ADVERTISEMENT

മഞ്ഞുമൂടിയ മലനിരകളിൽ സ്കീയിങ് നടത്തുന്നത് ഏറെ ആവേശകരമായ കാര്യമാണെങ്കിലും കാത്തിരിക്കുന്ന അപകടങ്ങൾ ചില്ലറയല്ല. മഞ്ഞുമൂടി തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ഗർത്തങ്ങളും വന്യജീവികളുമൊക്കെ അപകടങ്ങൾക്ക് കാരണമായെന്ന് വരാം. എന്നാൽ ഇതിനേക്കാളെല്ലാം ഭയാനകമാണ് ഹിമപാതം. അതിവേഗത്തിൽ മലഞ്ചെരുവിലേക്ക് പ്രവഹിക്കുന്ന മഞ്ഞുകട്ടകൾക്കടയിൽപെട്ടാൽ ജീവഹാനി സംഭവിക്കാൻ സാധ്യത യേറെയാണ്. അത്തരത്തിൽ വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് പടിഞ്ഞാറൻ ഓസ്ട്രിയയിലെ സ്യൂയേഴ്സിൽ സ്കീയിങ്ങ് നടത്തുകയായിരുന്ന ഒരു കൂട്ടം സഞ്ചാരികൾ.

 

ക്രിസ്മസ് ആഘോഷിക്കാൻ ഓസ്ട്രിയയിലെ റിസോർട്ടിലെത്തിയ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. ഹിമപാതത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മഞ്ഞുമൂടി കിടക്കുന്ന മലഞ്ചെരുവിലൂടെ സ്കീ ബോർഡിൽ വേഗത്തിൽ തെന്നി നീങ്ങുകയായിരുന്നു സഞ്ചാരികൾ. എന്നാൽ പൊടുന്നനെ ഇവർക്ക് തൊട്ടുപിന്നിലായി ശക്തമായ ഹിമപാതമുണ്ടാവുകയായിരുന്നു. അല്പം അകലെയായി നിന്നിരുന്ന മറ്റു ചില സഞ്ചാരികളാണ് അപകടത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

 

കനത്ത പുകപടലങ്ങൾ പോലെ ഒഴുകിയെത്തിയ മഞ്ഞ് സഞ്ചാരികളെ മൂടുന്നത് വിഡിയോയിൽ കാണാം. ഏകദേശം പത്തിനടുത്ത് സഞ്ചാരികൾ മഞ്ഞിൽ പുതഞ്ഞു പോയിട്ടുണ്ടാവാമെന്നാണ് സംഭവ സ്ഥലത്ത് എത്തിയ ആദ്യ സംഘം നൽകിയ വിവരം. സ്കീയിങ്ങിനായി ഒരുക്കിയിരിക്കുന്ന പാതയുടെ അഞ്ഞൂറു മീറ്ററോളം ദൂരം ഹിമപ്രവാഹം ഉണ്ടായതായി പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ അപകടത്തിൽപ്പെട്ട സഞ്ചാരികൾക്കാർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി

 

സഞ്ചാരികളിൽ ഒരാൾ മാത്രമാണ് മഞ്ഞിൽ ഏതാണ്ട് പുതഞ്ഞനിലയിൽ അവശേഷിച്ചത്. സാരമായ പരുക്കുകളേറ്റ അദ്ദേഹത്തെയും മറ്റു സഞ്ചാരികളെയും സുരക്ഷാസംഘം ഹെലികോപ്റ്ററുകളുടെ സഹായത്തോടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ സുരക്ഷാസംഘം എത്തുന്നതിന് മുൻപ് തന്നെ ഏതാനും സഞ്ചാരികൾ താഴ്‌വാരത്തിലേക്ക് സ്കീയിങ്ങ് നടത്തി മടങ്ങിയെത്തുകയും ചെയ്തു. ഏറെനേരത്തെ പ്രയത്നത്തിനുശേഷം സ്കീയിങ്ങ് നടത്തിയിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ആരെയും കാണാതായിട്ടില്ല എന്ന് സംഘം ഉറപ്പുവരുത്തിയിട്ടുണ്ട്.

 

എങ്കിലും 200 പേർ അടങ്ങുന്ന രക്ഷാദൗത്യസംഘം പ്രദേശത്ത് രണ്ട് ദിവസങ്ങളിലായി തിരച്ചിൽ നടത്തിയിരുന്നു. ഏതാനു ദിവസങ്ങളായി തുടർന്നിരുന്ന മഞ്ഞുവീഴ്ചയ്ക്കുശേഷം ക്രിസ്മസ് ദിനത്തിൽ താപനില ഉയർന്നതോടെയാണ് ഹിമപാതമുണ്ടായത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് പ്രദേശത്തെ ടൂറിസം വിഭാഗത്തിന്റെ മേധാവിയായ ഹെർമൻ ഫെർച്ചർ പറയുന്നു. ഓസ്ട്രിയയിൽ പ്രതിവർഷം ഇരുപതിനടുത്ത് ആളുകൾ ഹിമപാതത്തിൽ മരണപ്പെടുന്നതായാണ് കണക്കുകൾ.

 

English Summary: Moment a huge avalanche hit recreational skiers on a piste at Austrian resort before they all miraculously escaped alive

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com