വരൾച്ച രൂക്ഷം, വൻ നദി വറ്റിവരണ്ടു; ഉയർന്നു വന്നത് മണലില്‍ മറഞ്ഞു കിടന്ന വിചിത്ര വസ്തു

Rare Fossil of Extinct American Lion Discovered Thanks to The Mississippi Drying Up
Image Credit: Anna Reginelli
SHARE

അമേരിക്ക പ്രവചനാതീതമായ കാലാവസ്ഥയിലൂടെയാണ് ഏതാനും വര്‍ഷങ്ങളായി കടന്നു പോകുന്നത്. രാജ്യം ശൈത്യകാലത്തേക്ക് കാലടെത്തു വയ്ക്കുന്ന സമയത്തും യുഎസിലെ തെക്കന്‍ മേഖലകൾ വരള്‍ച്ച അനുഭവിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നദികളിലൊന്നായി മിസിസിപ്പി നദിയിൽ പലയിടങ്ങളിലും ഒഴുക്ക് ഇപ്പോള്‍ നിലക്കുമെന്ന മട്ടിലാണ്. ഇങ്ങനെ വറ്റി വരണ്ട മിസിസിപ്പി നദിയില്‍ നിന്നാണ് പ്രദേശവാസികളില്‍ ഒരാള്‍ക്ക് അത്യപൂര്‍വമായ ഫോസില്‍ ലഭിച്ചത്.

ഒക്ടോബര്‍ അവസാന വാരത്തിലാണ് ഈ ഫോസില്‍ വരണ്ട നദീതടത്തില്‍ നിന്ന് കണ്ടെത്തിയത്. ഏതാണ്ട് 11000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയില്‍ ധാരാളമായി കണ്ടു വന്നിരുന്ന ഒരു സിംഹത്തിന്റെ ഫോസിലാണിതെന്നാണ് ഗവേഷകര്‍ തിരിച്ചറിഞ്ഞത്. അമേരിക്കന്‍ ലയണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ജീവിയുടേതായി ലഭിക്കുന്ന നാലാമത്തെ ഫോസിലാണിത്. ഈ സിംഹത്തിന്‍റെ താടിയെല്ലിന്‍റെ ഒരു ഭാഗവും തേറ്റപ്പല്ലുമാണ് ഫോസിലില്‍ ഉള്ളത്. ലാര്‍ജ് അമേരിക്കന്‍ ലയണ്‍ എന്ന നാമത്തില്‍ കൂടി അറിയപ്പെടുന്ന ഈ ജീവിയുടെ ശാസ്ത്രീയ നാമം പാന്തേര അട്രോക്സ് എന്നാണ്. 

വിലി പ്രവിറ്റ് എന്ന പ്രദേശവാസി നദീതടത്തില്‍ നടക്കുന്നതിനിടെടെയാണ് ഈ ഫോസില്‍ കണ്ടെത്തിയത്. മണലില്‍ പതിഞ്ഞു കിടക്കുന്ന വലുപ്പമുള്ള കറുത്ത വസ്തു ശ്രദ്ധേയമായി തോന്നിയതോടെ വിലി അത് കൈയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ഇത് ഏതോ ജീവിയുടെ വലുപ്പമുള്ള പല്ലും, വായ് ഭാഗത്തെ എല്ലുമാണെന്ന് വിലിക്ക് മനസ്സിലായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം മിസിസിപ്പിയിലെ ഫോസില്‍ ആന്‍ഡ് ആര്‍ട്ടിഫാക്ട് സിംബോസിയത്തിലേക്ക് വില്ലി ഈ ഫോസിലെത്തിച്ചു.

ലാര്‍ജ് അമേരിക്കന്‍ ലയണ്‍

തുടര്‍ന്ന് ഫോസില്‍ വിദഗ്ധരാണ് പരിശോധനയ്ക്ക് ശേഷം ഈ ഫോസില്‍ വംശനാശം സംഭവിച്ച ലാര്‍ജ് അമേരിക്കന്‍ ലയണ്‍ എന്ന ജീവിവര്‍ഗത്തിന്‍റേതാണെന്ന് തിരിച്ചറിഞ്ഞത്. ഫോസില്‍ ലഭിച്ചപ്പോള്‍ തന്നെ ഇത് ഇപ്പോഴും അമേരിക്കന്‍ കാടുകളില്‍ ഉള്ള മൗണ്ടൻ ലയണിന്റേതാകാമെന്നാണ് വിചാരിച്ചതെന്ന് വിലി പറഞ്ഞു. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വംശനാശം സംഭവിച്ച ജീവിയുടേതാണ് ഫോസിൽ എന്നത് അദ്ഭുതപ്പെടുത്തുന്ന അറിവായിരുന്നു.

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ജീവിച്ചിരുന്ന ബിഗ് ക്യാറ്റ് വിഭാഗത്തിലെ ഏറ്റവും വലിയ ജീവികളായിരുന്നു ലാര്‍ജ് അമേരിക്കന്‍ ലയണ്‍. ഏതാണ്ട് 8 അടിയോളം നീളവും, നാല് അടിയോളം ഉയരവും ഇവയ്ക്കുണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. ഏകദേശം 500 കിലോയോളം ഭാരവും ഇവയ്ക്കുണ്ടായിരുന്നു എന്ന് ദേശീയ പാര്‍ക്ക് അധികൃതര്‍ പറയുന്നു. ഏതാണ്ട് 11000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവയുടെ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നത്.

വരളുന്ന മിസിസിപ്പി

നദിയിലെ വെള്ളത്തിന്‍റെ അളവ് കുറഞ്ഞതോടെ അടിത്തട്ടില്‍ മറഞ്ഞു കിടന്ന് പുറത്തേക്ക് വരുന്ന ആദ്യത്തെ വസ്തുവല്ല ഈ ഫോസില്‍. ഏതാണ്ട് ഒരു മാസം മുന്‍പ് ഒരു നൂറ്റാണ്ട് മുന്‍പ് കാണാതായ ചെറു കപ്പലാണ് മിസിസിയില്‍ നിന്ന് ലഭിച്ചത്. 19 ആം നൂറ്റാണ്ടിന്‍റെ അവസാനത്തിലോ, ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലോ ആണ് ഈ കപ്പല്‍ മുങ്ങിയതെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. 1990 കളില്‍ ഈ കപ്പലിന്‍റെ മുകള്‍ഭാഗം മാത്രം പുറത്ത് കണ്ടിരുന്നു എങ്കിലും കപ്പല്‍ പൂര്‍ണമായും ദൃശ്യമാകുന്ന വിധത്തില്‍ വരള്‍ച്ച രൂക്ഷമാകുന്നത് ഇതാദ്യമായാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മഴലഭ്യതയിലെ കുറവും ആഗോളതാപനം മൂലം ജലത്തിന്‍റെ ബാഷ്പീകരണ തോത് വലിയ തോതില്‍ വർധിച്ചതുമാണ് മിസിസിപ്പി മേഖലയിലെ വരള്‍ച്ച ഇത്രയധികം രൂക്ഷമാക്കിയതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

English Summary: Rare Fossil of Extinct American Lion Discovered Thanks to The Mississippi Drying Up

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS