ADVERTISEMENT

കഴിഞ്ഞദിവസം തുർക്കിയിലെ ബർസയിലുള്ള ജനങ്ങൾ ഉറക്കമുണർന്നത് അത്യപൂർവുമായ ഒരു ആകാശ വിസ്മയത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടായിരുന്നു. ഇന്നേവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു മേഘ രൂപീകരണം കണ്ട് അത് ഒരു പറക്കും തളികയാണെന്നാണ് ഇവിടത്തുകാർ ആദ്യം കരുതിയത്.  വിചിത്രമായ നിറത്തിൽ ദീർഘ വൃത്താകൃതിയിൽ കാണപ്പെട്ട കനത്ത മേഘത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

സൂര്യോദയത്തിന് തൊട്ടുപിന്നാലെയാണ് ആകാശത്ത് ഈ വിചിത്രമേഘം ദൃശ്യമായത്.  മേഘത്തിന്റെ നടുഭാഗത്ത് ഗർത്ത രൂപത്തിൽ വലിയ ഒരു ദ്വാരവും കാണപ്പെട്ടിരുന്നു. ഇരുണ്ട പിങ്ക് നിറത്തിൽ കാണപ്പെട്ട മേഘം സൂര്യപ്രകാശമേൽക്കുന്നതനുസരിച്ച് മഞ്ഞയും ഓറഞ്ചും ഇടകലർന്ന നിറങ്ങൾ പ്രതിഫലിപ്പിക്കുകയും ചെയ്തു. മേഘംകണ്ട് ആദ്യം അമ്പരന്നുപോയെങ്കിലും പിന്നീട് അത്  യുഎഫ്ഒ അല്ലെന്ന് തിരിച്ചറിഞ്ഞതോടെ ആ കാഴ്ച പരമാവധി ആസ്വദിക്കുകയായിരുന്നു ബർസയിലുള്ളവർ. ഏതാണ്ട് ഒരു മണിക്കൂർ നേരമാണ് മേഘം ഇതേ നിലയിൽ ആകാശത്ത് തുടർന്നത്.

 

ഈ അദ്ഭുത കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മേഘരൂപീകരണത്തിന് പിന്നിലെ കാരണവും പുറത്തുവന്നിട്ടുണ്ട്. ഈ ആകൃതിയിൽ രൂപീകൃതമാകുന്ന മേഘത്തിന് ലെന്റിക്യുലാർ ക്ലൗഡ് എന്നാണ് ശാസ്ത്രലോകം നൽകിയിരിക്കുന്ന പേര്. പ്രകൃതിയിൽ സംഭവിക്കുന്ന അപൂർവമായ ഒരു പ്രതിഭാസമാണ് ലെന്റിക്യുലാർ മേഘങ്ങൾ. പർവതങ്ങൾക്കും കുന്നുകൾക്കും മുകളിലായാണ് സാധാരണഗതിയിൽ ഇത്തരം മേഘങ്ങൾ രൂപീകൃതമാകുന്നത്. വായു സുസ്ഥിരമായി നിൽക്കുന്ന സമയത്ത് ഉയരമുള്ള പ്രദേശങ്ങളിൽ പല തട്ടുകളായി കാറ്റ് ഒരേ ദിശയിലേക്ക് വീശുമ്പോഴാണ് മേഘങ്ങൾ ഈ വിചിത്ര രൂപം കൈക്കൊള്ളുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

 

ലോകത്ത് പലയിടങ്ങളിലും യുഎഫ്ഒകൾ കണ്ടതായുള്ള വാർത്തകൾക്ക് പിന്നിലെ യഥാർഥ കാരണം ലെന്റിക്യുലാർ മേഘങ്ങൾ തന്നെയാണെന്നും വാന നിരീക്ഷണ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. സാധാരണയായി 2000 മുതൽ 5000 മീറ്റർ വരെ ഉയരത്തിലാണ് ഇവ കാണപ്പെടുന്നത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ഈ അപൂർവ കാഴ്ചയുടെ ചിത്രങ്ങൾ ജനശ്രദ്ധനേടി. മേഘത്തിന്റെ ഭംഗി കണ്ട് അവിശ്വസിനീയമായ കാഴ്ച എന്നാണ് പലരും കമന്റ് ബോക്സിൽ കുറിക്കുന്നത്. എന്നാൽ ഇത് യാഥാർഥ മേഘമാണെന്ന് വിശ്വാസം വരാത്ത ചിലരാവട്ടെ ഫൊട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണിതെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്.

 

English Summary: Bizarre UFO-like cloud hovers over Turkey – video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com