ADVERTISEMENT

മനുഷ്യരിൽ മാത്രമല്ല മറ്റു ജീവജാലങ്ങൾക്കിടയിലും കൂട്ടമായി കൊലപാതകങ്ങൾ നടത്താൻ പ്രവണതയുള്ളവയുണ്ട്. അത്തരക്കാരുടെ മുന്നിൽ ഇരകളുടെ ഒരു വലിയ കൂട്ടം വന്നുപെട്ടാൽ എന്തായിരിക്കും അവസ്ഥ. ആ കൂട്ടത്തെ തന്നെ അവ ഇല്ലാതാക്കിയെന്ന് വരും. അത്തരം ഒരു സംഭവമാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ദക്ഷിണാഫ്രിക്കയ്ക്ക് സമീപ പ്രദേശത്തെ സമുദ്രത്തിലുണ്ടായത്. രണ്ട് കൊലയാളി തിമിംഗലങ്ങളുടെ ആക്രമണത്തിൽ ഒന്നും രണ്ടുമല്ല ഇരുപതോളം സ്രാവുകളാണ് ചത്തുതീരത്തടിഞ്ഞത്.

 

സ്രാവുകളുടെ ജഡങ്ങൾ കൂട്ടത്തോടെ തീരത്ത് വന്നടിഞ്ഞതോടെയാണ് സംഭവം ശ്രദ്ധനേടിയത്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ട് തിമിംഗലങ്ങൾ ചേർന്ന് ഒറ്റയടിക്ക് 17 സ്രാവുകളെ കൊന്നതായാണ് തിരിച്ചറിഞ്ഞത്. കേപ് ടൗണിൽ നിന്നും ഏതാണ്ട് 100 മൈൽ അകലെയായി സ്ഥിതിചെയ്യുന്ന ഗാൻസ്ബായ് എന്ന പ്രദേശത്ത് കടൽത്തീരത്ത് സന്ദർശനത്തിനെത്തിയ ചിലർ സ്രാവുകളുടെ ജഡം കൂട്ടമായി വന്നടിഞ്ഞ കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു.

 

സംഭവം നടക്കുന്നതിന് മൂന്നു ദിവസങ്ങൾക്ക് മുൻപ് ഓർക്ക വിഭാഗത്തിൽപ്പെട്ട രണ്ട് തിമിംഗലങ്ങളെ ഗാൻസ്ബായ് മേഖലയിൽ ഗവേഷകർ കണ്ടെത്തിയിരുന്നു.  വിവിധ ഇനങ്ങളിൽപെട്ട സ്രാവുകളെ ഇവ ഇരയാക്കുന്നതായി തിരിച്ചറിയുകയും ചെയ്തു. ആക്രമകാരികളായ തിമിംഗലങ്ങൾക്ക് പോർട്ട്, സ്റ്റാർ ബോർഡ് എന്നിങ്ങനെയാണ് ഗവേഷകർ പേരുകൾ നൽകിയിരിക്കുന്നത്. തിമിംഗലങ്ങളുടെ ആക്രമണ സ്വഭാവം തിരിച്ചറിഞ്ഞതു മുതൽ ഗവേഷകർ അവയെ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്.

 

ഏകദേശം രണ്ടു മണിക്കൂറോളം സമയം ഒരേ സ്ഥലത്ത് തിമിംഗലങ്ങളെ കണ്ടിരുന്നതായി ഗവേഷകർ പറയുന്നു. അതിനുശേഷം ബ്രോഡ്നോസ് സെവൻഗിൽ ഇനത്തിൽപെട്ട 11 സ്രാവുകളുടെ ജഡങ്ങൾ തീരത്തടിഞ്ഞിരുന്നു. ഇതേ തുടർന്ന് സ്രാവുകളുടെ ജഡങ്ങളിൽ പരിശോധനകളും നടത്തി. ഇവയുടെ ശരീരം പിളർന്ന നിലയിലായിരുന്നു എന്ന് പരിശോധന നടത്തിയ റോഡ്സ് സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ജഡങ്ങളിൽ കരൾ കണ്ടെത്താനും സാധിച്ചിരുന്നില്ല.

 

ഒന്നര മീറ്ററിനും രണ്ടര മീറ്ററിനും ഇടയിൽ നീളമുണ്ടായിരുന്ന 11 സ്രാവുകളും പെൺ വർഗത്തിൽ പെട്ടവ ആയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് കൂടുതൽ ജഡങ്ങൾ തീരത്തടിഞ്ഞത്. എന്നാൽ ഇപ്പോൾ കണക്കാക്കിയതിലും കൂടുതൽ സ്രാവുകൾ ചത്തിട്ടുണ്ടാകാമെന്നും ഗവേഷകർ പറയുന്നു. ഏതെങ്കിലും മേഖലകളിൽ സ്രാവുകളുടെ ജഡങ്ങൾ അടിഞ്ഞതായി കണ്ടെത്തിയാൽ ഉടൻതന്നെ മറൈൻ ഡൈനാമിക്സ് അക്കാദമിയെ വിവരം അറിയിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഗവേഷകർ ആവശ്യപ്പെട്ടിട്ടുണ്ട്.

 

English Summary: Nearly two dozen sharks found dead after two killer whales' 'surgical' feeding frenzy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com