ADVERTISEMENT

വെസ്റ്റ്ഇൻഡീസ് ദ്വീപ സമൂഹത്തിലെ രാജ്യങ്ങളിലൊന്നാണ് ബഹാമാസ്. ബഹാമാസിലെ വടക്കൻ ബിമിനിയിലുള്ള തീരമേഖലയിലാണ് സമുദ്രത്തിനടിയിലായി രഹസ്യപാത കണ്ടെത്തിയത്. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് ആറ് മീറ്റർ ആഴത്തിൽ കണ്ടെത്തിയ ഈ പാതയ്ക്ക് ഏകദേശം 457 മീറ്റർ നീളമുണ്ട്. ഈ പാത എങ്ങോട്ടുള്ളതായിരുന്നുവെന്നും ഏത് സംസ്കാരത്തിന്റെ അവശേഷിപ്പാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഒരു സംഘം ഗവേഷകർ. അറ്റ്ലാന്റിക്കുമായി ബന്ധപ്പെട്ട് കിടക്കുന്ന മേഖലയിലെ നിരവധി ചരിത്ര കഥകളിൽ ഏതെങ്കിലും ഒന്നിലേക്ക് വെളിച്ചം വീശാൻ ഈ പാതയ്ക്ക് കഴിയുമോ എന്നായിരുന്നു ഗവേഷകർ പ്രധാനമായും പരിശോധിച്ചത്. 

ഇഷ്ടികപാതയ്ക്ക് പിന്നിലെ രഹസ്യം 

ഇഷ്ടിക പാകിയത് പോലെയാണ് ഈ റോഡ് കാണപ്പെടുന്നത്. സമാനമായ രീതിയിൽ ഒരു പാത സമീപകാലത്ത് പസിഫിക്കിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ അത് അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കടലിനടയിൽ രൂപപ്പെട്ട ചെളിക്കട്ടകൾ കൊണ്ട് സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണെന്നും ഗവേഷകർ മനസ്സിലാക്കിയിരുന്നു. അതേസമയം ബഹാമാസിലേത് മനുഷ്യ നിർമിത പാത തന്നെയാണ്. നാല് അടിയോളം നീളമുള്ളതാണ് ഈ പാതയിൽ ഉപയോഗിച്ചിരിക്കുന്ന ഓരോ ഇഷ്ടികയും എന്ന് ഗവേഷകർ പറയുന്നു. നാനൂറ് മീറ്ററോളം രണ്ട് പാതകളായാണ് ഈ ഇഷ്ടിക പാത കാണപ്പെട്ടത്. ഒരറ്റത്ത് കൂട്ടി മുട്ടുന്നതായി കാണപ്പെട്ട ഈ ഇഷ്ടിക പാത കടലാക്രമണം പോലുള്ള പ്രകൃതി ദുരന്തത്തിൽ തകർന്ന പോയ ഇഷ്ടിക പാത തന്നെയോ അല്ലെങ്കിൽ ഒരു മതിലോ ആകാണെന്നാണ് ഗവേഷകർ പറയുന്നത്.

1968 ലാണ് ഈ കടലിനടയിൽ മുങ്ങിപ്പോയ ഈ പാത ആദ്യമായി കണ്ടെത്തുന്നത്. കടലിനടിയിലെ ചരിത്ര വസ്തുക്കൾ പഠിയ്ക്കുന്ന ചരിത്രകാരൻമാരായ ജോസഫ് മാൻസൺ വാലന്റൈൻ, ജാക്വിസ് മേയോൽ, റോബർട്ട് ആൻഗോവ് എന്നിവരാണ് ഈ ഇഷ്ടിക പാത ആദ്യമായി കണ്ടെത്തുന്നത്. സ്വാഭാവികമായും അക്കാലത്തും അതിന് മുൻപും കെട്ടുകഥകളിൽ സജീവമായി നിന്നിരുന്ന അറ്റ്ലാന്റിസ് എന്ന കടലിനടിയിൽ നഷ്ടപ്പെട്ട് പോയ നഗരത്തിന്റെ ഭാഗമായാണ് ഈ ഇഷ്ടികപാതയെ ചിലരെങ്കിലും വിശേഷിപ്പിച്ചത്. 

അറ്റ്ലാന്റിസ് എന്ന കെട്ടുകഥ

പക്ഷേ ചരിത്രകാരൻമാർ യുക്തിപരമായി തന്നെയാണ് ഈ ഇഷ്ടികപാതയെ സമീപിച്ചത്. അറ്റ്ലാന്റിസ് എന്ന കെട്ടുകഥകളിൽ പരാമർശിയ്ക്കുന്ന മൺമറഞ്ഞ് പോയ നഗരവുമായി ബന്ധമുള്ള ഈ ഇഷ്ടികപാതയെന്ന് ഗവേഷകർ അന്ന് തന്നെ വ്യക്തമാക്കുകയും ചെയ്തു. എന്നാൽ പിന്നീട് പതിറ്റാണ്ടുകൾ നീണ്ട് നിന്ന പഠനത്തിന് ഒടുവിൽ ഈ ഇഷ്ടകപാതയ്ക്ക് പിന്നിലെ രഹസ്യം പുറത്ത് വന്നു. അതിനെ അമ്പരപ്പോടെയാണ് പലരും ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.

ഏതാണ്ട് രണ്ടായിരം വർഷത്തെ പഴക്കം ഈ ഇഷ്ടിക പാതയ്ക്കുണ്ട് എന്നാണ് ഗവേഷകർ പറയുന്നത്. ചെളിയും, മണലും, ചുണ്ണാമ്പും ചേർത്ത് കുഴച്ചാണ് ഈ ഇഷ്ടികകൾ ഉണ്ടാക്കിയിരിക്കുന്നത്. ഈ പാതയ്ക്ക് താഴെയായി സമാനമായ നീളത്തിൽ ചുണ്ണാമ്പ് കല്ലിന്റെ ശേഖരവും കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ഗവേഷകർ കണക്ക് കൂട്ടുന്നത് ഇനി പറയുന്ന സാധ്യതയാണ്. പ്രദേശത്ത കടൽ ജലനിരപ്പ് ഉയരുകയും തുടർന്ന് തീരപ്രദേശത്തെ മണൽ തിട്ട ഇടിയുകയും ചെയ്തു. ഈ മണൽതിട്ടയോട് ചേർന്ന് സ്ഥിതി ചെയ്തിരുന്ന ചുണ്ണാമ്പ് കല്ലിനു മുകളിലായാണ് ഈ ഇഷ്ടിക പാതയോ അല്ലെങ്കിൽ മതിലോ ഉറപ്പിച്ചിരുന്നത്. മണൽതിട്ട നഷ്ടപ്പെട്ടതോടെ ചുണ്ണാമ്പ് കല്ലിന്റെ അടിത്തട്ട് ദുർബലമാകുകയും ക്രമേണ ചുണ്ണാമ്പ് കല്ലിനൊപ്പം ഇപ്പോൾ ഇഷ്ടികപാതയുടെ രൂപത്തിൽ കാണപ്പെടുന്ന നിർമിതി നിലം പൊത്തുകയും ചെയ്തു.

മൺമറഞ്ഞ് പോയ സംസ്കാരത്തിന്റെ തെളിവോ?  

അതേസമയം ഈ കണ്ടെത്തലിൽ അദ്ഭുതപ്പെടുത്തുന്നത്, ഈ നിർമിതി ഉണ്ടാക്കിയ കാലഘട്ടമാണ്. താരതമ്യേന രണ്ടായിരം വർഷത്തിന് മുൻപുള്ള നിർമിതിയെന്ന് പറയുമ്പോൾ അന്ന് ലോകത്ത് സമാനമായ രീതിയിൽ ഈ മതിൽ അല്ലെങ്കിൽ റോഡ് നിർമിക്കാൻ ശേഷിയുള്ള സംസ്കാരങ്ങൾ വളരെ ചുരുക്കമാണ്. അക്കാലത്ത് വെസ്റ്റ് ഇൻഡീസ് മേഖലയിൽ ഇത്തരം ഒരു ആധുനിക സംസ്കാരം നിലനിന്നതായി തെളിവുകളും ഇല്ല. അതിനാൽ തന്നെ ഈ ഇഷ്ടികപാത നഷ്ടപ്പെട്ട് പോയ ഒരു സംസ്കാരത്തിലേക്കുള്ള വഴികാട്ടിയാകാനും സാധ്യതയുണ്ട്.

English Summary: What Is The Mysterious Sunken “Bimini Road” And Where Does It Lead?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com