ADVERTISEMENT

വികസനസൂചികകളില്‍ പലതിലും ഇന്ത്യയില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യപരിപാലനം, വിദ്യാഭ്യാസ നിലവാരം, ജീവിത നിലവാരം, എന്നിവയിലൊക്കെ ഈ നേട്ടം പ്രതിഫലിച്ചുകാണുന്നു. വിസ്തൃതി കൊണ്ട് ചെറുതെങ്കില്‍ത്തന്നെയും വികസന അസമത്വവും ജനസംഖ്യയും ജനവിന്യാസവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ മറികടന്നു കൊണ്ടാണ് സംസ്ഥാനം ഈ നേട്ടങ്ങള്‍ സഫലീകരിച്ചത്. ദേശീയ- രാജ്യാന്തര സംവാദങ്ങളില്‍ പ്രശംസ നേടുന്ന ഈ വികസന മാതൃകയുടെ ധനതത്വശാസ്ത്രപരമായ നിലനില്‍പല്ല ഇവിടെ വിശകലനം ചെയ്യുന്നത്. വർധിച്ചുവരുന്ന ബഹുമുഖ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍, കേരളത്തിന്‍റെ മാനവവികസന സൂചികകള്‍ എത്രകണ്ടു സുദൃഢമാണെന്നതിന്‍റെ ഒരു ചുരുങ്ങിയ അവലോകനമാണ് ഈ കുറിപ്പ്. 

 

പ്രതിസന്ധികള്‍ പലതരമുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും ഒരുപോലെ ഭീഷണിയാകുന്ന പ്രതിസന്ധികളാണ് ഇവിടെ വിഷയം. ഇവ മനുഷ്യജന്യമല്ലെന്നു പറയാനാവില്ലെങ്കിലും പൊതുവേ അറിയപ്പെടുന്നത് പ്രകൃതി ദുരന്തങ്ങളായിട്ടാണ്. ഇവയില്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും കൂടുതല്‍ ജനങ്ങളെ ബാധിക്കുകയും ഇടവേളകള്‍ കുറഞ്ഞ് കൂടുതല്‍ തവണ ഉണ്ടാകുകയും, ചെയ്യുന്നു എന്ന് വാര്‍ത്താ മാധ്യമങ്ങളും പഠനങ്ങളും പറയുന്നുണ്ട്. ഇവ നിലവിലുള്ള വികസന അസമത്വത്തോടു ചേര്‍ന്നുകൊണ്ട് മാനവ വികസന സൂചികകളെ ദുര്‍ബലമാക്കാനുള്ള സാധ്യത വലുതാണ്. ഇത്തരം ദുരന്തങ്ങള്‍ പരമാവധി കുറയ്ക്കാനും വികസന സൂചികകള്‍ ദുര്‍ബലമാകാതിരിക്കാനുമുള്ള നയങ്ങളും സംവിധാനങ്ങളും കേരളം ഉറപ്പുവരുത്തിയിട്ടുണ്ടോ എന്നു നോക്കാം. 

 

flooded-Kumarakom
ചിത്രം∙മനോരമ

പ്രകൃതിക്ഷോഭങ്ങള്‍ എങ്ങനെ ദുരന്തങ്ങളാവുന്നു?

സഹ്യപര്‍വതത്തിനും അറബിക്കടലിനുമിടയിലുള്ള ഈ ഭൂപ്രദേശത്തിന്‍റെ സവിശേഷതകള്‍ ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടു മുമ്പെഴുതപ്പെട്ട സംഘസാഹിത്യം മുതല്‍ ബ്രിട്ടിഷ് ഭരണകര്‍ത്താക്കളുടെ റിപ്പോര്‍ട്ടുകളിലും യാത്രാവിവരണങ്ങളിലും വരെ പ്രതിപാദിച്ചിട്ടുണ്ട്. ഈയിടങ്ങളിലെ നദികളും മഴയും വെള്ളപ്പൊക്കവും ഇതിൽപെടുന്നു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വളരെ വിരളമായേ ഈ സാഹിത്യങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളൂ. 1924 ലെ വെള്ളപ്പൊക്കവും കെടുതിയും ഈ അടുത്തു മറഞ്ഞുപോയ രണ്ടു തലമുറകള്‍  പലപ്പോഴും അയവിറക്കിയിരുന്ന ഓര്‍മയാണ്. ഈ അനുഭവ കഥകള്‍ അടുത്ത രണ്ടു തലമുറകള്‍ കേട്ടുകൊണ്ടിരിക്കവേയാണ് കേരളത്തിലെ നദികളില്‍ 75 ലധികം അണക്കെട്ടുകള്‍ നിലവില്‍ വന്നത്. അങ്ങിനെ പുഴകളും പുഴയോര പ്രദേശങ്ങളും വനങ്ങളും വനയോര മേഖലയും സാരമായിത്തന്നെ മാറിക്കൊണ്ടിരുന്നു. അതിനൊപ്പം ജനസംഖ്യ അഭൂതപൂര്‍വമായി വര്‍ധിച്ച പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാന കാലങ്ങളില്‍, മലയോരങ്ങളില്‍ വ്യാപകമായി നിലവില്‍ വന്ന ഒറ്റവിള തോട്ടമേഖലയിലാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കൂടുതലായി കാണപ്പെടാന്‍ തുടങ്ങിയതെന്ന് പഠനങ്ങള്‍ പറയുന്നു.       

 

Flood-Kizhakkethala
കനത്ത മഴയിൽ മുങ്ങിയ മലപ്പുറം കിഴക്കെത്തലയിലെ പാടങ്ങൾ ഫയൽ ചിത്രം∙മനോരമ

2018 ല്‍ മാത്രമുണ്ടായ കെടുതികള്‍ 50 ലക്ഷം ജീവിതങ്ങളെ ബാധിച്ചു. നാനൂറിലധികം ജീവനുകള്‍ പൊലിയുകയും ആഭ്യന്തര സാമ്പത്തിക വളര്‍ച്ചയുടെ 2.6% വരുന്ന നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. അടുത്ത രണ്ടു വര്‍ഷങ്ങളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ തുടരെയുണ്ടായ മണ്ണിടിച്ചിലിലും മറ്റും 180ലധികം ജീവനുകള്‍ നഷ്ടമായി. തുടര്‍ച്ചയായി വരുന്ന ദുരന്തങ്ങള്‍ പഠിക്കാനും പരിഹാരങ്ങളും മറ്റും നിര്‍ദേശിക്കാനുമായി രൂപീകരിക്കപ്പെട്ട  കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രകൃതിക്ഷോഭങ്ങളെ മനുഷ്യ ദുരന്തമാക്കി മാറ്റുന്ന ഘടകങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. മനുഷ്യജന്യമായ ഇത്തരം ഘടകങ്ങള്‍ കാടുകളെ ശോഷിപ്പിച്ചും അണക്കെട്ടുകളിലേക്ക് കുന്നിന്‍ ചെരിവുകളില്‍നിന്നു മണ്ണൊലിപ്പ് കൂട്ടിയും ചെരിവുകളില്‍ നിലനില്‍ക്കുന്ന തോട്ടങ്ങളിലെ മണ്ണിനടിയില്‍ ദീര്‍ഘമായ കുഴലുകള്‍ സൃഷ്ടിച്ചും കെടുതികള്‍ക്ക് ആക്കം കൂട്ടിയെന്നു വ്യക്തമാക്കുന്നതാണ് ഈ റിപ്പോര്‍ട്ട്. ഇപ്പോള്‍ ആലപ്പുഴയൊഴിച്ചുള്ള 14 ജില്ലകളും ഉരുള്‍പൊട്ടലിനു സാധ്യതയുള്ളവയും അവയില്‍ 4 ജില്ലകള്‍ വളരെയധികം അപകട സാധ്യതയുള്ളവയുമാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു.

 

സ്ഥിതിവിവരക്കണക്കുകളോടുള്ള അവഗണന 

മേല്‍പറഞ്ഞ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സമർഥിക്കുന്ന ദുരന്ത സാധ്യതയെ നിയന്ത്രിക്കുന്ന ഘടകങ്ങളെ കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ഉപയോഗിക്കാവുന്ന വിധത്തില്‍ ലഭ്യമായി കാണുന്നില്ല. 1975 മുതല്‍ നിലവിലുള്ള ഭൂവിനിയോഗ ബോര്‍ഡ് ഇതുവരെ ശേഖരിച്ചിട്ടുള്ള സ്ഥിതിവിവരക്കണക്കുകള്‍ ഒരു സംതുലിത ഭൂവിനിയോഗ പദ്ധതിക്കായി സര്‍ക്കാര്‍ വകുപ്പുകള്‍ വിനിയോഗിക്കുന്നതായി കാണുന്നില്ല. കേരളത്തിന്‍റെ മൂന്നു ജൈവിക-ഭൂമിശാസ്ത്ര മേഖലകളില്‍ മലനാടുകളില്‍ മാത്രമാണു സ്വഭാവിക ജൈവ വൈവിധ്യം നിലവില്‍ ഉള്ളത്. തീരദേശങ്ങളിലും ഇടനാടുകളിലും നിലനിന്നിരുന്ന നൈസര്‍ഗിക ഭൂപ്രകൃതി ഇപ്പോള്‍ അത്യപൂര്‍വമായേ കാണാനുള്ളൂ. 

Nenmara-Landslide
പാലക്കാട് നെന്മാറയിലുണ്ടായ ഉരുൾ പൊട്ടൽ. ഫയൽ ചിത്രം∙മനോരമ

 

കണക്കുകള്‍ സൂചിപ്പിക്കുന്നത് പശ്ചിമഘട്ട മേഖലയിലെ വനത്തിന്‍റെ വിസ്തൃതി നാലു ദശാബ്ദങ്ങളായി കുറയാതെ നില്‍ക്കുന്നു എന്നാണ്. എന്നാല്‍ വനങ്ങളിലെ ജൈവവൈവിധ്യം നിലനിൽക്കുന്നുണ്ടോ എന്നു മനസ്സിലാക്കാന്‍ ആവശ്യമായ കണക്കുകള്‍ ലഭ്യമല്ല. കുറച്ചെങ്കിലുമൊക്കെ കാണാന്‍ കഴിഞ്ഞിരുന്ന തീരദേശങ്ങളിലെ കണ്ടല്‍ വനങ്ങളും ഇടനാടുകളിലെ സര്‍പ്പക്കാവുകളും നീര്‍ത്തടങ്ങളും നാമാവശേഷമായിക്കൊണ്ടിരിക്കുമ്പോള്‍, പ്രകൃതിക്ഷോഭങ്ങള്‍ ദുരന്തങ്ങളാക്കി മാറ്റാതിരിക്കുന്നതില്‍ ഇവ വഹിക്കുന്ന പങ്ക് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടിരിക്കുന്നു. മലനാടുകളിലെ റോഡുകളും ക്വാറികളും തോട്ടങ്ങളും കെട്ടിടങ്ങളും കൃത്യമായ പഠനങ്ങളിലൂടെ, വികസന ദുരന്തങ്ങളാകാതെതന്നെ ആസൂത്രണം ചെയ്യാന്‍ നമ്മുടെ പ്രാദേശിക സ്വയം ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്തു കണ്ടില്ല. ഇത്തരം പ്രാദേശിക ആസൂത്രണ പദ്ധതികള്‍ക്കാവശ്യമായ ശാസ്ത്ര, സാങ്കേതിക, സ്ഥിതിവിവര നൈപുണ്യങ്ങളും കേരളത്തില്‍ ദുര്‍ലഭമല്ല. ഗവേഷണസ്ഥാപനങ്ങള്‍ അങ്ങോളമിങ്ങോളമുള്ള സംസ്ഥാനത്ത് പ്രദേശികാടിസ്ഥാനത്തില്‍ ദുരന്തങ്ങള്‍ ഒഴിവാക്കിക്കൊണ്ടു ഭൂവിനിയോഗം ആസൂത്രണം ചെയ്യുക എന്നത് രാഷ്ട്രീയാതീതമായി ചിന്തിച്ചാല്‍ അത്രയൊന്നും ബുദ്ധിമുട്ടില്ലാത്തതാണെന്ന് കാണാം.

 

വികസനവും മാനവ-സാമൂഹിക അഭിവൃദ്ധിയും – ഒരടി മുന്നോട്ട്; രണ്ടടി പിന്നോട്ടും 

 കഴിഞ്ഞ നൂറ്റാണ്ടിന്‍റെ രണ്ടാം പാദത്തില്‍ കേരളം പുരോഗമനോന്‍മുഖമായ പല നയങ്ങളും നടപ്പാക്കി. കേരള ഭൂപരിഷ്കരണ നിയമവും (1963) പല കാലഘട്ടങ്ങളിലായി നടപ്പിലാക്കിയ വനസംരക്ഷണ നിയമങ്ങളും, ഭൂമിയില്ലാത്തവര്‍ക്കു കൃഷി ഭൂമിയും കാര്‍ഷികവൃത്തിക്കും ജീവിതക്ഷേമത്തിനുമാവശ്യമായ പാരിസ്ഥിതിക സുരക്ഷയും ഉറപ്പുവരുത്താന്‍ ഉതകേണ്ടതാണ്. ഭൂപരിഷ്കരണത്തിന്‍റെ രാഷ്ട്രീയസമ്മതി വളരെ വേഗം നഷ്ടപ്പെടുകയും ഭക്ഷ്യ വിളകളും നാണ്യ വിളകളും വനപ്രദേശങ്ങളില്‍ പ്രോല്‍സാഹിപ്പിക്കുന്നത്, ഭക്ഷ്യ ക്ഷാമം എന്ന ഭീതി നമ്മെ വിട്ടുപോയിട്ടും തുടര്‍ന്നുപോന്നതും ഒത്തുചേര്‍ന്നപ്പോള്‍, ഭൂമിയില്ലാത്തവര്‍ക്ക് നൈസര്‍ഗിക ഭൂപ്രദേശങ്ങളില്‍നിന്നു പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതു പതിവായി. 

