ഏഴു പതിറ്റാണ്ടിന് ശേഷം നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റകൾക്ക് കൂട്ടായി 100 ലേറെ ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്നെത്തും. വംശനാശം നേരിട്ടതോടെയാണ് ഇന്ത്യയിലേക്ക് ചീറ്റകളെ കഴിഞ്ഞ സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എത്തിച്ചത്. പുതിയ കരാർ അനുസരിച്ച് ഫെബ്രുവരിയോടെ 12 ചീറ്റകൾ എത്തുമെന്നാണ് പരിസ്ഥിതി മന്ത്രാലയം പറയുന്നത്. വർഷം പന്ത്രണ്ട് ചീറ്റപ്പുലികൾ വച്ച് അടുത്ത 10 വർഷത്തേക്കുള്ളതാണ് കരാറെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ആദ്യബാച്ചിൽ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ചീറ്റകളെ പ്രത്യേക നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പ്രിട്ടോറിയ സർവകലാശാലയിലെ വെറ്ററിനറി വൈൽഡ് ലൈഫ് സ്പെഷലിസ്റ്റ് അഡ്രിയൻ വ്യക്തമാക്കി.
പുലിത്തോലിനായുള്ള വേട്ടയാടലും ആവാസ വ്യവസ്ഥ ഇല്ലാതായതുമാണ് ചീറ്റകളുടെ വംശനാശത്തിന് കാരണമായത്. 1952 ൽ ചീറ്റകൾക്ക് വംശനാശം വന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് 2020 ൽ സുപ്രീം കോടതി നിർദേശം അനുസരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ചീറ്റകളെ വീണ്ടും ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. സെപ്റ്റംബറിൽ നമീബിയയിൽ നിന്നെത്തിച്ച 'ആശ'യെയും സംഘത്തെയും കുനോയിലെ ദേശീയ ഉദ്യാനത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
English Summary: India to get more than 100 cheetahs from South Africa