കടുത്ത ചൂടിൽ വെന്തുരുകി കേരളം; 40 ഡിഗ്രി സെല്‍ഷ്യസും പിന്നിട്ട് താപനില

Day temperature may remain high in Kerala
Image Credit: kong24122544/Istock
SHARE

കുംഭച്ചൂടില്‍ കേരളം ഉരുകുന്നു. ഉത്തരകേരളത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസും പിന്നിട്ടു. കാര്യമായ വേനല്‍ മഴയ്ക്ക് സാധ്യതയി‌ല്ലാത്തതിനാല്‍ വരും ദിവസങ്ങളിലും പകല്‍താപനില ഉയര്‍ന്നുതന്നെ നില്‍ക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഈ വേനല്‍ കാലത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്നതാപനില രേഖപ്പെടുത്തിയത്, കണ്ണൂര്‍വിമാനത്താവളത്തില്‍ മാര്‍ച്ച് നാലിന് 41 ഡിഗ്രി സെല്‍സ്യസായിരുന്നു പകല്‍താപനില. കണ്ണൂര്‍ ടൗണില്‍ 37.1 ഡിഗ്രി രേഖപ്പെടുത്തി. തൃശൂര്‍ ജില്ലയിലും കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. 37.4 വെള്ളാനിക്കരയില്‍ അനുഭവപ്പെട്ടു. പുനലൂരില്‍ 36.6 , കൊച്ചിരാജ്യാന്തരവിമാനത്താവളത്തില്‍ 36.2  എന്നിങ്ങനെയായിരുന്നു താപനില.

മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലും പകൽ താപനില 35 ഡിഗ്രിക്ക് മുകളിലാണ്. കഴിഞ്ഞ 24 മണിക്കൂറായി 37 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയ കോട്ടയം ജില്ലയിൽ കർഷകരും വലിയ പ്രതിസന്ധി നേരിടുകയാണ്. മാസങ്ങൾക്കു മുൻപ് നട്ട പച്ചക്കറികളൊക്കെയും പൂർണ്ണമായും കരിഞ്ഞു പോയതോടെ വരുമാനമടഞ്ഞു. വേനൽ മഴ അടുത്തെങ്ങും ലഭിക്കില്ലെന്ന് ഉറപ്പായതോടെ കൃഷി നിർത്തിവച്ചിരിക്കുകയാണ് പല കർഷകരും. മിക്ക ജില്ലകളിലും 35 ലേക്ക് പകല്‍താപനില ഉയര്‍ന്നിട്ടുണ്ട്. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥ വകുപ്പ് സ്ഥിരമായി നൽകുന്ന കണക്കുകൾ പ്രകാരം കോട്ടയത്താണ് ഏറ്റവും കൂടിയ പകൽ താപനില; 37 ഡിഗ്രി സെൽഷ്യസ്. ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടിയ ചൂട് 40.6 ഡിഗ്രി കണ്ണൂർ വിമാനത്താവള പരിസരത്താണ്. പിണറായിയിലും ചൂട് കൂടി. കഴിഞ്ഞ ദിവസം 34.9 ഡിഗ്രിയായിരുന്ന താപനില ഒറ്റദിവസം കൊണ്ട് 38.4 ഡിഗ്രിയായി വർധിച്ചു. കാസർകോട് മുളിയാറിൽ 37.2 ഡിഗ്രിയാണ് ചൂട്. 

10, 11 തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലും 12ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും നേരിയ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും‍ തീരദേശവാസികളും ജാഗ്രത പാലിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങി ഉള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കണമെന്നും നിർദേശമുണ്ട്. എന്നാൽ, കേരള തീരത്ത് മത്സ്യബന്ധത്തിനു തടസ്സമില്ല.

മുതിര്‍ന്ന പൗരന്‍മാര്‍ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍പ്രത്യേകം ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്നുമണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് കഴിവതും ഒഴിവാക്കണം. പുറത്തു ജോലിചെയ്യുന്നവരുടെ ജോലിസമയം തൊഴില്‍വകുപ്പ് പുനക്രമീകരിച്ചിട്ടുണ്ട്. തീപിടുത്തം ഒഴിവാക്കാനായി പ്രത്യേക ജാഗ്രതപാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുടിവെള്ള ക്ഷാമവും പലപ്രദേശങ്ങളിലും അനുഭവപ്പെട്ടു തുടങ്ങി. വേനല്‍മഴ ശക്തമാകാന്‍ ഇനിയും സമയം എടുത്തേക്കും. മധ്യകേരളത്തിലും തെക്കന്‍ജില്ലകളിലും നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

English Summary: Day temperature may remain high in Kerala

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS