കൂട്ടംതെറ്റി ഒരു മാസത്തോളം കാട്ടിൽ: വിചിത്രമായ ഒരു ‘വൈൽഡ് ലൈഫ്’-വിഡിയോ

Bolivian Man, Rescued From Amazon Forest After 30 Days, Survived On Worms And Urine
Grab Image from Manorama News
SHARE

ലോക വൈൽഡ്‌ലൈഫ് ദിനത്തിൽ വൈറലാവുകയാണ് വിചിത്രമായ ഒരു ‘വൈൽഡ് ലൈഫ്’. തെക്കേ അമേരിക്കയിലെ ആമസോൺ മഴക്കാടുകളിൽ കൂട്ടംതെറ്റിപ്പോയ ഒരു മനുഷ്യൻ ഒരു മാസത്തോളം കാട്ടിൽ താമസിച്ച വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ലോകത്തിലെ ഏറ്റവും വലിയ കാടാണ് ആമസോൺ മഴക്കാടുകൾ. തെക്കേ അമേരിക്കൻ വൻകരയിൽ ബ്രസീൽ ഉൾപ്പെടെ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ഈ കാട്ടുപ്രദേശത്ത് 30 ദിനങ്ങൾ മരണത്തെ മുന്നിൽ കണ്ടാണ് ആ വ്യക്തി ജീവിച്ചത്. വടക്കൻ ബൊളീവിയയിൽ വേട്ടയാടാനായി പോയ 30 വയസ്സുള്ള ജൊനാഥൻ അക്കോസ്റ്റയാണ് ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന അനുഭവങ്ങളിലൂടെ കടന്നുപോയത്.

കഴിഞ്ഞ ജനുവരി 25നാണു കൂട്ടുകാർക്കൊപ്പം വടക്കൻ ബൊളീവിയയിലേക്കു പോയ അക്കോസ്റ്റ കൂട്ടുകാരിൽ നിന്നു കൂട്ടംതെറ്റി ഒറ്റപ്പെട്ടത്. ബൊളീവിയ സ്വദേശികൂടിയാണ് അക്കോസ്റ്റ. ഇടതൂർന്ന ആമസോൺ മഴക്കാടിൽ മറ്റു മനുഷ്യരെ കാണാതെ വഴിയും ദിക്കുമറിയാതെ അക്കോസ്റ്റയ്ക്ക് 30 ദിനങ്ങളിലേറെ കഴിയേണ്ടിവന്നു.പുഴുക്കളും കാട്ടുപഴവും മറ്റു കീടങ്ങളുമൊക്കെയായിരുന്നു അക്കോസ്റ്റയുടെ ആഹാരം. ദാഹമകറ്റാനുള്ള ഉപാധികളൊന്നും അക്കോസ്റ്റയ്ക്ക് ഇല്ലായിരുന്നു. ആമസോൺ നദി ഒഴുകുന്നുണ്ടെങ്കിലും അവിടെ നിന്ന് അകലെയായിരുന്നു അക്കോസ്റ്റ നിന്നിരുന്നത്. മഴ പെയ്യാനായി അക്കോസ്റ്റ പ്രാർഥിച്ചിരുന്നു. ഒടുവിൽ ആ പ്രാർഥന ഫലിച്ചു. പെയ്ത മഴവെള്ളം തന്റെ റബർബൂട്ടിൽ ശേഖരിച്ച് അദ്ദേഹം കുടിച്ചു. എന്നാൽ താമസിയാതെ മാനം തെളിഞ്ഞു മഴപോയി. വെള്ളം കിട്ടാതെയായി. ഒടുവിൽ മറ്റു മാർഗമില്ലാതെ സ്വന്തം മൂത്രം കുടിക്കേണ്ടി വന്നു. പുള്ളിപ്പുലികളുൾപ്പെടെ വന്യജീവികളെ അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു.

ദിവസങ്ങൾക്കു മുൻപ് ആമസോണിലെത്തിയ ഒരു തിരച്ചിൽ സംഘത്തെ 300 മീറ്റർ അകലെ നിന്ന് അക്കോസ്റ്റ കണ്ടെത്തി. സഹായം ചോദിച്ചുകൊണ്ട് അവർക്കരികിലേക്ക് അദ്ദേഹം കുതിച്ചു. അങ്ങനെയാണ് ആമസോണിൽ നിന്ന് അക്കോസ്റ്റ മോചിതനായത്. ഒരു മാസത്തെ കാട്ടുജീവിതം അക്കോസ്റ്റയുടെ ശരീരഭാരത്തിൽ നിന്നു 17 കിലോ കുറച്ചു. ശരീരത്തിൽ നിർജലീകരണം കാരണം പ്രശ്നങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ചികിത്സയിലായ അക്കോസ്റ്റ ഇനിയൊരിക്കലും വേട്ടയ്ക്കു പോകില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. 23 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ആമസോൺ മഴക്കാടുകളുടെ വിസ്തീർണം. ബ്രസീലിലാണ് ഇത് ഏറ്റവും കൂടുതൽ സ്ഥിതി ചെയ്യുന്നത്. വടക്ക് ഗുജാന ഹൈലാൻഡ്സും, പടിഞ്ഞാറ് ആൻഡീസ് പർവതനിരകളും കിഴക്ക് അറ്റ്ലാന്റിക് മഹാസമുദ്രവും ഈ മഴക്കാടുകൾക്ക് അതിർത്തിയൊരുക്കുന്നു. ഉയർന്ന മഴപ്പെയ്ത്തും താപനിലയുമുള്ള കാടുകളാണ് ഇവ.  

