പ്രളയം തകർത്ത പാക്കിസ്ഥാൻ; ശുദ്ധജലമില്ലാതെ വലയുന്നവർ ഒരുകോടിയിൽ അധികം

More than 10 million people, including children, living in Pakistan’s flood-affected areas still lack access to safe drinking water - UNICEF
Image Credit: SkycopterFilms Archives/ Shutterstock
SHARE

പാക്കിസ്ഥാനിൽ കടുത്ത വെള്ളപ്പൊക്കം വ്യാപകനാശം വിതച്ച് ആറുമാസം പിന്നിടവേ ഒരു കോടിയിലധികം ആളുകൾ ശുദ്ധജലത്തിന് സൗകര്യമില്ലാതെ കഴിയുകയാണെന്ന് വെളിപ്പെടുത്തൽ. ലോക ജലദിനത്തോട് അനുബന്ധിച്ച് യുനിസെഫ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പാക്കിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളിലാണ് ഈ പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഈ ജനങ്ങളിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ശുദ്ധജല സൗകര്യം കുറവായതിനാൽ രോഗങ്ങൾ പരത്താൻ ശേഷിയുള്ള മലിനജലം ഉപയോഗിക്കാൻ പലപ്പോഴും ഇവർ നിർബന്ധിതരായിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.

വെള്ളപ്പൊക്കത്തിനു മുൻപ് ജനതയിൽ 92ശതമാനത്തിനും ശുദ്ധജലമെത്തിക്കാൻ പാക്കിസ്ഥാനിലെ ജലവിതരണ സംവിധാനത്തിനു കഴിഞ്ഞിരുന്നു. അപ്പോൾ പോലും 36 ശതമാനം ജലമാണ് സുരക്ഷിതമായി കരുതിയിരുന്നത്. എന്നാൽ നിനച്ചിരിക്കാതെ വന്ന പ്രളയത്തിൽ ജലവിതരണ സംവിധാനം പാടെ തകർന്നു. 25 ലക്ഷത്തോളം കുട്ടികളുൾപ്പെടെ മലിനമായ കുളങ്ങളിൽ നിന്നും മറ്റുമാണ് ഇപ്പോൾ വെള്ളം കുടിക്കുന്നത്. ശുദ്ധജലം ഉപയോഗിക്കുന്നത് ഒരു ആഢംബരമല്ലെന്നും മറിച്ച് മനുഷ്യാവകാശമാണെന്നും യുനിസെഫിന്റെ പാക്ക് പ്രതിനിധി അബ്ദുല്ല ഫാദിൽ പറയുന്നു. എന്നാൽ പാക്കിസ്ഥാനിലെ പ്രളയബാധിത പ്രദേശങ്ങളിലുള്ള ജനങ്ങൾ ജലജന്യരോഗത്തിന്റെയും പോഷകക്കുറവിന്റെയും ഭീഷണിയിലാണ്. ആവശ്യാനുസരണം വേണ്ട ശുചിമുറികളും പാക്കിസ്ഥാനിൽ കുറവാണ്. ഇതെല്ലാം കാരണം കോളറ, ഡയേറിയ, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ സാംക്രമിക രോഗങ്ങളും മേഖലയിൽ ഇടയ്ക്കിടെയുണ്ടാകുന്നുണ്ട്.

തുറസ്സായ സ്ഥലത്തുള്ള വിസർജനരീതികളും പ്രളയബാധിത പ്രദേശങ്ങളിൽ 14 ശതമാനം വർധിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വെള്ളവും മോശമായ ശുചിത്വനിലവാരവും പോഷകക്കുറവിന്റെ പ്രധാനകാരണങ്ങളാണ്. ഡയേറിയ പോലുള്ള ജലജന്യരോഗങ്ങള്‍ കുട്ടികളിൽ പോഷകത്തിന്റെ അഭാവമുണ്ടാകും. ഇതു മൂലം പ്രതിരോധവ്യവസ്ഥ മോശമാകുകയും ഇത് വീണ്ടും രോഗങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്യും. ഈ ചാക്രിക രീതി പ്രശ്നങ്ങൾ പരിഹരിക്കുന്നതു വരെ തുടർന്നുകൊണ്ടേയിരിക്കും. പ്രളയബാധിത മേഖലകളിൽ 15 ലക്ഷം കുട്ടികൾക്ക് കടുത്ത പോഷകക്കുറവുണ്ടെന്നാണ് യുനിസെഫ് കണ്ടെത്തിയ കണക്ക്.

പ്രളയത്തിനു ശേഷം മേഖലയിലേക്ക് സഹായമെത്തിക്കാൻ വലിയ ശ്രമം യുനിസെഫിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. പ്രളയബാധിത മേഖലകളിൽ ഒട്ടേറെ ഹാൻഡ് പമ്പുകളും ജലസംഭരണികളും യുനിസെഫ് സ്ഥാപിച്ചിരുന്നു. കഴിഞ്ഞ 6 മാസത്തിനുള്ളിൽ 12 ലക്ഷം കുട്ടികൾക്കും അവരുടെ കുടുംബത്തിനും ശുദ്ധജലമെത്തിക്കാനും 13 ലക്ഷം ആളുകൾക്ക് ശുചിത്വ കിറ്റുകളെത്തിക്കാനും യുനിസെഫിനു കഴിഞ്ഞു. നാശോന്മുഖമായ ജലവിതരണ സംവിധാനം പുനസ്ഥാപിക്കാനും യുനിസെഫിന്റെ ഭാഗത്തു നിന്ന് ശ്രമങ്ങളുണ്ടായി.

more-10-million-people-including-children-living-pakistans-flood-affected-areas
Image Credit: UNICEF/Pakistan/Arsalan Butt

ജൂൺ 14 മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് കഴിഞ്ഞ വർഷം പാക്കിസ്ഥാനിൽ വൻപ്രളയമുടലെടുത്തത്. ഏകദേശം 1500 കോടി യുഎസ് ഡോളറിന്റെ നഷ്ടം ഇതുമൂലം ഉടലെടുത്തു. വലിയ അളവിൽ മൺസൂൺ മഴപെയ്തതും കാലാവസ്ഥാ വ്യതിയാനം മൂലം ഹിമാനികൾ ഉരുകിയതുമാണ് ഈ കൊടുംപ്രളയത്തിനു വഴിവച്ചത്. ഇതെത്തുടർന്ന് പാക്കിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 2020ൽ തെക്കൻഏഷ്യയിൽ ഉണ്ടായ പ്രളയത്തിനു ശേഷം ഏറ്റവും വലിയ വെള്ളപ്പൊക്കമായാണ് ഇതു വിലയിരുത്തപ്പെടുന്നത്. 1739 പേർ മരിക്കുകയും 12,867 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാക്കിസ്ഥാനിലെ 12 ശതമാനം ഭൗമേഖലയും പ്രളയത്തിനു കീഴിലായി. മൂന്നരക്കോടിയോളം ജനങ്ങൾ ബാധിക്കപ്പെട്ടു. ഒൻപതുലക്ഷത്തോളം വീടുകൾ തകർന്നു. ഈ ദുരന്തത്തിന്റെ സിംഹഭാഗവും സംഭവിച്ചത് ബലൂചിസ്ഥാനിലാണ്.നിലവിൽ സാമ്പത്തിക, ഊർജ പ്രതിസന്ധിയുടെയും ഭരണപ്രശ്നങ്ങളുടെയും നടുവിലാണു പാക്കിസ്ഥാനെന്നത് പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്ന സംഗതിയാണ്.

English Summary: More than 10 million people, including children, living in Pakistan’s flood-affected areas still lack access to safe drinking water - UNICEF

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA