ആന കടന്നുപോവുന്ന വഴിയുടെ വശങ്ങളിൽ ഈ ചെടിയുണ്ടാവു. തുമ്പിക്കൈ അബദ്ധത്തിൽ തൊട്ടുപോയാൽ ആന ചൊറിഞ്ഞുചൊറിഞ്ഞു ഒരു വഴിക്കാവും. ഈ ആനമയക്കിയല്ല ഓഡീഷയിലെ ആനമയക്കി.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com