ലോകത്തിലെ ഏറ്റവും വൈവിധ്യമുള്ള ജൈവവ്യവസ്ഥ സ്ഥിതി ചെയ്യുന്ന മേഖല കൂടിയാണ് ആമസോൺ മഴക്കാടുകൾ. വിവിധതരം കീടങ്ങൾതൊട്ട് മരങ്ങളും ചെടികളും പക്ഷികളും മൃഗങ്ങളുമൊക്കെ ഇവിടെയുണ്ട്. ജാഗ്വർ, മനാറ്റീ,കാപിബാര, വിവിധ തരം രാത്രിഞ്ചരജീവികൾ, കുരങ്ങൻമാർ തുടങ്ങി വൈവിധ്യമായ ജൈവവിശേഷം ഇവിടെ സ്ഥിതി ചെയ്യുന്നു. മുന്നൂറിലധികം തദ്ദേശീയ ഗോത്രവിഭാഗങ്ങളും ആമസോണിനെ വീടെന്നു വിളിക്കുന്നു.

അക്കോസ്റ്റയുടെ സംഭവമൊക്കെ വിരൽചൂണ്ടുന്നത് ആമസോണിൽ ഇന്നും നിർബാധം നടക്കുന്ന അനധികൃത വേട്ടയെക്കുറിച്ചാണ്. ഇതൊക്കെ ചെറിയ സംഭവങ്ങൾ. ശക്തമായ മാഫിയകളും ഇതിനു പിന്നിലുണ്ട്. കൂടാതെ അനധികൃതഖനനവും ആമസോണിന്റെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. മുൻ പ്രസിഡന്റായിരുന്ന ജൈർ ബൊൽസനാരോ ഇത്തരം പ്രവൃത്തികൾക്കു മൗനാനുവാദം കൊടുത്തെന്നെ പേരിൽ ധാരാളം പഴികേട്ടിരുന്നു.

ഗാരിംപെറോസ് എന്നാണ് ആമസോണിലെ അനധികൃത ഖനനക്കാർ അറിയപ്പെടുന്നത്. കാസിറ്ററൈറ്റ് എന്ന അയിരാണ് ഇവർ ആമസോണിൽ നിന്നു ഖനനം ചെയ്തെടുക്കുന്നത്. കറുത്ത സ്വർണമെന്നും വിളിപ്പേരുള്ള ഇത് ഖനന മാഫിയ കച്ചവടക്കാർക്കു വിൽക്കും. ഖനന മാഫിയ ആമസോണിലെ തദ്ദേശീയ ഗോത്രങ്ങളെ ഉപദ്രവിച്ച സംഭവങ്ങളും ധാരാളമാണ്. ഖനനത്തിന്റെ ബാക്കിപത്രമായി വനത്തിലെ ജലാശയങ്ങളും മലിനമാകുന്നു. ബൊൽസൊനാരോയ്ക്കു ശേഷം അധികാരത്തിൽ വന്ന ലൂല സർക്കാർ ഖനനത്തിനെതിരെ പ്രതീക്ഷാനിർഭരമായ നടപടികളെടുത്തുതുടങ്ങിയിട്ടുണ്ട്. ഹെലിക്കോപ്റ്ററിലും മറ്റുമായി ബ്രസീലിയൻ സൈന്യം മേഖലയിൽ പട്രോൾ ചെയ്യുന്നത് മാഫിയയ്ക്ക് സമ്മർദ്ദമേറ്റിയിട്ടുണ്ട്. എന്നാൽ പിടിച്ചപിടിയാലേ ഈ പ്രവർത്തനങ്ങളൊന്നും നിർത്താൻ സാധിക്കുകയില്ലെന്നും അതിനു സമയമെടുക്കുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. ആമസോൺ സംബന്ധിച്ച ഓരോ വാർത്തയും ലോകത്തിനു മുഴുവൻ താൽപര്യമുള്ളതാണ്. കാരണം, ആമസോൺ അറിയപ്പെടുന്നത് തന്നെ ഈ ഭൂമിയുടെ ശ്വാസകോശം എന്ന പേരിലാണ്.

English Summary: Bolivian Man, Rescued From Amazon Forest After 30 Days, Survived On Worms And Urine

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS