ADVERTISEMENT

ശാസ്ത്രലോകം എത്രയൊക്കെ വളർന്നാലും മനുഷ്യന്റെ അറിവിനപ്പുറം നിരവധി അദ്ഭുതങ്ങളാണ് ഭൂമിയിൽ നിറഞ്ഞിരിക്കുന്നത്. അത്തരത്തിലൊണ്  വർഷങ്ങളായി അണയാതെ കത്തി കൊണ്ടിരിക്കുന്ന മലഞ്ചെരുവിലെ തീനാളങ്ങൾ. കൊടും തണുപ്പിലും പേമാരിയിലും അണയാതെ ആളിക്കത്തുകയാണ് അസർബെയ്ജാനിലെ യാനാർ ഡാഗ് എന്ന പർവതത്തിന്റെ താഴ്‌വാരം.

 

മലഞ്ചെരുവിലെ പാതയോരത്തിന് സമീപത്തായി തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്ന തീനാളങ്ങളുടെ പ്രായം കൃത്യമായി കണക്കാക്കാൻ ഇനിയും സാധിച്ചിട്ടില്ലെങ്കിലും ചുരുങ്ങിയത് 4000 വർഷത്തെ പഴക്കമെങ്കിലും ഇതിന് ഉണ്ടാവുമെന്നാണ് ഗവേഷകർ കണക്കാക്കിയിരിക്കുന്നത്. എന്നാൽ ലക്ഷക്കണക്കിന് വർഷങ്ങളായി തീ ഇതേ നിലയിൽ കത്തുകയാണെന്ന് പറയുന്നവരുമുണ്ട്. അസർബെയ്ജാനി  ഭാഷയിൽ യാനാർ ഡാഗ് എന്നാൽ കത്തുന്ന പർവതം എന്നാണ് അർത്ഥം. യാനാർ ഡാഗിലെ മലഞ്ചെരുവിൽ ഏകദേശം പത്തു മീറ്റർ വിസ്തൃതിയുള്ള പ്രദേശത്താണ് പ്രധാനമായും തീ തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്നത്.

 

കാഴ്ചയിൽ അദ്ഭുതമുളവാക്കുമെങ്കിലും  മലഞ്ചെരുവിലെ അഗ്നിനാളങ്ങൾക്കു പിന്നിലെ കാരണം നിഗൂഢമല്ല. പ്രകൃതി വാതകങ്ങൾകൊണ്ട് സമ്പന്നമായ പ്രദേശമാണ് അസർബെയ്ജാൻ. ഭൂമിയുടെ ഉപരിതലത്തിനടുത്ത് വരെ വാതകങ്ങൾ പല ഇടങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ഇത്തരത്തിൽ യാനാർ ഡാഗ് മലഞ്ചെരുവിലെ മണൽപാളികളിലെ സുഷിരങ്ങളിൽക്കൂടി പുറത്തേക്ക് വരുന്ന വാതകമാണ് തുടർച്ചയായി തീ കത്താനുള്ള കാരണം. ഇടതടവില്ലാതെ വാതകം പുറത്തേക്ക് വരുന്നതിനാൽ അതിശൈത്യത്തിനോ ശക്തമായ കാറ്റിനോ കനത്ത മഴയ്ക്കോ ഈ തീ അണയ്ക്കാനും സാധിക്കില്ല.

 

ചില സമയങ്ങളിൽ ഏതാനും ഇഞ്ചുകൾ മാത്രമാണ് തീനാളങ്ങളുടെ ഉയരമെങ്കിൽ ചിലപ്പോൾ അത് മൂന്നു മീറ്റർ വരെ ഉയരത്തിൽ ആളിക്കത്താറുണ്ട്. ചൂടുള്ള സമയങ്ങളിൽ തീനാളങ്ങൾ കാരണം ഈ മേഖലയിൽ കൂടുതൽ ചൂട് അനുഭവപ്പെടും. എന്നാൽ രാത്രികാലങ്ങളിൽ മനോഹരമായ കാഴ്ചയാണ് മലഞ്ചെരുവ് സമ്മാനിക്കുന്നത്. പ്രകൃതി ഒരുക്കിയിരിക്കുന്ന ഈ അദ്ഭുതക്കാഴ്ച കാണാൻ ധാരാളം സന്ദർശകരും ഇവിടേക്ക് ഒഴുകിയെത്താറുണ്ട്.

 

തീ നാളങ്ങളുടെ ഉദ്ഭവത്തെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങൾ അതിന്റെ കാലപ്പഴക്കം ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും  പ്രദേശവാസികൾക്കിടയിലടക്കം ഇതുമായി ബന്ധപ്പെട്ട മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ഇതനുസരിച്ച് യാനാർ ഡാഗിലെ തീ നാളങ്ങൾക്ക് ഏഴ് പതിറ്റാണ്ടിൽ താഴെ മാത്രമാണ് പ്രായം. 1950 കളിൽ മലഞ്ചെരുവിലൂടെ നടന്നു നീങ്ങിയ ഒരു ആട്ടിടയൻ കത്തിച്ച സിഗരറ്റ് അബദ്ധത്തിൽ അവിടേക്കെറിഞ്ഞത് മുതലാണ് തീ കത്തി തുടങ്ങിയത് എന്നാണ്  ഇവരുടെ വാദം. 

 

മുൻകാലങ്ങളിൽ യാനാർ ഡാഗ് പോലെ സ്വാഭാവികമായി തീ കത്തുന്ന പ്രദേശങ്ങൾ അസർബെയ്ജാനിൽ ധാരാളമായി ഉണ്ടായിരുന്നതായും പറയപ്പെടുന്നു. കാലാന്തരത്തിൽ ഭൗമോപരിതലത്തിനോട് ചേർന്നുള്ള വാതകങ്ങളുടെ മർദം കുറഞ്ഞതിന്റെയും വാണിജ്യാടിസ്ഥാനത്തിൽ വാതകങ്ങൾ ശേഖരിക്കപ്പെട്ടതിന്റെയും ഫലമായി അവയിൽ പലതും അണഞ്ഞു പോവുകയായിരുന്നു. അസർബെയ്ജാനിലെ ചില മതങ്ങൾ അഗ്നിക്ക് ഏറെ പ്രാധാന്യം കൽപിച്ചിരുന്നു. അക്കാലങ്ങളിൽ സ്വാഭാവികമായി അഗ്നിനാളങ്ങൾ കണ്ടെത്തുന്ന പ്രദേശങ്ങൾ പുണ്യ സ്ഥലങ്ങളായാണ് കരുതിയിരുന്നത്. എന്നാൽ നിലവിൽ വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിൽ ഇവ കാണാൻ എത്തുന്നവരാണ് അധികവും.

 

English Summary: This Mountain In Azerbaijan Has Been On Fire For 300 Million Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com