ADVERTISEMENT

സൈബീരിയയിലെ പെർമാഫ്രോസ്റ്റ് മേഖലകൾ ചരിത്രാതീത കാലം മുതലുള്ള വിവിധ ജീവികളുടെ ഫോസിലുകളുടെ കലവറയാണ്. മാമത്തുകളും, രാക്ഷസ ചെന്നായ്ക്കളും മുതൽ ഭീമൻ ദിനോസറുകളുടെ അധികം കേടുപാടുകൾ സംഭവിക്കാത്ത ശരീരങ്ങൾ ഈ മേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അത് പോലെ തന്നെ ഈ മേഖലയിൽ നിന്ന്  ഏറ്റവുമധികം ഫോസിലുകൾ ലഭിച്ചിട്ടുള്ള ജീവികളുടേതിൽ ഒന്ന് ഗുഹാസിംഹങ്ങളുടേതാണ്. ഇക്കൂട്ടത്തിൽ ഏറ്റവും ഒടുവിൽ ലഭിച്ച ഫോസിൽ ഗവേഷകരെ തന്നെ അമ്പരപ്പിക്കും വിധം സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്.

സ്പാർട്ട എന്ന സിംഹക്കുട്ടി

സ്പാർട്ട എന്ന പേരിൽ വിളിക്കുന്ന ഈ സിംഹക്കുട്ടിയുടെ മീശരോമങ്ങൾ പോലും കേട് കൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്നതാണ് ഗവേഷകരെ അതിശയിപ്പിക്കുന്നത്. സ്വീഡനിൽ നിന്നുള്ള ഗവേഷകരാണ് സൈബീരിയയിലെ പര്യവേക്ഷണത്തിനിടെ ഈ സിംഹക്കുട്ടിയുടെ ഫോസിൽ കണ്ടെത്തിയത്. ഇത് വരെ ഹിമയുഗ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മൃഗങ്ങളുടെ ഫോസിലുകളിൽ വച്ച് ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണ് ഈ സിംഹക്കുട്ടിയുടെ ഫോസിൽ. ഏതാണ്ട് 28,000 വർഷത്തെ പഴക്കം ഈ ഫോസിലിനുണ്ട് എന്നാണ് ഗവേഷകർ കണക്കാക്കുന്നത്. 

 

ഈ പെൺസിംഹക്കുട്ടിയുടെ ആന്തരികാവയവങ്ങളും തൊലിയും ശരീരരോമങ്ങളും പല്ലും കണ്ണുൾപ്പെടയുള്ള മൃദുവായ ഭാഗങ്ങളുമെല്ലാം കേടുപാടുകൾ കൂടാതെ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. ഒന്നു കൂടി കാൽപനികമായി പറഞ്ഞാൽ ദൂരെ നിന്ന് നോക്കിയാൽ ഉറങ്ങിക്കിടക്കുന്ന ഒരു സംഹക്കുട്ടിയാണെന്നു തോന്നും. പാന്തേറെ സ്പെലിയ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഗുഹാസിംഹങ്ങൾക്ക് ഹിമയുഗത്തിന്റെ അവസാനത്തോടെയാണ് വംശനാശം സംഭവിച്ചതെന്നാണ് കരുതുന്നത്. നിരവധി ഗുഹാസിംഹങ്ങളുടെ ഫോസിലുകൾ ഈ മേഖലയിൽ നിന്ന് മുൻപും ഗവേഷകർക്ക് ലഭിച്ചിട്ടുണ്ട്.

