ADVERTISEMENT

‘ഒട്ടും വൈകാതെ ഈ മേഖലയില്‍ (ദക്ഷിണ–മധ്യ തുര്‍ക്കി, ജോര്‍ദാന്‍, സിറിയ, ലെബനന്‍) 7.5 തീവ്രതയുള്ള ഭൂകമ്പമുണ്ടാകും’. ഫെബ്രുവരി മൂന്നിന് വൈകിട്ട് 5.33ന് ഭൗമഗവേഷകനായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ട്വിറ്ററില്‍ കുറിച്ച വരികളാണിത്. ഭൂകമ്പമുണ്ടാകാന്‍ സാധ്യതയുള്ള മേഖല കൃത്യമായ അടയാളപ്പെടുത്തിയ ഭൂപടം ഉള്‍പ്പെടെയായിരുന്നു ട്വീറ്റ്. ഭൂകമ്പമാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തുമെന്നും അദ്ദേഹം കുറിച്ചു.

കൃത്യം മൂന്നുദിവസത്തിനകം അതേ മേഖലയില്‍ ഒന്നല്ല മൂന്ന് വന്‍ ഭൂചലനങ്ങളാണ് ഉണ്ടായത്. ഹൂഗര്‍ബീറ്റ്സ് പ്രവചിച്ചതിനൊപ്പം നില്‍ക്കുന്ന തീവ്രതയില്‍. തിങ്കളാഴ്ചത്തെ ഭൂചലനത്തിന് 7.8 ആയിരുന്നു തീവ്രത.  നെതര്‍ലന്‍ഡ്സിലെ സോളര്‍ സിസ്റ്റം ജ്യോമെട്രി സര്‍വേയില്‍ ഗവേഷകനായ ഹൂഗര്‍ബീറ്റ്സ് വരും മണിക്കൂറൂകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തുടര്‍ചലനങ്ങളും പ്രവചിച്ചിട്ടുണ്ട്. 5.5 നും ആറിനുമിടയില്‍ തീവ്രതയുള്ള ശക്തമായ തുടര്‍ചലനങ്ങളാണ് പ്രവചിക്കുന്നത്. ഇതില്‍ 5.6 തീവ്രതയുള്ള ഭൂചലനം പിറ്റേന്ന് രാവിലെ ഉണ്ടായി.

വിപുലമായ ഗവേഷണങ്ങളുടെയും ഡേറ്റ വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് ഹൂഗര്‍ബീറ്റ്സ് ഭൂചലനങ്ങള്‍ പ്രവചിക്കുന്നത്. ഭൂചലനത്തിന്റെ ദുരിതം പേറുന്നവർക്കൊപ്പമാണ് എന്റെ മനസ്. ഞാൻ മുൻപ് പറഞ്ഞത് പോലെ, ഈ മേഖലയിൽ ഇങ്ങനെ സംഭവിക്കും എന്ന് വ്യക്തമായിരുന്നു.തുര്‍ക്കി–സിറിയ ദുരന്തത്തിന് പിന്നാലെ ഫ്രാങ്ക് ഹൂഗർബീറ്റ്സ് ട്വീറ്റ് ചെയ്തു. ഗ്രഹ വിന്യാസങ്ങളുടെ ഫലമായാണ് ഭൂചലനങ്ങൾ ഉണ്ടാവുന്നത് എന്നാണ് ഫ്രാങ്ക് ഉന്നയിക്കുന്ന വാദം. എന്നാൽ ഫ്രാങ്കിന്റെ വാദങ്ങളുടെ ശാസ്ത്രീയ അടിത്തറ ചോദ്യംചെയ്യുന്നവരും ഉണ്ട്.

വൻ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലുമായി മരണസംഖ്യ 7200 കവിഞ്ഞു. പതിനായിരങ്ങൾക്കു പരുക്കേറ്റു. ആറായിരത്തിലേറെ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കൊടുംതണുപ്പിലും ഇവരെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള സഹായം ഇരുരാജ്യങ്ങളിലേക്കും എത്തിത്തുടങ്ങി. റോഡുകൾ തകർന്നതിനാൽ അടിയന്തര വൈദ്യസഹായം ദുരന്തമേഖലയിലേക്ക് എത്താൻ വൈകുന്നുണ്ട്.

