ADVERTISEMENT

കടുത്ത വരൾച്ച മൂലം തടാകം വറ്റിവരണ്ടതിനെത്തുടർന്ന് ഈസ്റ്റർ ദ്വീപിൽ പുതിയ മോഐ പ്രതിമ കണ്ടെത്തി. തടാകത്തിന്റെ അടിത്തട്ടിൽ നിന്നാണു പ്രതിമ കണ്ടെത്തിയത്. 3 ചിലിയൻ സർവകലാശാലകളിൽ നിന്നുള്ള ഗവേഷക സംഘമാണ് പ്രതിമയുടെ കണ്ടെത്തലിനു പിന്നിൽ. 2018 മുതൽ വറ്റിക്കൊണ്ടിരിക്കുന്ന ഈ തടാകത്തിൽ ഇവർ പഠനം നടത്തുന്നുണ്ട്. ദ്വീപിൽ പണ്ട് സജീവമായിരുന്നതും ഇപ്പോൾ നശിച്ചുപോയതുമായ റാണോ റരാകു എന്ന അഗ്നിപർവത ഗർത്തമാണു തടാകമായി മാറിയത്. വോൾക്കാനോ ക്രേറ്റർ ലേക്ക് എന്നാണ് ഇത്തരം തടാകങ്ങൾ അറിയപ്പെടുന്നത്. അഞ്ചടി പൊക്കമാണ് ഇപ്പോൾ കണ്ടെത്തിയ മോഐ പ്രതിമയ്ക്കുള്ളത്. ഇത് എങ്ങനെയാണ് തടാകത്തിന്റെ അടിത്തട്ടിലെത്തിയതെന്നതാണ് കൗതുകകരമായ കാര്യം.

ലോകപ്രശസ്തമായ ടൂറിസ്റ്റ് സങ്കേതവും ആദിമ മനുഷ്യചരിത്രത്തിന്റെ തെളിവുകളുറങ്ങുന്ന മേഖലയുമാണ് ഈസ്റ്റർ ദ്വീപ്. തെക്കൻ അമേരിക്കൻ രാജ്യം ചിലെയുടെ അധീനതയിലുള്ള ഈ ദ്വീപിനെ ലോകഭൂപടത്തിൽ വ്യത്യസ്തമാക്കുന്നത്തന്നെ ആകാശത്തേക്കു നോക്കുന്ന നിലയിൽ സ്ഥാപിക്കപ്പെട്ട ആയിരത്തോളം മോഐ കൽപ്രതിമകളാണ്.ഈ കൽപ്രതിമകളിൽ കുറേയെണ്ണത്തിന് ഒക്ടോബർ ആദ്യവാരം സംഭവിച്ച തീയിൽ നാശനഷ്ടം വന്നിരുന്നു, മനുഷ്യപ്രവർത്തി മൂലമാണ് ഈ കാട്ടുതീ ഇവിടെ ശക്തമായി കത്തിയതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഇവിടെ കന്നുകാലി ഫാം നടത്തുന്നവർ ഉണങ്ങിക്കരിഞ്ഞ പുൽമേട് നശിപ്പിക്കാനായി തീയിട്ടതാണ് കാട്ടുതീയിലേക്കു പരിണമിച്ചത്.

ചിലെയുടെ പടിഞ്ഞാറൻ തീരത്തിനു 2200 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഈസ്റ്റർ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ റാപാ ന്യൂയി ഗോത്രത്തിലുള്ള ആളുകളാണ് മോഐ പ്രതിമകൾ എന്നറിയപ്പെടുന്ന ഈ കൽപ്രതിമകൾ നിർമിച്ചത്. എഡി 1400–1650 കാലയളവിലായിരുന്നു വളരെ ശ്രമകരമായ രീതിയിൽ ഈ പ്രതിമകൾ നിർമിക്കപ്പെട്ടത്. റാനോ രറാക്കു അഗ്നിപർവതക്കുഴിയിൽ നിന്ന് പാറ ശേഖരിച്ചാണ് പ്രതിമകളുടെ നിർമാണം ഗോത്രവർഗക്കാർ നടത്തിയത്. ലാപിലി ടഫ് എന്നു പേരുള്ള അഗ്നിപർവത ചാരത്തിൽ നിർമിക്കപ്പെട്ടതാണ് ഈ പാറകൾ. 63.2 ചതുരശ്ര അടി വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ 7,750 േപരാണ് ഇപ്പോൾ അന്തേവാസികൾ.

English Summary: Dried Lake Reveals New Statue on Easter Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com