കൊമ്പ് വേട്ടക്കാരുടെ ഫോസിൽ വേട്ട

നിലവിൽ ആനവേട്ടയ്ക്കും ആനക്കൊമ്പ് കടത്തിനുമെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഇത്തരം കള്ളക്കടത്തുകാർ സൈബീരിയയിലെ ഫോസിലുകളിലാണ് കണ്ണു വച്ചിരിക്കുന്നത്. ഇത്തരം ഒരു സംഘത്തിനായി സൈബീരിയയിൽ മാമത്തുകളുടെ കൊമ്പ് അന്വേഷിച്ചിറങ്ങിയ ഒരാളാണ് ഈ സിംഹക്കുട്ടിയുടെ ഫോസിൽ ആദ്യമായി കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാനം മൂലം താപനില വർധിച്ചതോടെ സൈബീരിയയിലെ പെർമാ ഫ്രോസ്റ്റ് മേഖലകൾ ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഈ മേഖലയിലെ മഞ്ഞുരുകുന്നതിനൊപ്പമാണ് മറഞ്ഞ് കിടക്കുന്ന പല ജീവികളുടെയും ഫോസിലുകൾ പുറത്തേക്കു വരുന്നത്. അല്ലെങ്കിൽ അവയുടെ ഖനനം എളുപ്പമാക്കുന്നത്.കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഭീമൻ ചെന്നായ്ക്കൾ, കരടികൾ, കുതിരകൾ, റെയിൻഡിയറുകൾ, കാട്ടുപോത്തുകൾ തുടങ്ങി സൈബീരിയൻ മേഖലയിൽ ഹിമയുഗ കാലത്ത് ജീവിച്ചിരുന്ന ഇന്ന് വംശനാശം സംഭവിച്ച പല ജീവിവർഗങ്ങളുടേയും ഫോസിലുകൾ ഇവിടെ നിന്ന് ലഭിച്ചിരുന്നു. നാൽപ്പതിനായിരം വർഷം പഴക്കമുള്ള ഫോസിലുകൾ വരെ ഈ മേഖലയിൽ നിന്ന് ഗവേഷകർക്ക് സമീപകാലത്തായി ലഭിച്ചിട്ടുണ്ട്.

രണ്ട് മാസം പ്രായമുള്ളള ബോറിസ്

സൈബീരിയയിലെ യാഖൂതിയ മേഖലയിൽ നിന്നാണ് ഗവേഷകർക്ക് സ്പാർട്ടയുടെ ഫോസിൽ ലഭിച്ചത്. സെമ്യൂലെയിഖ് എന്ന നദിക്കരയിലായാണ് സ്പാർട്ടയുടെ ഫോസിൽ ഉണ്ടായിരുന്നത്. ഫോസിൽ കണ്ടെത്തിയ ബോറിസ് ബെറൻഷേവിന് ഇതേ മേഖലയിൽ തന്നെ 15 മീറ്റർ മാറി മറ്റൊരു സിംഹക്കുട്ടിയുടെ കൂടി ഫോസിൽ ലഭിച്ചിരുന്നു. ബോറിസ് എന്നാണ് ഈ സിംഹക്കുട്ടിക്ക് ഗവേഷകർ നൽകിയിരിയ്ക്കുന്ന പേര്. ഈ സിംഹക്കുട്ടിയുടെ ഫോസിലിന് പക്ഷേ നേരിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് ഈ സംഹക്കുട്ടിയെ കണ്ടെത്തിയ ഗുഹയുടെ ഭാഗങ്ങൾ തകർന്ന് വീണതിനെ തുടർന്ന് ഉണ്ടായതാകാമെന്ന് ഗവേഷകർ പറയുന്നു. സ്വീഡനിൽ നിന്നുള്ള ഗവേഷകർ സ്പാർട്ടയുടേയും ബോറിസിൻറെയും മൃതദേഹങ്ങൾ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ബോറിസും സ്പാർട്ടയുടെ ഒന്ന് മുതൽ രണ്ട് മാസം വരെ പ്രായമുള്ളപ്പോഴാണ് മരണംപ്പെട്ടതെന്നാണ് കരുതുന്നത്. ബോറിസിന്റെ ഫോസിലിന് ഏതാണ്ട് 15000 വർഷത്തെ കാലപ്പഴക്കാണ് ഇവർ കണക്കാക്കുന്നത്. 

English Summary: This Frozen Cave Lion Is So Well Preserved You Can Still See Its Whiskers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com