തിങ്കളാഴ്ച അതിശക്തമായ 3 ഭൂചലനങ്ങളാണുണ്ടായത്. ആദ്യത്തേത് പുലർച്ചെയ്ക്കു മുൻപേ തുർക്കിയിലെ ഗസിയാൻടെപ്പിലായിരുന്നു. തീവ്രത 7.8. ഉച്ചയോടെ 7.5 തീവ്രതയുള്ള രണ്ടാം ചലനമുണ്ടായി. മൂന്നാമത്തേതു വൈകിട്ടോടെ – തീവ്രത 6. ഇതിനു പുറമേ 285  തുടർചലനങ്ങളും ഉണ്ടായെന്നു തുർക്കി അറിയിച്ചു. തുർക്കിയിൽ അയ്യായിരത്തിലേറെ മരണം സ്ഥിരീകരിച്ചു; 20,426 പേർക്കു പരുക്കേറ്റു. സിറിയയിൽ രണ്ടായിരത്തിലധികം പേർ മരിച്ചു. ഇരുരാജ്യങ്ങളിലുമായി 2.3 കോടി പേർ ദുരിതബാധിതരായിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന  അറിയിച്ചു. ഇതിൽ 14 ലക്ഷം കുട്ടികളും ഉൾപ്പെടുന്നു. മരണം 20,000 വരെ ഉയർന്നേക്കുമെന്നാണു നിഗമനം. രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഇന്ത്യയുടെ കരസേന, ദേശീയ ദുരന്ത നിവാരണ സേനാ സംഘങ്ങൾ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ തുർക്കിയിലും സിറിയയിലും എത്തിയത്. തുർക്കിയിൽ 24 കിലോമീറ്റർ ചുറ്റളലിൽ വരുന്ന 10 പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അമേരിക്ക, ബ്രിട്ടന്‍, കാനഡ,ജര്‍മനി,ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ തുര്‍ക്കിക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ദൗത്യസംഘം ദുരന്തസ്ഥലത്തേയ്ക്ക് തിരിച്ചു.

ഭൂകമ്പ സമയം ആളുകളെല്ലാം ഉറക്കത്തിലായിരുന്നുവെന്നതു മരണസംഖ്യ ഉയർത്തി. തുർക്കി–സിറിയ അതിർത്തിയിലെ പൗരാണികമായ കെട്ടിടങ്ങളടക്കം നിലം പൊത്തി. അതിശൈത്യവും മഴയും ദുരിതം വർധിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കണ്ടെത്താൻ ഊർജിതമായ രക്ഷാപ്രവർത്തനം തുടരുകയാണ്. മേഖലയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശക്തമായ ചലനങ്ങളിലൊന്നാണിത്. ദുരിതാശ്വാസത്തിനായി തുർക്കി രാജ്യാന്തര സഹായം തേടി.പ്രകമ്പനം ഈജിപ്ത് തലസ്ഥാനമായ കയ്റോയിലും അനുഭവപ്പെട്ടു. സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലും ലബനനിലെ ബെയ്റൂട്ടിലും ജനങ്ങൾ വീടുകൾ വിട്ടു പുറത്തിറങ്ങി. ഇവിടങ്ങളിൽ നാശമില്ല. സൈപ്രസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്ന് 128 കിലോമീറ്റർ അകലെയാണു ശക്തമായ രണ്ടാം ചലനമുണ്ടായ കഹറാമൻ മറാഷ്. തുർക്കിയിലെ പൗരാണിക നഗരങ്ങളിലൊന്നാണു മറാഷ് നഗരം. യുകെ, യുഎസ്, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങൾ അടിയന്തര സഹായം എത്തിക്കാനായി മുന്നോട്ടുവന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഡൽഹിയിൽ തുർക്കി എംബസി സന്ദർശിച്ച് ഇന്ത്യയുടെ ദുഃഖം അറിയിച്ചു. വടക്കുപടിഞ്ഞാറൻ തുർക്കിയിൽ 1999ൽ ഉണ്ടായ ഭൂകമ്പത്തിൽ 18,000 പേർ കൊല്ലപ്പെട്ടിരുന്നു.

ലോകത്തെ നടുക്കിയ വൻ ഭൂകമ്പങ്ങൾ

∙ 2011 മാർച്ച് 11 - ജപ്പാൻ; തീവ്രത 8.9. മരണം 15,899

∙ 2010 ജനുവരി 12 - ഹെയ്‌ത്തി; തീവ്രത 7.0; മരണം 2.25 ലക്ഷം

∙ 2008 മേയ് 12 - സിചുവാൻ, ചൈന; തീവ്രത 7.9; മരണം 90,000

∙ 2005 ഒക്‌ടോബർ 8 - പാക്കിസ്‌ഥാൻ; തീവ്രത 7.6; മരണം 80,000

∙ 2004 ഡിസംബർ 26 - ഇന്തൊനീഷ്യയിലെ സൂമാത്രയിൽ ഭൂകമ്പവും സൂനാമിയും; തീവ്രത 9.15; മരണം 2.4 ലക്ഷം

∙ 2001 ജനുവരി 26- ഗുജറാത്ത്, ഇന്ത്യ; തീവ്രത 7.7; മരണം 20,023

∙ 1993 സെപ്‌റ്റംബർ 30-ലാത്തൂർ, ഇന്ത്യ; തീവ്രത 6.2; മരണം 10,000

∙ 1976 ജൂലൈ 27-ടങ്‌ഷാൻ, ചൈന; തീവ്രത 7.5; മരണം 6.55 ലക്ഷം

English Summary: Turkey-Syria earthquake: Dutch researcher predicted deadly quake just 3 days before it killed thousands

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com