ചുഴലിക്കാറ്റുകളെക്കുറിച്ചുള്ള വാർത്തകൾ നമ്മളൊക്കെ ശ്രദ്ധിക്കാറുണ്ട്. സാധാരണ രീതിയിൽ കടലിൽ രൂപംകൊണ്ട് ഏതാനും ദിവസംകൊണ്ട് ശക്തി പ്രാപിച്ച് തീരപ്രദേശങ്ങളിൽ ഉൾപ്പെടെ വൻ നാശനഷ്ടങ്ങളുണ്ടാക്കുന്നതാണ് അതിന്റെ രീതി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകളെല്ലാം ചുരുങ്ങിയ ദിവസങ്ങൾ മാത്രം ആയുസ്സുള്ളതാണ്. പരമാവധി ഊർജം സംഭരിച്ചാലും ചുഴലിക്കാറ്റുകൾ കരയിലെത്തുമ്പോൾ ദുർബലമായി തുടങ്ങും. അതിനാൽത്തന്നെ തുടർന്നുള്ള ദിവസങ്ങളിൽ ശക്തി ക്ഷയിച്ച് ഇല്ലാതാകുകയും ചെയ്യും. എന്നാൽ ‘ഫ്രെഡി’യുടെ കഥ അങ്ങനെയല്ല. 2023 ഫെബ്രുവരി 6ന് തെക്കൻ ഇന്ത്യൻ മഹാ സമുദ്രത്തിൽ, ഓസ്ടേലിയയുടെ വടക്കൻ തീരത്തുനിന്നാരംഭിച്ച ഈ ചുഴലിക്കാറ്റ് 37 ദിവസത്തിനു ശേഷം ആഫ്രിക്കയിലെ മലാവിക്കു മുകളിലെത്തിയാണ് ദുർബലമായത്. 1994ൽ കിഴക്കൻ പസിഫിക് മേഖലയിൽ രൂപപ്പെട്ട് ഓഗസ്റ്റ് 11 മുതൽ സെപ്റ്റംബർ 13 വരെ 31 ദിവസം നീണ്ടുനിന്ന ‘ജോൺ’ ചുഴലിക്കാറ്റ് ആയിരുന്നു മുൻപ് ഏറ്റവും കൂടുതൽ ദിവസം നീണ്ടു നിന്നത്. എന്നാൽ 37 ദിവസം പിന്നിട്ടതോടെ ഇനി ലോക റെക്കോർഡ് ‘ഫ്രെഡി’ക്കു സ്വന്തം. ലോക കാലാവസ്ഥാ സംഘടന (World Meteorological Organization- WMO) ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. 37 ദിവസത്തിനിടെ തെക്കൻ ഇന്ത്യൻ മഹാസമുദ്രം പൂർണമായി കടന്ന് 7000 കിലോമീറ്ററിലേറെയാണ് ‘ഫ്രെഡി’ സഞ്ചരിച്ചത്.
HIGHLIGHTS
- ലോകത്ത് ഏറ്റവുമധികം നീണ്ടുനിന്ന ചുഴലിക്കാറ്റെന്ന റെക്കോർഡുമായി ദുരിതം വിതച്ചിരിക്കുകയാണ് ‘ഫ്രെഡി’; എന്തുകൊണ്ടാണ് ചുഴലിക്കാറ്റുകളുടെ ദൈർഘ്യം കൂടുന്നത്?
- പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജിയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ.റോക്സി മാത്യു കോൾ സംസാരിക്കുന്നു