കള്ളക്കടത്തു പെട്ടിയിൽ ഉടുമ്പ്, കീരി, കംഗാരു...; കോടികൾ മറിയുന്ന എക്സോട്ടിക് കച്ചവടം
Mail This Article
മലമ്പാമ്പ് മുതൽ ഗിനിപ്പന്നി വരെ. വെള്ളെലികൾ മുതൽ ഉടുമ്പും ഇഗ്വാനയും വരെ. കാട്ടിലും പറമ്പിലും മാത്രം കാണുന്നതെന്നു നാം കരുതുന്ന ഈ മൃഗങ്ങൾ നമ്മുടെ വീട്ടിലേക്കു കയറി വന്ന് അവിടെപ്പാർത്ത് വീട്ടുകാരന് ‘സ്റ്റൈൽ സ്റ്റേറ്റ്മെന്റ് ’ ഉണ്ടാക്കിക്കൊടുക്കുന്ന കാര്യം ഒന്നു ആലോചിച്ചു നോക്കിയേ. അരുമ മൃഗങ്ങള്‍ അഥവാ ‘പെറ്റ്സ്’ എന്നാൽ നായയോ പൂച്ചയോ ലൗബേഡ്‌സോ ചില്ലുകൂട്ടിലെ മീനുകളോ മാത്രമായിരുന്ന കാലം പഴഞ്ചനായി. ആരുമിതുവരെ തൊട്ടിട്ടില്ലാത്ത, പലപ്പോഴും കേട്ടിട്ടുപോലുമില്ലാത്ത അപൂർവജനുസ്സിലെ മൃഗങ്ങളെയും ഉരഗ, പക്ഷി ജീവജാലങ്ങളെയും വീട്ടിൽ വളർത്തുന്നതാണിപ്പോൾ ഹരം. ഈ ജീവികൾക്കൊരു വിശേഷണവുമുണ്ട്– എക്സോട്ടിക് പെറ്റ്സ്. ഇന്ത്യയിൽ എക്സോട്ടിക് പെറ്റുകളുടെ പരിപാലനം ഹോബിയും കടന്ന് ബിസിനസിലേക്കും കമ്മിഷനിങ്ങിലേക്കും കള്ളക്കടത്തിലേക്കും വരെ എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, രാജ്യത്തെ വന്യജീവി പരിപാലന നിയമങ്ങൾ പൊളിച്ചെഴുതേണ്ട സ്ഥിതിയും. 1200 ഇഗ്വാനകളെയും 300 ആഫ്രിക്കൻ ആമകളെയും ചെറിയ സ്യൂട്ട് കേസുകളിലാക്കി കടത്തുന്നതിനിടെ പുണെയിൽ ട്രെയിനിൽ വച്ച് ആർപിഎഫുകാർ പിടിച്ചത് അടുത്തിടെയാണ്. നോർത്ത് ബംഗാളിലെ സിലിഗുരിയിലെ ഗ്രാമപ്രദേശത്തു നിന്ന് കംഗാരുക്കളെ കണ്ടെടുത്തതും മുംബൈ നഗരത്തിലേക്ക് വൻ തോതിൽ കടത്തപ്പെട്ട ഒറാങ് ഉട്ടാനുകളെ കാണാതെ പോയി പൊല്ലാപ്പായതും വാർത്തകളിൽ നിറഞ്ഞു. ഇതൊക്കെ ആർക്കു വിൽക്കാൻ വേണ്ടിയാണു കടത്തിക്കൊണ്ടു പോകുന്നത്? എന്താണ് ഇന്ത്യക്കാരുടെ വിദേശിവളർത്തുമൃഗങ്ങളെ കുറിച്ചുള്ള സങ്കൽപം മാറാൻ കാരണം? ഇതിനു പിന്നിലെ സാമ്പത്തിക വശവും വളർത്തുന്നതിന്റെ പ്രത്യാഘാതവും എന്താകാം? നിയമം മൂലം ഇതൊന്നും തടയാനാകില്ലേ?