ADVERTISEMENT

2015ൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തിൽ സമുദ്രത്തിൽ നിന്ന് ഉയർന്നു വന്ന ദ്വീപാണ് ഹുങ്ക ടോങ്ക ഹുങ്കാ ഹാപായ്. പേരിലെ കൗതുകം തന്നെയാണ് ഉണ്ടായിരുന്ന കാലത്തോളം ഈ ദ്വീപിനെ ചുറ്റിപ്പറ്റിയും നിലനിന്നിരുന്നത്. കടലിനടയിൽ ഉണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഉയർന്നുവന്ന ദ്വീപിൽ ജീവന്റെ അംശങ്ങൾ സമീപകാലത്താണ് ഗവേഷകർ കണ്ടെത്തിയത്. ഇതേക്കുറിച്ച് പഠിക്കാനൊരുങ്ങിയപ്പോഴാണ് കടലിനടയിലേക്ക് ഈ ദ്വീപ് തിരികെ പോയതും. ഏതായാലും ഏഴ് വർഷം മാത്രം ആയുസ്സുണ്ടായിരുന്ന ഈ ദ്വീപ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം.

ചെറു ദ്വീപും അതിലെ ജീവനും

ഏതായാലും ഈ ദ്വീപിലെ ജീവനെക്കുറിച്ചും മറ്റും ചെറിയ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർക്ക് ഈ കാലയളവിൽ സാധിച്ചിരുന്നു. ദ്വീപിലെത്തിച്ചേർന്ന ഗവേഷക സംഘം ഇവിടെ നിന്ന് സാംപിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ പഠനം പൂർത്തിയാക്കും മുൻപാണ് പാതിവഴിയിൽ ദ്വീപ് കടലിലേക്ക് തന്നെ മറഞ്ഞുപോയത്. അതേസമയം പഠനത്തിൽ നിർണായകമായ കണ്ടെത്തലൊന്നും ഉണ്ടായില്ലെന്നാണ് പ്രാഥമിക പരിശോധനനയ്ക്ക് ശേഷം ഗവേഷകർ പറഞ്ഞത്.

ഇത്തരത്തിലുള്ള അഗ്നിപർവത സ്ഫോടനങ്ങൾ ലോകത്തിന്റെ പലഭാഗത്തും കടലിനടയിലുണ്ടാകാറുണ്ട്. എന്നാൽ ഇവയൊന്നും തന്നെ സമാനമായ ദ്വീപുകളുടെ ഉദ്ഭവത്തിന് കാരണമാകാറില്ല. അതുകൊണ്ട് തന്നെ ഈ ചെറുദ്വീപിന്റെ ഉദ്ഭവം സമാനമായ സാഹചര്യത്തെക്കുറിച്ച് പഠിക്കാൻ ലഭിച്ച അപൂർവ അവസരമായാണ് ഗവേഷകർ കണ്ടത്. കാരണം ഈ ദ്വീപ് ഉയർന്ന ശേഷം മാത്രമാണ് അവിടെ കരയിലെ സാഹചര്യത്തിൽ ജീവിക്കുന്ന സൂക്ഷ്മജീവികളുണ്ടായത്. ഒരു കരമേഖലയിൽ രൂപപ്പെടുന്ന പ്രദേശത്തെ ജീവനെക്കുറിച്ച് ഇത്ര തുടക്കത്തിലെ പഠിക്കാൻ അധികം അവസരങ്ങൾ ശാസ്ത്രലോകത്തിന് ലഭിക്കാറില്ല.

പ്രകൃതി നൽകിയ സ്വാഭാവിക ലാബ്

സമാനതകളില്ലാത്ത പ്രകൃതിദത്ത പരീക്ഷണശാല എന്നാണ് ഈ ദ്വീപിനെ ഗവേഷകർ വിളിച്ചത്. സസ്യങ്ങളോ, വലിയ ജീവികളോ ഉണ്ടാകുന്നതിന് മുൻപ് ഭൂമിയിലുണ്ടായിരുന്ന അവസ്ഥയോട് കൂടി താരതമ്യപ്പെടുത്തിയാണ് ഗവേഷകർ ഈ ദ്വീപിലെ സാഹചര്യത്തെ കാണുന്നത്. ദ്വീപിൽ നിന്നുള്ള മണ്ണിന്റെ സാംപിൾ ശേഖരിച്ച ശേഷമാണ് അതിനുള്ളിലുള്ള സൂക്ഷ്മജീവികളെ കണ്ടെത്തിയതും പഠനം ആരംഭിച്ചതും. തുടർന്ന് ഇവയുടെ ജനിതക സാംപിളുകളുടെ പരിശോധനയിൽ ഏർപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ഗവേഷകർ.

