ADVERTISEMENT

രണ്ടാഴ്ച മുൻപാണ് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെന്നായ് കൂട്ടക്കൊലയ്ക്ക് സ്വീഡൻ സാക്ഷ്യം വഹിച്ചത്. ഇപ്പോൾ ഇതിനു പുറമെ നൂറ് കണക്കിന് കാട്ടുപൂച്ചകളെ കൂടി കൊല്ലുന്നതിനുള്ള ലൈസൻസ് വേട്ടക്കാർക്ക് നൽകിയിരിയ്ക്കുകയാണ് അധികൃതർ. ഇത്ര വ്യാപകമായ വേട്ട ഒരു പക്ഷേ ലിൻക്സ് എന്നറിയപ്പെടുന്ന സ്വീഡനിലെ കാട്ടുപൂച്ചകളുടെ വംശനാശത്തിന് പോലും കാരണമായേക്കാമെന്ന് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നു. 

ട്രോഫി ഹണ്ടിങ്

വനത്തിനുള്ളിൽ ഏതെങ്കിലും ഒരു ജീവി വിഭാഗത്തിന്റെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴാണ് അധികൃതർ ഈ മൃഗങ്ങളുടെ വേട്ടയ്ക്ക് അനുവാദം കൊടുക്കുന്നത്. ഇത്തരത്തിൽ നിയന്ത്രിതമായി ലൈസൻസ് നൽകി ഒരു ജീവി വിഭാഗത്തെ വേട്ടയാടുന്നതിനെയാണ് ലൈസൻസിഡ് ഹണ്ടിംഗ് എന്ന് വിളിയ്ക്കുന്നത്. എന്നാൽ സ്വീഡനിലെ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണെന്നാണ് പരിസ്ഥിതി പ്രവർത്തകർ വാദിക്കുന്നത്. സ്വീഡനിൽ ഇപ്പോൾ മാത്രമാണ് അപൂർവമായെങ്കിലും കാട്ടുപൂച്ചകളെ കണ്ടുതുടങ്ങിയത്. ഇതിനിടെ അവയെ ലൈസൻസ് നൽകി വേട്ടയാടാൻ അനുവദിക്കുന്നത് ശരിയായ നീക്കമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

മാർച്ചിൽ ഒരു മാസത്തെ സമയത്തിനിടെ 201 കാട്ട് പൂച്ചകളെ വേട്ടയാടാനാണ് അധികൃതർ ലൈസൻസ് നൽകിയിരിക്കുന്നത്. മുൻപുള്ള വർഷങ്ങളിൽ നൽകിയതിന്റെ മൂന്നിരട്ടിയോളം വരും ഇപ്പോൾ നൽകിയിരിക്കുന്ന ലൈസൻസുകളുടെ എണ്ണം. കൂടാതെ കാട്ടുപൂച്ചകൾ വളർത്ത് മൃഗങ്ങൾക്കും മറ്റും ഭീഷണിയല്ലെന്നിരിക്കെ ഇപ്പോഴത്തെ ലൈസൻസ് നൽകൽ ആഫ്രിക്കയിലും മറ്റുമുള്ള ട്രോഫി ഹണ്ടിങ്ങിന് തുല്യമാണെന്ന് വിമർശകർ വാദിക്കുന്നു. വന്യമൃഗങ്ങളെ വിനോദത്തിന് വേണ്ടി വേട്ടയാടുന്ന രീതിയെ ആണ് ട്രോഫി ഹണ്ടിങ് എന്ന് വിശേഷിപ്പിക്കുന്നത്.

വേട്ട തോലിന് വേണ്ടി

വിമർശകർ മാത്രമല്ല ഹണ്ടേഴ്സ് അസോസിയേഷൻ അഥവാ വേട്ടക്കാരുടെ സംഘടന പോലും പൂച്ചകളുടെ വേട്ടയാടൽ മനുഷ്യനോ അല്ലെങ്കിൽ വളർത്ത് മൃഗങ്ങൾക്കോ ഉള്ള ഭീഷണി മൂലമല്ലെന്ന് സമ്മതിക്കുന്നു. കാട്ടുപൂച്ചകളുടെ വേട്ടയാടൽ അവയുടെ തോലിന് വേണ്ടിയാണ് പ്രധാനമായും നടക്കുന്നതെന്നാണ് ഇവർ പറയുന്നത്. ഈ തോലിന് വേണ്ടി തന്നെയാണ് താരതമ്യേന വലിയ വില കൊടുത്ത് വേട്ടക്കാർ ലൈസൻസ് സ്വന്തമാക്കുന്നതും. ചെന്നായ്ക്കളുടെ കാര്യത്തിലും അവയിൽ നിന്ന് മനുഷ്യർക്ക് ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുള്ളതുകൊണ്ടല്ല അവയുടെ വേട്ടയ്ക്ക് അനുമതി കൊടുക്കുന്നതെന്നും ഹണ്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി സ്വെൻസ്ക ബരെൻഷ പറയുന്നു.

യൂറോപ്പിലാകെയുള്ള കാട്ടിലെ മികച്ച വേട്ടമൃഗങ്ങളിൽ മൂന്നാമനായാണ് കാട്ടുപൂച്ചയെ കണക്കാക്കുന്നത്. ചുവന്ന കരടിയും, ചെന്നായ്ക്കളും ആണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ വാഹനങ്ങളുടെ എണ്ണക്കൂടുതലും ഇരകളായ ജീവികളുടെ എണ്ണത്തിലുണ്ടായ കുറവും, ആവാസവ്യവസ്ഥയിലുണ്ടായ നാശവും മൂലം വംശനാശത്തിന്റെ വക്കിലെത്തിയവയാണ് കാട്ടുപൂച്ചകൾ. പിന്നീട് കൃത്യമായ സംരക്ഷണ നടപടികളിലൂടെയാണ് ഈ പൂച്ചകളുടെ എണ്ണത്തിൽ വർധനവുണ്ടാക്കിയെടുത്തത്.

വംശനാശ ഭീഷണി നേരിടുന്ന ജീവികൾ 

അതേസമയം ഇപ്പോഴും ഈ ജീവികൾ രാജ്യാന്തര സംരക്ഷണ പട്ടികയിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളാണ്. അതിനാൽ തന്നെ ഈ ജീവികളുടെ വേട്ടയാടാനുള്ള അനുമതി വ്യാപകമായി നൽകുന്നത് ലിൻക്സ് കാട്ടു പൂച്ചകളുടെ വംശനാശത്തിന് തന്നെ വഴിവച്ചേക്കാം എന്നാണ് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ കഴിഞ്ഞ രണ്ടായിരം വർഷത്തിനിടയിൽ ലോകത്ത് വംശനാശം സംഭവിക്കുന്ന ആദ്യത്തെ പൂച്ചവർഗമായി ലിൻക്സ് പൂച്ചകൾ മാറിയേക്കാം. 

ഫ്രാൻസ് പോലുള്ള രാജ്യങ്ങളിലും ലിൻക്സ് പൂച്ചകൾ വംശനാശ ഭീഷണി നേരിടുന്നവയാണ്. ഇപ്പോൾ ഏതാണ്ട് 150  പൂച്ചകൾ മാത്രമാണ് ഫ്രാൻസിൽ അവശേഷിക്കുന്നതായി കണക്കാക്കുന്നത്. നിലവിലെ അവസ്ഥയിൽ ഇവയുടെ എണ്ണം കുറയുന്നത് തുടർന്നാൽ അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഈ ജീവികളിൽ ചില ജനുസ്സുകൾക്കെങ്കിലും  വംശനാശം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. ഫ്രാൻസിലെ കാട്ടുപൂച്ചകളിൽ നാല് വ്യത്യസ്ത ജനുസ്സുകളുണ്ട്. അതായത് ഓരോ ജനുസ്സുകളിലും ശരാശരി 38 വീതം കാട്ട് പൂച്ചകൾ മാത്രമാണ് അവശേഷിക്കുന്നത്.

അതേസമയം ഫ്രാൻസുമായി താരതമ്യപ്പെടുത്തുമ്പോൾ സ്വീഡനിൽ ഏകദേശം 1450 കാട്ട് പൂച്ചകളുണ്ട്. എന്നാൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ സ്വീഡനിൽ ഈ ജീവികളുടെ ആകെ എണ്ണത്തിൽ ഏതാണ്ട് മുന്നൂറോളം പൂച്ചകളുടെ കുറവുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ വേട്ട ഒട്ടും ന്യായീകരിക്കാവുന്നതല്ലെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പ്രത്യേകിച്ചും, പൂച്ചകൾ ഇണ ചേരുന്ന കാലമാണ് ഇപ്പോൾ. ഈ സമയത്ത് വേട്ട നടത്തുന്നത് അവയുടെ വംശവർധനവിൽ തന്നെ വലിയ ആഘാതം ഉണ്ടാക്കുമെന്നും ആശങ്കയുണ്ട്.

English Summary: Sweden Licenses The Killing Of Hundreds Of Lynxes Just Weeks After Largest Wolf Cull

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com