 

സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതിയുടെ സവിശേഷതകള്‍ അംഗീകരിക്കുന്ന നിയമങ്ങളും കുറവല്ല.  കേരള നെൽവയലും നീർത്തടവും സംരക്ഷണ നിയമവും (2008), തീരദേശ മേഖല നിയന്ത്രണ വിജ്ഞാപനവും (2019) മനുഷ്യജീവനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കാനുദ്ദേശിച്ചിരുന്നെങ്കില്‍, കേരള നഗര-ഗ്രാമാസൂത്രണ നിയമം (2016) നാഗരീകരണം കൊണ്ടുണ്ടാകുന്ന ഭൂവിനിയോഗ വ്യതിയാനങ്ങള്‍ക്കു മാര്‍ഗനിര്‍ദേശം നല്കാനും അവയെ  തുടര്‍ച്ചയായി നിരീക്ഷിക്കാനുള്ള സംവിധാനം ഉറപ്പുവരുത്താനും ഉദ്ദേശിച്ചുള്ളതായിരുന്നു. 

 

നൈസര്‍ഗിക ഭൂപ്രകൃതിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗത്തെക്കുറിച്ച് കണക്കുകള്‍ സുലഭമാണ്. തീരെ ചുരുങ്ങിവന്ന നെല്‍പാടങ്ങളും നീര്‍ത്തടങ്ങളും ഇല്ലാതായ മേച്ചില്‍പ്പുറങ്ങളും അവയിലൊക്കെ പരക്കെ ഉയര്‍ന്നു വന്ന നിര്‍മിതസ്ഥാനങ്ങളും കണക്കുകളില്‍ വ്യക്തമാണ്. ദുരന്തബാധിത പ്രദേശങ്ങളിലെ ഭൂവിനിയോഗത്തില്‍ കാലക്രമേണ വന്ന ഇത്തരം വ്യതിയാനങ്ങളുടെ സ്ഥിതിവിവരങ്ങള്‍ പ്രാദേശിക ഭരണസംവിധാനങ്ങള്‍ ഇപ്പോഴും കാര്യമായ ചര്‍ച്ചക്കെടുക്കാറില്ല. സി‌എ‌ജി (കണ്‍ട്രോളര്‍ & ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ടനുസരിച്ച് വന്‍തോതിലുള്ള പൊതുഭൂമി കയ്യേറ്റം തുടരുകയാണ്.

 

കടലെടുത്തുകൊണ്ടിരിക്കുന്ന തീരദേശങ്ങളും ഇടിഞ്ഞുകൊണ്ടിരിക്കുന്ന മലമ്പ്രദേശങ്ങളും അവയുടെ ഇടുങ്ങിയ ഇടനാഴിയില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന തിങ്ങിയ ആവാസകേന്ദ്രങ്ങളും ചേര്‍ന്ന ഭൂപ്രകൃതിയില്‍ ജീവിക്കുന്നവരാണ് കേരള സമൂഹം. ദീര്‍ഘകാല ക്ഷേമത്തിനായുള്ള നിയമങ്ങളും സംവിധാനങ്ങളും ധാരാളമായിരിക്കെത്തന്നെ ഇവിടെ അസമത്വങ്ങള്‍ വികസന മാനദണ്ഡങ്ങളില്‍ നിന്നു ജീവസുരക്ഷയിലേക്ക് കടന്നിരിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, ഭരണനിര്‍വഹണ, ഗവേഷണ സംവിധാനങ്ങള്‍ കാലോചിതമായ വസ്തുതാപരിശോധനക്ക് തയ്യാറല്ല എങ്കില്‍ മാനവ വികസന സൂചികയും സുസ്ഥിര വികസന സൂചികയും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്തു സംതൃപ്തി അടയാന്‍ മാത്രമേ ഉപകരിക്കൂ.

 

ലേഖനം തയാറാക്കിയത്: ഡോ. സീമ പുരുഷോത്തമൻ, പ്രൊഫസർ, അസിം പ്രേംജി യൂണിവേഴ്സിറ്റി

അമൃത .സി, റിസർച്ച് അസോഷ്യേറ്റ്, അസിം പ്രേംജി യൂണിവേഴ്സിറ്റി

 

English Summary: Kerala refuses to learn from the bitter aftermath of recurring natural calamities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com