ADVERTISEMENT

റു മാസം വെയിൽ, ആറു മാസം മഴ; ഇതായിരുന്നു അടുത്തകാലം വരെ കേരളത്തിലെ ഒരു രീതി. പക്ഷേ അതിപ്പോൾ മാറിയിരിക്കുന്നു. ആറുമാസത്തിലധികം മഴ കൂടുന്നതാണ് നിലവിലെ അവസ്ഥ. വെയിൽദിനങ്ങൾ ചുരുങ്ങി വരുന്നു, പക്ഷേ അതിന്റെ തീവ്രത അതികഠിനമായി മാറുകയാണ്. 149 വർഷത്തിനിടയിൽ ഇന്ത്യയില്‍ ഏറ്റും കൂടുതൽ ചൂട് അനുഭവപ്പെട്ട ഫെബ്രുവരിയാണ് 2023ൽ കഴിഞ്ഞുപോയതെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (ഐഎംഡി) റിപ്പോർട്ട് വന്നിട്ട് അധിക നാളുകളായിട്ടില്ല. ഈ വർ‌ഷം രാജ്യത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് ഫെബ്രുവരി ആദ്യം പാലക്കാടുമാണ്. കാതങ്ങൾക്കപ്പുറത്തുള്ള രാജ്യങ്ങളിൽനിന്നും ഭൂഖണ്ഡങ്ങൾക്കപ്പുറത്തുനിന്നുമൊക്കെ നേരത്തേ കേട്ടിരുന്ന അളവുകളാണ് നമ്മുടെ തെ‍ാട്ടടുത്തിന്ന് രേഖപ്പെടുത്തുന്നത്. മാറിമറിഞ്ഞ മഴക്കാലവും തിളച്ചുമറിയുന്ന രീതിയിലേക്ക് എത്തുന്ന കടലിന്റെ ചൂടും കുഴഞ്ഞുമറിഞ്ഞ അന്തരീക്ഷസ്ഥിതിയാണ് സൃഷ്ടിക്കുന്നത്. ഇതിനിടയിൽ, പിടിച്ചുനിൽക്കാനുള്ള ആസൂത്രണങ്ങളിലാണ് രാഷ്ട്രങ്ങൾ. വലിയ തേ‍ാതിലുളള കാലാവസ്ഥ വ്യതിയാനവുമായി പൊരുത്തപ്പെടാനുളള വന്യമൃഗങ്ങളുടെ തത്രപ്പാടും അതിന്റെ ഭാഗമായുള്ള അവയുടെ കാടിറങ്ങലുമെല്ലാം മനുഷ്യജീവിതം കൂടുതൽ ദുസ്സഹമാക്കുന്നു. 

ദോഹയിൽ താപനിലയിൽ കുറവു വരുത്തുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമായി റോഡിൽ ഇളംനീല നിറത്തിൽ പെയിന്റടിച്ചിരിക്കുന്നു (Photo by AFP)
ദോഹയിൽ താപനിലയിൽ കുറവു വരുത്തുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമായി റോഡിൽ ഇളംനീല നിറത്തിൽ പെയിന്റടിച്ചിരിക്കുന്നു (Photo by AFP)

 

കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് കൃത്യമായ ഒരു പ്രവചനവും നിരീക്ഷണവും സാധ്യമല്ലാത്ത സാഹചര്യമാണുള്ളതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ പലപ്പ‍ോഴായി പറഞ്ഞുകഴിഞ്ഞു. കഠിനമായ വെയിൽ, പിന്നാലെ അതിതീവ്ര മഴയും. ഇതുവരെയുളള നിരീക്ഷണങ്ങൾ അടിസ്ഥാനമാക്കി, ഇത്തവണയും ഇന്ത്യയിൽ പലയിടത്തും ഉഷ്ണതരംഗത്തിനുളള സാധ്യത ശാസ്ത്രജ്ഞർ തള്ളുന്നില്ല. കേരളത്തിൽ ചിലയിടങ്ങളിൽ ചൂട് 40 ഡിഗ്രിക്ക് മുകളിൽ രേഖപ്പെടുത്തിയതിനാൽ, ഉഷ്ണതരംഗസമാനമായ സാഹചര്യം ഇവിടെയും നിരീക്ഷിക്കേണ്ടതുണ്ടെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞന്മാർക്കിടയിൽ ചർച്ചയുണ്ട്.. എന്നാൽ പുതുതായി സ്ഥാപിച്ച ‍ഒ‍ാട്ട‍മാറ്റിക് വെതർ സ്റ്റേഷനിലാണ് 40ന് മുകളിൽ ഉഷ്ണം കാണിച്ചതെന്നതിനാൽ അത് അതേപടി എടുക്കരുതെന്നാണ് ഐഎംഡിയുടെ നിലപാട് എന്നാണു സൂചന. വേനൽമഴ ലഭിച്ചാൽ ചെറിയ ആശ്വാസമാകുമെങ്കിലും അത്, തീയിൽ പഴുത്ത ഇരുമ്പിൽ വെള്ളമെ‍ാഴിച്ച സ്ഥിതിയാണുണ്ടാക്കുകയെന്നതാണ് സത്യം.

 

Image Credit: kong24122544/Istock
Image Credit: kong24122544/Istock

∙ പ്രളയമാകുന്ന മഴ, ആഘാതമാകുന്ന അത്യുഷ്ണം

എന്തായാലും ചൂട് ഇത്തവണ അതികഠിനമാകുമെന്നാണ് ഇതുവരെയുള്ള നിരീക്ഷണവും റിപ്പേ‍ാർട്ടുകളും. ഉഷ്ണ തീവ്രതയെക്കുറിച്ച് വടക്കൻ ജില്ലകളിൽ നേരത്തേ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. അടുത്ത ദിവസങ്ങളിൽ അതു തെക്കിനും കൂടുതൽ ബാധകമാകാതിരിക്കില്ല, ശുദ്ധജലക്ഷാമം പലയിടത്തും രൂക്ഷമാകാം. ശക്തമാകുന്ന ചൂടിനെ നേരിടാനുളള പദ്ധതി സംസ്ഥാന ദുരന്തനിവാരണ അതേ‍ാറിറ്റി തയാറാക്കിക്കെ‍ാണ്ടിരിക്കുകയാണ്. കഠിമായചൂട് പ്രകൃതിയുടെ സ്വാഭാവിക പ്രതികരണമെന്ന് ആശ്വസിക്കാനാകില്ല. മനുഷ്യന്റെ അസ്വഭാവികമായ. ഇടപെടലുകളും ചില കൈവിട്ട പ്രവൃത്തികളുടെ അനന്തരഫലവുമാണ് അതിനു പിന്നിലുള്ളതെന്ന് പ്രത്യേകം പറയേണ്ടതില്ല. 

 

പരിസ്ഥിതി–വികസന വെല്ലുവിളി ലേ‍ാകത്ത് മറ്റിടങ്ങളിലെന്ന പേ‍ാലെ കെ‍ാച്ചു സംസ്ഥാനമായ കേരളത്തിലും പ്രധാനവിഷയമാണ്. നശിക്കുന്ന പരിസ്ഥിതിയുടെ വീണ്ടെടുക്കലിന് വലിയ പരിമിതികളുണ്ട്. തീ പിടിച്ചു ചാമ്പലാകുന്ന സ്വാഭാവിക വനത്തിനുപകരം വനംവച്ചുപിടിപ്പിക്കും എന്ന രാഷ്ട്രീയ പ്രഖ്യാപനം പേ‍ാലെയാണത്.  മഹാപ്രളയവർ‌ഷമായ 2018ൽ, വേനൽമഴയിൽ 55 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ആ വർഷം ജൂലൈ പകുതിവരെ കാലവർഷത്തിൽ ലഭിക്കേണ്ട മഴയിൽ 46 ശതമാനവും കുറഞ്ഞു. പിന്നീടുണ്ടായ പ്രളയദുരന്തം കേരളത്തിന് മറക്കാനാകില്ല. ആ വർഷം ചൂടും കഠിനമായിരുന്നു. 2019ൽ ഇടവപ്പാതി തകർത്തുപെയ്യേണ്ട ദിവസങ്ങളിൽ കേരളം സാക്ഷിയായത് (ജൂണിൽ) 140 വർഷത്തിനിടയിലെ ഏറ്റവും ഉഷ്ണം കൂടിയ ദിവസങ്ങൾക്കാണ് എന്നാണ് എൻഒഎഎ (നാഷണൽ‌ ഒ‍ാഷ്യാനിക് ആൻഡ് അറ്റ്മേ‍ാസ്ഫറിക് അഡ്മിനിസ്ട്രേഷൻ) കണക്കുകൾ പറയുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 2019ൽ സൂര്യാഘാതം അടക്കം അത്യുഷ്ണത്തെ തുടർന്നുണ്ടായ ആരേ‍ാഗ്യപ്രശ്നങ്ങളാൽ 1672 പേരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്.

 

∙ റോഡുകളേറുന്നു, ചൂടും

Image Credit: Pratyush Jena/ Istock
Image Credit: Pratyush Jena/ Istock

വികസനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ കാലാവസ്ഥയെ ദോഷകരമായി ബാധിക്കുന്നുണ്ടോ? വികസനപ്രവൃത്തികളിലെ തെറ്റായ മുൻഗണനാക്രമവും പക്വതയില്ലാത്ത സമീപനവും അതികഠിനമായ ചൂടിലേക്കും അതിതീവ്ര മഴയിലേക്കും നയിക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. നിർമാണങ്ങളിൽ പലതും പരിധി വിടുന്ന സ്ഥിതിയാണിന്ന്. അത്യുഷ്ണത്തിന് ടാർ റേ‍ാഡുകൾ കൂടി കാരണമാകുന്നുണ്ടെങ്കിലേ‍ാ? നീണ്ടു നിവർന്നും ചിലയിടത്ത് വളഞ്ഞു പുളഞ്ഞും കിടക്കുന്ന കറുത്ത പാതകൾ ജീവിത വികസനത്തിന് പലതരത്തിലാണ് സഹായമാകുന്നത്. കൂടുതൽ ടാർ റോഡുകൾ അനിവാര്യമാകേണ്ട അവസ്ഥയുമാണ്. എന്നാൽ അത്യുഷ്ണം സൃഷ്ടിക്കുന്നതിലും അത് മേ‍ാശമല്ലാത്ത രീതിയിൽ പങ്കാളിത്തം വഹിക്കുന്നുണ്ടെന്നാണ് വിവിധ ഗവേഷണങ്ങളിലെ കണ്ടെത്തൽ. 

നല്ല ചൂടുളള ദിവസം ഉച്ചയ്ക്ക് ടാർ റേ‍ാഡിലേക്കിറങ്ങിയാൽ ആ ഭാഗത്തെ ഉഷ്ണം ശരിക്കും അനുഭവപ്പെടും. റേ‍ാഡിന് അത്ര വീതിയില്ലാത്തതിനാൽ ആ ചൂട് നമ്മൾ കാര്യമാക്കാറില്ല. പക്ഷേ അന്തരീക്ഷത്തിൽ അതു കാര്യമായ സ്വാധീനമാണു ചെലുത്തുന്നത്.

 

വികസനത്തിന്റെ അടിസ്ഥാനഘടകങ്ങളിൽ ഒന്ന് മികച്ച ഗതാഗത സൗകര്യമാണ്. കേരളത്തിൽ ജനകീയാസൂത്രണത്തേ‍ാടെ റേ‍ാഡുവികസനത്തിൽ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടായി. മുക്കിലും മൂലയിലും ടാർറേ‍ാഡുകൾ, ഇപ്പേ‍‍ാൾ ചിലയിടത്ത് കേ‍ാൺക്രീറ്റ് റേ‍ാഡുകളും വരുന്നുണ്ട്. ഒന്നേ‌ാ, രണ്ടേ‍ാ ടൂവീലറെങ്കിലുമില്ലാത്ത വീടുകളും ഇപ്പോൾ കുറവാണ്. ഒടുവിൽ, കേ‍ാവിഡ്കാലം, സ്വന്തം വാഹനം ആവശ്യമാണെന്ന നിലയിലേക്കും പലരെയും എത്തിച്ചു. അതോടെ എല്ലായിടത്തും റേ‍ാഡുകളുടെ ആവശ്യകതയും വർധിച്ചു. ടാറിടാതെ ശേഷിച്ചിരുന്ന ഇടറോഡുകളിൽ വരെ ടാറൊഴുകി. ഇപ്പേ‍ാഴത്തെ രാഷ്ട്രീയ നേതൃത്വത്തിന്റെ വികസന കാഴ്ചപ്പാടിൽ, റേ‍ാഡ്–കെട്ടിട നിർമാണത്തിനാണു പ്രധാന്യം. ഉൽപാദന മേഖല അവസാന പരിഗണന മാത്രമാണ്. ഇതു പക്ഷേ കാലാവസ്ഥയ്ക്ക് ദോഷം ചെയ്യുന്നില്ലേ?

ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

 

‍∙ നിറം മാറുമോ റോഡുകൾ?

ചെറുതും വലുതുമായ റേ‍ാഡുകളുടെ ശൃംഖല വികസനത്തിന്റെ പ്രധാന സൂചകമായി മാറുമ്പേ‍ാൾ, അവയും കാലാവസ്ഥാ മാറ്റത്തിനു വഴിവയ്ക്കുന്നുവെന്ന കണ്ടെത്തൽ‌ പെട്ടെന്ന് അംഗീകരിക്കാൻ തരമില്ല. എന്നാൽ,വസ്തുത അതാണെന്ന് കലാവസ്ഥാ ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു. ഈ വിഷയത്തിൽ പല പഠന റിപ്പേ‍ാർട്ടുകളും ആധികാരിക ഗവേഷണ മാഗസിനുകളിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞു. കറുത്തിരുണ്ട ടാർ റേ‍ാഡുകൾ ഉഷ്ണം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതു തിരിച്ചറിഞ്ഞ ചില വിദേശരാജ്യങ്ങൾ റേ‍ാഡുകളുടെ നിറം മാറ്റാനുളള നടപടികളും ആരംഭിച്ചതായാണ് റിപ്പ‍ോർട്ടുകൾ. കെ‍ാച്ചി സർവകലാശാല റഡാർ റിസർച് കേന്ദ്രത്തിലെ അക്കാദമിക് കേ‍ാ–ഒ‍ാർഡിനേറ്ററും പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞനുമായ ഡേ‍ാ.എം.ജി.മനേ‍ാജിന്റെ നിഗമനങ്ങളും ഈ വസ്തുതയാണ് വ്യക്തമാക്കുന്നത്. വിഷയത്തിൽ കൂടുതൽ ഗവേഷണത്തിനുളള തയാറെടുപ്പിലാണ് അദ്ദേഹം. 

ദോഹയിൽ താപനിലയിൽ കുറവു വരുത്തുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമായി റോഡിൽ ഇളംനീല നിറത്തിൽ പെയിന്റടിച്ചിരിക്കുന്നു (Photo by AFP)
ദോഹയിൽ താപനിലയിൽ കുറവു വരുത്തുന്നതിനുള്ള പരീക്ഷണത്തിന്റെ ഭാഗമായി റോഡിൽ ഇളംനീല നിറത്തിൽ പെയിന്റടിച്ചിരിക്കുന്നു (Photo by AFP)

 

അമേരിക്കയും ചൈനയും കഴിഞ്ഞാൽ കൂടുതൽ ദൈർഘ്യമേറിയ റേ‍ാഡുശൃംഖലയുളള രാജ്യം ഇന്ത്യയിലാണെന്നാണ് റിപ്പേ‍ാർട്ടുകൾ. ഏതാണ്ട് 45 ലക്ഷം കിലേ‍ാമീറ്ററേ‍ാളം വരുമത്. എല്ലാ പ്രദേശങ്ങളും റേ‍ാഡുകളാൽ ബന്ധിപ്പിക്കപ്പെടുന്ന സ്ഥിതിവിശേഷമാണിന്നുളളത്. അസൗകര്യങ്ങളുണ്ടെന്നു പരാതിപ്പെട്ടിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വരെ വൻകിട റേ‍ാഡ് പ്രേ‍ാജക്ടുകളാണ് നടപ്പാക്കിക്കെ‍ാണ്ടിരിക്കുന്നത്. വികസനസൂചികയിൽ അതു പ്രധാനംതന്നെ. കേരളത്തിൽ എതാണ്ട് 3.4 ലക്ഷത്തിലധികം കിലേ‍ാമീറ്റർ റേ‍ാഡുകളുണ്ട്. പഞ്ചായത്ത് തലത്തിൽ (85%), പൊതുമരാമത്ത് (9.8%), കേ‍ാർപറേഷൻ (4.5%). മുനിസിപ്പാലിറ്റി (2.1%), വനംവകുപ്പ് (1.5 %), ജലവിഭവവകുപ്പ് (0.9%), ദേശീയപാത (0.8%) എന്നിങ്ങനെയാണ് റേ‍ാഡുകളുടെ ദൈർഘ്യം. ഇവയുടെ വീതി ശരാശരി നാലുമീറ്റർ കണക്കാക്കിയാൽതന്നെ സംസ്ഥാനത്ത് ഏകദേശം 1300ലധികം ചതുരശ്രകിലേ‍‍ാമീറ്റർ വിസ്തീർണത്തിലാണ് റേ‍ാഡുകളുടെ വ്യാപനമെന്ന് ഡേ‍ാ. എം.ജി.മനേ‍ാജ് പറയുന്നു. അതിൽ മഹാഭൂരിഭാഗവും ടാർറേ‍ാഡുകളാണെന്നതും മനസ്സിലാക്കണം.വരുംവർഷങ്ങളിൽ റേ‍ാഡുവികസനം കൂടുതൽ നടപ്പാക്കാതെയും തരമില്ല. അത്രയേറെയാണ് നിരത്തിലേക്കിറങ്ങുന്ന വാഹനങ്ങൾ. ഇവിടെയാണ് ചൂടും റേ‍ാഡുകളും തമ്മിലെന്ത് എന്ന ചേ‍ാദ്യം ഉയരുക.

 

പ്രതീകാത്മക ചിത്രം: മനോരമ
പ്രതീകാത്മക ചിത്രം: മനോരമ

∙ നിറവും കാലാവസ്ഥയും തമ്മിൽ...

റോഡുകളുടെ നിറം കാലാവസ്ഥയെ ബാധിക്കുമോ? അതിനുള്ള മറുപടിയായി ഡോ. എം.ജി.മനേ‍ാജ്  പറയുന്നത് ഇതാണ്: പെട്രേ‍ാളിയം സംസ്കരിക്കുമ്പേ‍‍ാൾ ലഭിക്കുന്ന ഉപേ‍ാത്പന്നമായ ടാർ (ബിറ്റുമിൻ അസ്ഫാൾട്ട്) കറുപ്പു നിറമുളള കെ‍ാഴുത്തതും പശിമയുമുള്ള വസ്തുവാണ്. ഇതിന് സൂര്യപ്രകാശത്തെ നന്നായി ആഗിരണം ചെയ്യാൻ (ഏതാണ്ട് 80 മുതൽ 95% വരെ) കഴിയും. ഇതേ‍ാടെ അതിന്റെ പ്രതലം ചുറ്റുപാടുകളേക്കാൾ അതിവേഗം ചൂടുപിടിക്കുകയും ഈ അധികതാപം (10 ഡിഗ്രിവരെ) അതിവേഗം അന്തരീക്ഷത്തിലേക്ക് വിടുകയും ചെയ്യും. നല്ല ചൂടുളള ദിവസം ഉച്ചയ്ക്ക് ടാർ റേ‍ാഡിലേക്കിറങ്ങിയാൽ ആ ഭാഗത്തെ ഉഷ്ണം ശരിക്കും അനുഭവപ്പെടും. റേ‍ാഡിന് അത്ര വീതിയില്ലാത്തതിനാൽ ആ ചൂട് നമ്മൾ കാര്യമാക്കാറില്ല. പക്ഷേ അന്തരീക്ഷത്തിൽ അതു കാര്യമായ സ്വാധീനമാണു ചെലുത്തുന്നത്. 

 

സംസ്ഥാനത്തെ 1300 ചതുരശ്ര കിലേ‍ാമീറ്റർ റേ‍ാഡുകളിൽനിന്ന് ഉയരുന്ന ഉഷ്ണം അടിഞ്ഞുകൂടുമ്പേ‍ാൾ ഉണ്ടാകുന്നത്, അളവിൽ കവിഞ്ഞ താപേ‍ാർജമാണ്. വാഹന ഗതാഗതത്തിൽനിന്നുണ്ടാകുന്ന താപത്തിനു പുറമെയാണിതെന്നു കൂ‍ടി മനസ്സിലാക്കണം. ഇതിനോടൊപ്പം, സംസ്ഥാനത്തെ കേ‍ാൺക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണംകൂടി ചേർത്തുവായിക്കണം. 1000 ആളുകൾക്ക് ശരാശരി 336 വീടുകൾ എന്നതാണ്  2011ലെ കണക്ക്. അതിനുശേഷം നിർമിച്ച വീടുകൾകൂടി ഇതിനേ‍ാടു ചേർക്കണം. ഇതിനെല്ലാം പുറമെയാണ് മറ്റു കെട്ടിടങ്ങളുടെഎണ്ണം. ഭൂരിഭാഗവും കേ‍‍ാൺക്രീറ്റ് നിർമാണങ്ങളാണ്. ചിലതിന്റെ മേൽക്കൂരയിൽ ഇടക്കാലത്ത് മാറ്റം വരുത്തിയിട്ടുണ്ട്. ഒരു വീടിന് ശരാശരി 1000 ചതുരശ്ര അടി വിസ്തീർണം കണക്കാക്കിയാൽ എതാണ്ട് 1000 ചതുരശ്ര കിലേ‍‍ാമീറ്റർ മേൽക്കൂരയെങ്കിലും വരും മെ‍ാത്തം. ഇവയുണ്ടാക്കുന്ന പ്രാദേശിക താപം എത്രയാണെന്നു കൂടി കണക്കു കൂട്ടിയാലേ‍ാ? ആശങ്കപ്പെടുത്തുന്നതാണ് ഈ കണക്കെന്നു പറയുന്നു ഡോ.മനോജ്.

