സംസ്ഥാനത്ത് വേനൽചൂട് ശമനമില്ലാതെ തുടരുന്നു. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലുമാണ് കഠിനമായ ചൂട് അനുഭവപ്പെടുന്നത്. കോട്ടയം, എറണാകുളം ജില്ലകളിൽ പകൽ താപനില 38 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ചൂട്. അതേസമയം, സംസ്ഥാനത്തെ ശരാശരി പകൽ താപനില 35 ഡിഗ്രിയാണ്. പകൽ പുറത്ത് ജോലിചെയ്യുന്നവരും യാത്ര ചെയ്യുന്നവരും സൂര്യാതപവും നിർജലീകരണവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ വിമാനത്താവളത്തിൽ 41.3 ഡിഗ്രി സെൽഷ്യസ് പകൽ താപനില രേഖപ്പെടുത്തി. പാണത്തൂർ (കാസർകോട്), ആറളം (കണ്ണൂർ), നിലമ്പൂർ (മലപ്പുറം), മണ്ണാർക്കാട് (പാലക്കാട്) എന്നീ സ്ഥലങ്ങളിൽ 40 ഡിഗ്രിക്കു മുകളിലാണ് ചൂട്. എറണാകുളം, കോട്ടയം ജില്ലകളിൽ 38 ഡിഗ്രിയായി. പകൽ താപനില താരതമ്യേന കുറഞ്ഞുനിൽക്കുന്നത് തെക്കൻ ജില്ലകളിലാണ്. തിരുവനന്തപുരം ഒഴികെ മറ്റെല്ലാ ജില്ലകളിലും ചൂട് 35 ഡിഗ്രിക്കു മുകളിലാണ്. ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അടുത്ത 5 ദിവസത്തേക്ക് എവിടെയും മഴ പ്രവചിച്ചിട്ടില്ല.
English Summary: Soaring temperatures in Kerala