ADVERTISEMENT

ദിനംപ്രതി ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിൽ വന്നടിയുന്നുണ്ടെന്നും അവ സമുദ്ര ജീവികളുടെയും പ്രകൃതിയുടെയും നിലനിൽപിന് വലിയ ഭീഷണിയാണെന്നു തിരിച്ചറിഞ്ഞ ശേഷവും പ്ലാസ്റ്റിക് ഉപഭോഗത്തിനോ അത് വലിച്ചെറിയുന്നതിനോ കാര്യമായ കുറവുകൾ  ഉണ്ടായിട്ടില്ല. എന്നാൽ മനുഷ്യന്റെ ഈ ചെയ്തികൾ മൂലം വലയേണ്ടി വരുന്നത് ലക്ഷക്കണക്കിന് സമുദ്ര ജീവികളാണ്. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിൽ കടൽത്തീരത്ത് ചത്തടിഞ്ഞ ഓർക്ക തിമിംഗലം. പൂർണവളർച്ചയെത്താത്ത ഈ തിമിംഗലത്തിന് ജീവൻ നഷ്ടപ്പെട്ടത് സമുദ്ര മലിനീകരണത്തെ തുടർന്നാണെന്നാണ് നിഗമനം. 16 അടി നീളമുള്ള ഈ പെൺ തിമിംഗലത്തിന്റെ വയറിനുള്ളിൽ പ്ലാസ്റ്റിക് നിറഞ്ഞ നിലയിലാണ് തീരത്തടിഞ്ഞത്.

 

ജഡം കണ്ടെത്തുന്നതിന് തലേദിവസം ഒരു  മീൻപിടുത്ത ബോട്ടിനരികിൽ ഇതേ തിമിംഗലം എത്തിയിരുന്നു. അസാധാരണമാംവിധം ബോട്ട് യാത്രക്കാർക്ക് അരികിലെത്തിയ തിമിംഗലത്തെ അതിലുണ്ടായിരുന്ന ഡൈവർമാർ  ലാളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  തിമിംഗലങ്ങൾ മനുഷ്യരോട് ഇത്ര അടുപ്പത്തോടെ പെരുമാറുന്നത് വിചിത്രമായതിനാൽ ദൃശ്യങ്ങൾ ഏറെ ശ്രദ്ധേടുകയും ചെയ്തു. എന്നാൽ ഇതിന് തൊട്ടടുത്ത ദിവസം തിമിംഗലത്തിന്റെ ജഡം കരയ്ക്കടിത്തതോടെ മരണവെപ്രാളത്തിൽ സഹായം തേടിയാവാം അത് ബോട്ടിനരികിലെത്തിയതെന്ന നിഗമനത്തിലാണ് വിദഗ്ധർ.

 

തീരത്തടിഞ്ഞ ജഡത്തിന്റെ ഭൂരിഭാഗവും സ്രാവുകൾ ഭക്ഷിച്ച നിലയിലായിരുന്നു. കടൽ ജീവികളുടെ ശരീരത്തിൽ ഒട്ടിപ്പിടിച്ച് ജീവിക്കുന്ന ബർണക്കിൾ എന്ന ജീവിയെ തിമിംഗലത്തിന്റെ ശരീരത്തിൽ കണ്ടെത്തി. തിമിംഗലത്തിന് ഏറെക്കാലമായി ശരിയായ വിധത്തിൽ നീന്താനായിരുന്നില്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ജഡത്തിൽ നടത്തിയ പരിശോധനയിൽ അതിന്റെ വയറിനുള്ളിൽ നിന്നും പ്ലാസ്റ്റിക് ബാഗുകൾക്കും മറ്റ് അവശിഷ്ടങ്ങൾക്കുമൊപ്പം രണ്ടര അടി നീളമുള്ള കട്ടിയേറിയ പ്ലാസ്റ്റിക് ഷീറ്റും കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളല്ലാതെ മറ്റൊരു വസ്തുവും തിമിംഗലത്തിന്റെ വയറിനുള്ളിൽ ഉണ്ടായിരുന്നില്ലെന്ന് ഓർക്ക ഇൻസ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതികാര്യ മാനേജരായ ജാവോ മാർസലോ പറയുന്നു.

 

പ്ലാസ്റ്റിക് ഉള്ളിൽ ചെന്നത് മൂലമുണ്ടായ ഗുരുതര ആരോഗ്യപ്രശ്നത്തെ തുടർന്ന് ദിവസങ്ങളോ ആഴ്ചകളോ ആയി തിമിംഗലത്തിന് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ല. സമുദ്ര ജീവികളുടെ നിലനിൽപിനു തന്നെ ഭീഷണിയാകുന്ന ഇത്തരം സാഹചര്യങ്ങൾ ഗൗരവതരമായി കണ്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകരുതെന്ന നിർദേശമാണ് സമുദ്രജീവി ഗവേഷകർ മുന്നോട്ട് വയ്ക്കുന്നത്. സമുദ്രത്തിൽ വന്നടിയുന്ന വലിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ ഭക്ഷണമാണെന്ന് കരുതി തിമിംഗലങ്ങൾ അപ്പാടെ വിഴുങ്ങുകയാണ് ചെയ്യുന്നത്. ഇതുമൂലം ദഹനപ്രക്രിയ ശരിയായി നടക്കാതെ വരികയും തിമിംഗലങ്ങളുടെ ജീവൻതന്നെ നഷ്ടപ്പെടുകയും ചെയ്യുന്നു.

 

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കപ്പെടുന്നതിനു പുറമേ സമുദ്ര ജീവികളുടെ കഴുത്തിലും ശരീരഭാഗങ്ങളിലും പ്ലാസ്റ്റിക് ചുറ്റുന്നതിനെത്തുടർന്ന് ശ്വസിക്കാനാവാതെ അവയുടെ ജീവൻ നഷ്ടപ്പെടുന്ന സംഭവങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയ മേഖലയിൽ ധാരാളം സമുദ്ര ജീവികളെ പ്ലാസ്റ്റിക് ഭക്ഷിച്ച നിലയിൽ കണ്ടെത്തിയതിനാൽ സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും സമുദ്രജീവി ഗവേഷകർ പറയുന്നു.

 

English Summary: Thin Orca Covered in Shark Bites Found Dead With Stomach Full of Plastic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com