 

∙ കറുപ്പിൽ‌നിന്ന് ഇളം നീലയിലേക്ക്

കെട്ടിടങ്ങളുടെയും റേ‍ാഡുകളുടെയും എണ്ണം കൂടിയ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന ചൂടും എണ്ണം കുറഞ്ഞ സ്ഥലത്തെ ചൂടും തമ്മിൽ വളരെ വ്യത്യാസം കാണാം. അശാസ്ത്രീയ നിർമാണങ്ങളാൽ താപത്തുരുത്തായി (അർബൻ ഹീറ്റ് ഐലന്റ്) മാറുന്ന സ്ഥലങ്ങളുടെ എണ്ണം വർധിക്കുകയാണ്. നഗരപ്രദേശങ്ങളിൽ പ്രത്യേകിച്ചും. ഇതു ലേ‍ാകത്ത് പലയിടത്തും കൂടി വരുന്ന പ്രതിഭാസമായാണു കാലാവസ്ഥാ ശാസ്ത്രജ്ഞർ കാണുന്നത്. ഇതിൽനിന്ന് ആശ്വാസം ലഭിക്കാൻ ശീതീകരണ സംവിധാനങ്ങൾ വൻതേ‍ാതിൽ ഉപയേ‍ാഗിക്കാതെ കഴിയില്ല. അതുവഴി അന്തരീക്ഷത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ വേറെയുമുണ്ട്. ഉഷ്ണം വർധിക്കുമ്പേ‍ാൾ അന്തരീക്ഷ മലിനീകരണത്തിനു വഴിവയ്ക്കുന്ന സംയുക്തങ്ങളും സൃഷ്ടിക്കപ്പെടുന്നു. കേരളത്തിൽ കെ‍ാച്ചിയുടെ സ്ഥിതി മാത്രം നിരീക്ഷിച്ചാൽ ഈ പ്രശ്നം മനസ്സിലാകും. 

 

ടാർറേ‍ാഡുകളുടെയും ടെറസ്സുകളുടെയും കാര്യമെടുത്താൽ നിറമാണ് ഉഷ്ണം വർധിപ്പിക്കുന്നതെന്നാണു സുപ്രധാന നിരീക്ഷണം. റേ‍ാഡുകളുടെ നിറം കറുപ്പിൽ നിന്ന് വെളുത്തതാക്കിയാൽ റേ‍ാഡിന്റെ ഗുണവും മികവും കുറയുമേ‍ാ എന്ന സംശയവും സ്വാഭാവികമാണ്. അങ്ങനെയൊരു മാറ്റം വന്നാൽ റേ‍ാഡിൽ കൂടുതൽ വെളിച്ചം (അതിദീപ്തി) ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതു ഡ്രൈവർമാർക്ക് ബുദ്ധിമുട്ടാകുമെന്ന വാദവും ഉയരുന്നുണ്ട്. എന്നാൽ സൂര്യപ്രകാശത്തിലെ ദൃശ്യ വർണരാജിയിൽപ്പെടാത്തതും ഇൻഫ്രാ–റെഡ് തരംഗങ്ങളേ‍ാട് ചേർന്നുനിൽക്കുന്നതുമായ പ്രതിഫലനം സൃഷ്ടിക്കാനായാൽ തിളക്കം ഒരു പരിധിവരെ കുറയുമെന്നാണ് ഡേ‍ാ.മനേ‍ാജ് പറയുന്നത്. അതായത്, കടുംകറുപ്പിൽ നിന്ന് ഇളംനിറത്തിലേക്ക് റേ‍ാഡുകളെ മാറ്റാനാകും. അതുവഴി ചൂടിനെ വലിയ തേ‍ാതിൽ റേ‍ാഡ് വലിച്ചെടുക്കുന്നത് ഒരു പരിധിവരെ കുറയ്ക്കാമെന്നതാണ് നേട്ടം. റേ‍ാഡ്, കേ‍ാൺക്രീറ്റ് നിർമാണങ്ങളിലെ മാറ്റത്തിലൂടെ ശരാശരി 5 ഡിഗ്രി വരെ ചൂട് കുറയ്ക്കാൻ സാധിക്കുമെന്ന് 2011ൽ രാജ്യാന്തര തലത്തിൽ ഗവേഷകർ സ്ഥാപിച്ചിട്ടുണ്ട്. ആഗേ‍ാളതാപനത്തെ എങ്ങനെ പിടിച്ചുകെ‍െട്ടാമെന്ന് ലോകരാഷ്ട്രങ്ങൾ തലപുകയ്ക്കുമ്പോൾ ഇത്തരമൊരു കണ്ടെത്തൽ വലിയ ആശ്വാസമാണ്.

 

∙ കണ്ടെത്തണം കേരളത്തിനുമൊരു നിറം

എന്താണ് ഈ ചൂട് കുറയ്ക്കലിന്റെ ശാസ്ത്രം? സൂര്യപ്രകാശത്തിൽ വിവിധ വർണങ്ങളുണ്ടെന്നത് അടിസ്ഥാന ശാസ്ത്രം. കാണാൻ കഴിയുന്ന പ്രകാശത്തിൽ കൂടുതൽ ഊർജമുള്ളത് പച്ച–മഞ്ഞ (500– 600 നാനേ‍ാമീറ്റർ) നിരയിലുളള നിറങ്ങളിലാണ്. പിന്നീട് നീലരാജിയും. ഇവയെ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞാൽ, അന്തരീക്ഷത്തിൽ ചൂട് അധികമാകാതെ നിലനിർത്താൻ കഴിയും. നിബിഢവനമേഖലയിലെ അന്തരീക്ഷത്തിൽ ചൂട് കുറയുന്നത് ഒരു പരിധിവരെ ഊർജം കൂടിയ ഈ ഹരിതതരംഗങ്ങളെ പ്രതിഫലിപ്പിച്ചുകെ‍ാണ്ടാണ്. ഗൾഫ് മേഖലയിൽ ഖത്തറിൽ റേ‍ാഡിന്റെ നിറം നീലയാക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ശ്രമം തുടങ്ങിയെന്ന ശുഭകരമായ റിപ്പേ‍ാർട്ടുകൾ വന്നു കഴിഞ്ഞു. ഫുട്ബോൾ ലോകകപ്പിനു മുന്നോടിയായി ചൂടു കുറയ്ക്കാനുള്ള എല്ലാ നടപടികളും പരീക്ഷിച്ചപ്പോൾ അതിലൊന്ന് റോഡിന് നീലനിറം നൽകുകയെന്നതായിരുന്നു. 2019ൽത്തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ഇത് ആരംഭിക്കുകയും ചെയ്തു.

 

അത്തരത്തിൽ നമ്മുടെ റേ‍ാഡുകൾക്കു യേ‍ാജിച്ച നിറങ്ങൾ താമസിയാതെ കണ്ടെത്താൻ സർവകലാശാലകളും ഗവേഷണ ഏജൻസികളും ഗവേഷണം നടത്തണം. അപ്പേ‍ാൾ മാറുന്ന റേ‍ാഡിന് യേ‍ാജിച്ച വിധത്തിൽ ടയറുകളുടെ നിറത്തിലും മാറ്റം വേണ്ടിവരും. റേ‍ാഡിന്റെ നിറംമാറ്റത്തിന് തുടക്കം കുറിക്കാനായാൽ, കേരളത്തിന്റെ പരിസ്ഥിതിപരിപാലനത്തിലും മലിനീകരണത്തോ‍ത് കുറയ്ക്കുന്നതിലും കടുത്ത ഉഷ്ണത്തെ നേരിടാനുള്ള നടപടികളിലുമെല്ലാം വലിയ നേ‍ട്ടമായി മാറുമെന്നാണ് വിലയിരുത്തൽ. മൗലികമായ ഗവേഷണവും പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങാതെ തീരുമാനം നടപ്പാക്കലുമാണ് ഇക്കാര്യത്തിൽ അത്യാവശ്യം. അടിയന്തര വിഷയമായിത്തന്നെ ഇതു പരിഗണിച്ചാൽ താപനിയന്ത്രണ നടപടികളിലും കേരളം രാജ്യത്തിന് മാതൃകയായി മാറും.

 

English Summary: How do Roads Contribute to Global Warming? Why Qatar Road Color is Blue Rather than Black?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com