ADVERTISEMENT

പ്രകൃതിയിലെ പല കാഴ്ചകളും അല്ലെങ്കിൽ കാഴ്ചയ്ക്ക അപ്പുറത്തുള്ള രഹസ്യങ്ങളും നമ്മെ അതിശയിപ്പിക്കുന്നതാണ്. മനുഷ്യർ ഇന്നും പൂർണമായി കടന്നു ചെല്ലാത്ത മേഖലകളുള്ള പ്രദേശമാണ് ആമസോൺ നദീതടവും ചുറ്റുമുള്ള വനമേഖലയും. ഈ മേഖലയിൽ ഇപ്പോഴും ഇതുവരെ കണ്ടെത്താത്ത സസ്യങ്ങളും ജീവികളുമുണ്ടാകുമെന്ന് തന്നെയാണ് ഗവേഷകർ വിശ്വസിക്കുന്നത്. അതേസമയം ആമസോൺ മേഖലയിൽ ഭൂമിക്ക് മുകളിൽ മാത്രമല്ല അടിയിലും അദ്ഭുതങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയത് 2011ലാണ്. ആമസോൺ മേഖലയിൽ ഏതാണ്ട് നാലായിരം മീറ്റർ ആഴത്തിലായാണ് ആമസോണിനോളം തന്നെ നീളവും അതിനേക്കാൾ വീതിയുമുള്ള ഒരു ജലപാതമുണ്ടെന്നാണ് ഗവേഷകർ തിരിച്ചറിഞ്ഞത്.

റിവർ ഹംസ അഥവാ ഹംസ നദി എന്നാണ് ഈ ജലപാതത്തിന് ബ്രസീലിലെ നാഷണൽ ഒബ്സർവേറ്ററി നൽകിയിരിക്കുന്ന പേര്. ബ്രസീലിലെ തന്നെ പെട്രോബാസ് എന്ന എണ്ണഖനന കമ്പനി 1970-80 കാലഘട്ടത്തിൽ ഈ മേഖലയിൽ നിരവധി തവണ എണ്ണനിക്ഷേപം കണ്ടെത്തുന്നതിനായി കിണറുകൾ നിർമിച്ചിരുന്നു. അന്നെല്ലാം വലിയ അളവിൽ അടിയൊഴുക്ക് ഈ മേഖലയിലുണ്ടെന്നും ഇവർ നിരീക്ഷിച്ചു. ഇതിന് ശേഷം ഏതാണ്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് ഗവേഷകർ ഈ മേഖലയിൽ ഗൗരവത്തോടെയുള്ള പഠനം ആരംഭിച്ചത്. അന്ന് പര്യവേക്ഷണത്തിന് മേൽനോട്ടം വഹിച്ച ഗവേഷകർക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനാണ് നദിക്ക് പേര് നൽകിയത്.

വലിയ മണത്താൽ ഹംസ

ആമസോണിന് ഏതാണ്ട് 4 കിലോമീറ്റർ താഴെയായി ഒഴുകുന്ന ഈ ഭൂഗർഭജലപാതത്തിന് മലയാളികൾക്ക് ഏറെ പരിചിതമായ പേര് ലഭിക്കുന്നത് വലിയ മണത്താൽ ഹംസയിലൂടെയാണ്. കാരണം ഹംസയുടെ നേതൃത്വത്തിലുള്ള സംഘമാണ് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഈ ഭൂഗർഭനദി കണ്ടെത്തിയത്. ഇത് കണ്ടെത്തുന്ന സമയത്ത് ബ്രസീൽ ദേശീയ ഒബ്സർവേറ്ററിയിലെ മുതിർന്ന ശാസ്ത്രജ്ഞരിൽ ഒരാളായിരുന്നു ഹംസ. കാലിക്കട്ട് സർവകലാശലയിൽ നിന്ന് ഫിസിക്സിൽ ബിരുദവും ബിരുദാനന്തര ബുരുദവും നേടിയ ശേഷം ഹൈദരാബാദിലെ ദേശീയ ജിയോ ഫിസിസിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷനായി. തുടർന്ന് കാനഡയിൽ പോയി ഡോക്ടറേറ്റ് നേടിയ ശേഷമാണ് ഡോ. ഹംസ ബ്രസീലിൽ എത്തുന്നത്.

ഒച്ചിനേക്കാൾ പതിയെ ഒഴുകുന്ന നദി  

ആൻഡിസ് പർവതമേഖലയിലെ ആക്രേ എന്ന പ്രദേശത്ത് നിന്നാണ് ഈ ജലപ്രവാഹം ഉദ്ഭവിക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്. ഇവിടെ നിന്ന് സോലിമോസ്, ആമസോൺ, മറജാവോ എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് ഈ ഭൂഗർഭനദി അറ്റ്ലാന്റിക്കിൽ ചേരുന്നത്. അറ്റ്ലാന്റിലേക്ക് ഹംസാ റിവർ ലയിക്കുന്ന മേഖല ഇത് വരെ കണ്ടെത്താനായിട്ടില്ല. നീളത്തിലും, വീതിയിലും അമസോണിനോട് കിട പിടിക്കുന്ന ഈ നദിക്ക് പക്ഷേ ഒഴുക്കിന്റെ വേഗത വളരെ കുറവാണ്. ആമസോണിന്റെ ശരാശരി വേഗത സെക്കന്റിൽ അഞ്ച് മീറ്ററാണെങ്കിൽ ഹംസയുടേത് മണിക്കൂറിൽ ഒരിഞ്ചാണ്.

ഈ വേഗക്കുറവ് കാരണം കൊണ്ട് തന്നെയാണ് ഔദ്യോഗികമായി ഹംസയെ ഒരു ഭൂഗർഭ നദിയായി കണക്കാക്കാത്തതും. പാറക്കെട്ടുകൾക്കിടയിലൂടെയുള്ള ഒരു ലവണ ജലപാതം എന്നാണ് ഈ ജലശേഖരത്തെ വിശേഷിപ്പിക്കാനാകുക. അമസോണിന്റെ അതേ സഞ്ചാരദിശ തന്നെയാണ് ഹംസയ്ക്കുമുള്ളത്. കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള ഈ ഒഴുക്കിന് കാരണം പ്രദേശത്തിന്റെ ഭൂപ്രകൃതി തന്നെയാണ്. ആമസോണിലെ ഏറെ പ്രത്യേകതകളുള്ള ഒരേയൊരു ജലപാതമല്ല ഹംസ. തിളയ്ക്കുന്ന വെള്ളം ഒഴുകുന്ന ഒരു നദിയും ആമസോണിലുണ്ട്. ഷാംസി-ടിംപിസ്ക എന്ന് പ്രദേശിക ഭാഷയിൽ അറിയപ്പെടുന്ന ഈ നദി മാഗ്മ പാറകളിൽ നിന്ന് പുറത്തേക്ക് വരുന്ന ചൂടുറവകൾ മൂലമാണ് തിളയ്ക്കുന്ന നദി എന്നറിയപ്പെടുന്നത്. സൂര്യതാപത്തോടെ ഒഴുകുന്ന നദി എന്നാണ് പ്രദേശിക ഭാഷയിലുള്ള പേരിന്റെ അർഥം തന്നെ.

English Summary: The Amazon Isn't The Only Giant Waterway In Brazil, Another Hides Underground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com