ശുദ്ധവായു പണം കൊടുത്ത് വാങ്ങേണ്ടി വരുന്ന കാലത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ.? എന്നാല്‍ ആ കാലം വിദൂരമല്ലെന്ന സൂചനയാണ് ഇപ്പോൾ തായ്‌ലൻഡിൽ നിന്ന് വരുന്നത്. രാജ്യത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ശുദ്ധവായു വില്‍പനയ്ക്ക് വച്ച് രംഗത്തെത്തിയിരിക്കുകയാണ് ചില ഫാം നടത്തിപ്പുക്കാര്‍. വ്യവസായങ്ങളും വാഹനങ്ങളും ക്രമാധീതമായി വര്‍ധിച്ചതോടെ തായ്‌ലൻഡിലെ നഗരങ്ങൾ കടുത്ത വായു മലിനീകരണമാണ് നേരിടുന്നത്. വായു മലിനീകരണം രൂക്ഷമായതോടെ ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും രാജ്യത്ത് കൂടുന്നുണ്ട്. ശുദ്ധവായു ശ്വസിക്കാന്‍ ഗ്രാമങ്ങളിലേക്ക് ചെല്ലുന്നവരുടെ മുന്നില്‍ വിപണന സാധ്യത മനസ്സിലാക്കി വായുവിന് വിലയിടുകയാണ് കര്‍ഷകര്‍. തായ്‌ലൻഡിലെ വായുവിന്റെ ഗുണനിലവാരം ആശങ്കാജനകമാണണ് രാജ്യത്തെ പരിസ്ഥിതി വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണിത്.
ഇത്തരത്തില്‍ കൂടുതല്‍ സന്ദര്‍ശകരെത്തുന്ന ഫു ലെയ്ൻ ഖാ നാഷണൽ പാർക്കിനോട് ചേര്‍ന്നുള്ള ഫാം ഹൗസ് നടത്തുന്ന ദൂസിറ്റ് കച്ചായി എന്നയാളുടെ വില്‍പനയാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ശുദ്ധവായുവിനായി തന്റെ ഫാമിലേക്ക് വരുന്നവരോട് മണിക്കൂറിന് 2500 രൂപയാണ് ദൂസിറ്റ് ഈടാക്കുന്നത്. സൗജന്യ ഭക്ഷണവും ഇതിലുള്‍പ്പെടും. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ശുദ്ധവായു സൗജന്യമാണെന്നും ദൂസിറ്റ് പറയുന്നു. പരിസ്ഥിതി എത്രമാത്രം ഗുരുതരമായ ഭീഷണിയാണ് നേരിടുന്നതെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ കൂടിയാണ് താൻ പണം ഈടാക്കുന്നതെന്നാണ് ദൂസിതിന്റെ പക്ഷം. പരിസ്ഥിതിയെ സംരക്ഷിക്കാൻ തയാറാകാത്തവർ തന്റെ ഫാമിലേക്ക് വരരുതെന്നും അദ്ദേഹം പറയുന്നുണ്ട്.
English Summary: Thai man sells 'fresh air' on his farm for Rs 2,500 but he has a warning