ഇതുവരെയുള്ള പഠനത്തിൽ നിന്ന് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്നും ഗവേഷകർ പറയുന്നു. മഞ്ഞുപാളികളും മറ്റും പിൻവാങ്ങുന്ന മേഖലയിൽ കണ്ടെത്താറുള്ള സൈനോബാക്ടീരിയ എന്ന സൂക്ഷ്മജീവികളെയാണ് ഗവേഷകർ ഈ ദ്വീപിൽ പ്രതീക്ഷിച്ചത്. ഭൂമിയിലെ തന്നെ കരയിലുള്ള ആദ്യത്തെ സജീവ സൂക്ഷ്മജീവികളായാണ് ഇവയെ കണക്കാക്കുന്നത്. എന്നാൽ ഈ ദ്വീപിൽ കണ്ടെത്തിയ സൂക്ഷ്മജീവികൾ പ്രത്യേക വിഭാഗമാണെന്നും, ഇതുവരെ കണ്ടെത്തിയ സൂക്ഷ്മജീവികളുമായി ഇവയ്ക്ക് സാമ്യതകളില്ലെന്നും ഇവർ വ്യക്തമാക്കി. സൾഫർ പോലുള്ള ഏതാനും ചില അന്തരീക്ഷ വാതകങ്ങൾ ഭക്ഷണമാക്കിയാണ് ഈ ജീവികൾ അതിജീവിക്കുന്നത്.

ദ്വീപിനെ തകർത്ത സ്ഫോടനം

ഉദ്ഭവത്തിന് കാരണമായ അഗ്നിപർവതം തന്നെയാണ് ദ്വീപ് കടലിലേക്ക് മുങ്ങിത്താഴാനും കാരണമായത്. 2022 ജനുവരി പതിനഞ്ചിനാണ് ഈ അഗ്നിപർവതം പൊട്ടിത്തെറിച്ചത്. കടലിനടയിലുള്ള ഈ ഈ അഗ്നിപർവതത്തിൽ നിന്ന് ഏതാണ്ട് 53 കിലോമീറ്റർ ഉയരത്തിലേക്കാണ് വെള്ളം ഉയർന്നത്. ഏതാണ്ട് 14600കോടി ടൺ ജലം ഈ സ്ഫോടനത്തിൽ കടലിനടയിൽ നിന്ന് പുറത്തേയ്ക്ക് തെറിച്ചു. സ്വാഭാവികമായും ഇത്ര ഉയരത്തിൽ നിന്ന് വെള്ളം പതിക്കുമ്പോൾ ഇതിന്റെ ചെറിയ ഭാഗം മാത്രം മതി ദ്വീപിനെ തകർക്കാൻ. വെള്ളത്തിന്റെ ശക്തിയിൽ തകർന്ന ദ്വീപിന്റെ ഒടുവിലത്തെ ഭാഗങ്ങൾ ഏതാനും ആഴ്ചകൾക്ക് മുൻപാണ് കടലിനടിയിലേക്ക് മറഞ്ഞത്.

ഈ ദ്വീപിന്റെ അപ്രത്യക്ഷമാകാൽ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ശാസ്ത്രലോകം പറയുന്നു. ഏതായാലും സ്ഫോടനത്തിന് ശേഷം അവശേഷിച്ച ഭാഗങ്ങളിൽ നിന്ന് കൂടി ഗവേഷകർക്ക് സാംപിളുകൾ ശേഖരിക്കാൻ അവസരം ലഭിച്ചിരുന്നു. ദ്വീപ് അപ്രത്യക്ഷമായതിൽ നിരാശരാണെന്ന കാര്യം ഇവിടെ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞരുടെ സംഘം തുറന്നു പറയുന്നു. അതേസമയം തന്നെ ഇനി ഒരു ദ്വീപ് രൂപപ്പെട്ടാൽ അവിടെ സംഭവിക്കുന്ന പ്രതിഭാസങ്ങൾ എന്തൊക്കെയെന്നതിനെ കുറിച്ച് ധാരണ ലഭിക്കാൻ ഈ പഠനം സഹായിച്ചിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

English Summary: Scientists Were Studying Life On A New Island, Then It Disappeared

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com