ADVERTISEMENT

നാവുകളുടെ സ്ഥാനത്ത് സ്വർണനാവുകളുള്ള മമ്മികളെ ഈജിപ്തിലെ ക്വെസ്ന എന്ന പുരാവസ്തുമേഖലയിൽ നിന്നു കണ്ടെത്തി. മധ്യ നൈൽ ഡെൽറ്റയിൽ ഉൾപ്പെട്ട ഈ മേഖല 1989ലാണു കണ്ടെത്തിയിരുന്നത്. ഈജിപ്തിന്റെ ചരിത്രത്തിലെ ടോളമിക്, റോമൻ കാലഘട്ടങ്ങളിൽ (300 ബിസി മുതൽ 640 എഡി വരെയുള്ള കാലം) ജനവാസമേഖലയായിരുന്നു ഈ സ്ഥലം.സ്വർണ നാവുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളെയും കണ്ടെത്തി. സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

∙സ്വർണനാക്ക് മുൻപും

കഴിഞ്ഞ വർഷം ഡിസംബറിൽ ഈജിപ്തിന്റെ തലസ്ഥാനം കെയ്റോയ്ക്ക് 220 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന എൽ ബഹ്‌നാസ എന്ന പുരാവസ്തു മേഖലയിൽ 2500 വർഷം പഴക്കമുള്ള രണ്ടു കല്ലറകൾ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നും ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മിവത്കരിക്കപ്പെട്ട രൂപങ്ങൾ ലഭിച്ചു. ഈ മമ്മികളുടെയും നാവ് സ്വർണം കൊണ്ടു പൊതിഞ്ഞതായിരുന്നു. സ്പാനിഷ് പുരാവസ്തു മിഷനാണ് ഗവേഷണവും പര്യവേക്ഷണവും നടത്തിയത്. ഈജിപ്തിന്റെ പുരാവസ്തു മന്ത്രാലയമാണ് വാർത്ത പുറത്തുവിട്ടത്. 525 ബിസി വരെ ഈജിപ്ത് ഭരിച്ച സൈറ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണു മമ്മികളെന്നും പുരാവസ്തുവിദഗ്ധർ പറയുന്നു. പൂർണമായും അടച്ചു ബന്ധവസ്സാക്കപ്പെട്ട നിലയിലാണ് പുരുഷമമ്മിയുടെ കല്ലറ കാണപ്പെട്ടത്. ഇതു തികച്ചും അപൂർവമാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

കല്ലറയ്ക്കുള്ളിൽ 4 ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ മമ്മിയുടെ കല്ലറ അടുത്തകാലത്ത് എപ്പോഴോ തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല കണ്ടീഷനിലല്ലായിരുന്നെന്നും പര്യവേക്ഷകർ പറയുന്നു. കല്ലറകളിൽ നിന്നായി മൂന്നു സ്വർണനാവുകളും കണ്ടെത്തി. ഒരു സ്വർണനാവ് പുരുഷമമ്മിയിലും ഒരു നാവ് സ്ത്രീ മമ്മിയിലുമാണു കാണപ്പെട്ടത്. ഒരു ചെറിയ നാവുകൂടിയുണ്ടായിരുന്നു. ഇതു മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണു ഗവേഷകർ പറയുന്നത്. ഓക്സിറിഞ്ചസ് എന്നും അറിയപ്പെടുന്ന എൽ ബഹ്‌നാസ മേഖലയിൽ കഴിഞ്ഞ 30 വർഷമായി ഖനന പ്രവർത്തനങ്ങൾ തകൃതിയാണ്. ടോളമി രാജവംശത്തിന്റെ കാലത്തുള്ള പ്രശസ്തമായ കുറേ പാപ്പിറസ് ചുരുളുകൾ കഴിഞ്ഞ വർഷങ്ങളിൽ ഇവിടെനിന്നു കണ്ടെത്തിയത് ലോകശ്രദ്ധ നേടിയിരുന്നു.

∙ എന്തുകൊണ്ട് സ്വർണനാവ്?

മരണാനന്തര ജീവിതത്തിൽ വിശ്വസിച്ചിരുന്ന സമൂഹമാണു പൗരാണിക ഈജിപ്ഷ്യൻ ജനത. മരണത്തിനു ശേഷം ആത്മാവ് അധോലോകത്തിലെത്തുമെന്നായിരുന്നു അവരുടെ വിശ്വാസം. അവിടെയെത്തിയാൽ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിനു സംസാരിക്കാനാണു സ്വർണനാവുകൾ വച്ചിരുന്നതെന്ന് വിദഗ്ധർ സംശയിക്കുന്നു, 2021 ഫെബ്രുവരിയിൽ ഈജിപ്ത്തിലെ പ്രശസ്ത നഗരമായ അലക്സാൻഡ്രിയയ്ക്കു സമീപം തപോസിരിസ് മാഗ്ന എന്ന ക്ഷേത്രത്തിലും സ്വർണനാക്കുള്ള മമ്മിയെ ലഭിച്ചിരുന്നു. എന്നാൽ ഈജിപ്തിൽ കണ്ടെടുത്ത ഭൂരിഭാഗം മമ്മികൾക്കും സ്വർണനാവുകൾ ഇല്ല. 

English Summary: Mummies With Golden Tongues Discovered in Ancient Egyptian Necropolis

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com