ADVERTISEMENT

മഴവെള്ളത്തിന്റെ പിഎച്ച് മൂല്യം 5.5 ആണെന്നിരിക്കേ, കേരളത്തിൽ മഴവെള്ളത്തിന്റെ ശരാശരി പിഎച്ച് മൂല്യം 5.5 മുതൽ 6.5 വരെയെന്ന് കോഴിക്കോട് ജലവിഭവവിനിയോഗ കേന്ദ്രത്തിലെ ശാസ്ത്രഗവേഷകർ. ഏഴ് ആണ് ശുദ്ധജലത്തിന്റെ പിഎച്ച് മൂല്യം. കേരളത്തിലെ മഴയിലും ജലത്തിലും പൊതുവേ അമ്ലസ്വഭാവമാണ് മുന്നിട്ടു നിൽക്കുന്നതെന്നും ഗവേഷകർ പറയുന്നു. ഏഴിൽ കൂടിയാൽ ക്ഷാര (ആൽക്കലൈൻ) സ്വഭാവവും കുറഞ്ഞാൽ അമ്ലതയുമാണ് (അസിഡിക്).

തീരപ്രദേശങ്ങളോടു ചേർന്നു പെയ്യുന്ന മഴയുടെ പിഎച്ച് മൂല്യം 6 വരെയാകാം. എന്നാൽ ഉൾപ്രദേശങ്ങളിൽ ഇത് ഉയരുകയും മഴവെള്ളത്തിനു ക്ഷാരസ്വഭാവം കൈവരുന്നതായുമാണു കണ്ടെത്തലെന്ന് സിഡബ്ലിയുആർ ഡിഎം മേധാവി ഡോ. മനോജ് പി. സാമുവൽ പറഞ്ഞു. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം പെയ്യുന്ന ആദ്യഘട്ടങ്ങളിലെ വേനൽമഴയിലാണ് രാസവസ്തുക്കളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതെന്ന് നേരത്തെ പഠനം നടത്തിയ ജലവിഭവകേന്ദ്രം ‍ പ്രകൃതി–പരിസ്ഥിതി ഗവേഷണ വിഭാഗം മേധാവി ഡോ. ടി. ആർ. രശ്മി പറഞ്ഞു.

 

തീരപ്രദേശങ്ങളോടു ചേർന്നു പെയ്യുന്ന മഴയുടെ പിഎച്ച് മൂല്യം 6 വരെയാകാം. എന്നാൽ ഉൾപ്രദേശങ്ങളിലേക്കു പോകുന്നതോടെ ഇത്  ഉയരുകയും മഴവെള്ളത്തിനു ക്ഷാര (ആൽക്കലൈൻ) സ്വഭാവം കൈവരുകയും ചെയ്യുന്നതായാണ് കണ്ടെത്തലെന്ന് ഡോ. മനോജ് പി. സാമുവൽ പറഞ്ഞു. വലിയ അളവിൽ പെയ്യുമ്പോൾ മഴവെള്ളത്തിലെ രാസ അയോണുകളുടെ അളവു കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം പെയ്യുന്ന ആദ്യഘട്ടങ്ങളിലെ വേനൽമഴയിലാണ് രാസവസ്തുക്കളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നതെന്ന് പഠനം നടത്തിയ ‍ പ്രകൃതി–പരിസ്ഥിതി ഗവേഷണ വിഭാഗം മേധാവി ഡോ. ടി. ആർ. രശ്മി പറഞ്ഞു. മൺസൂൺ തുടങ്ങിയാലും കടലിൽ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം മൂലം മഴവെള്ളത്തിലെ സോഡിയത്തിന്റെയും ക്ലോറിന്റെയും അളവ് കൂടിയിരിക്കും. ഉൾപ്രദേശങ്ങളിലേക്കു വരുമ്പോൾ കാൽസ്യം, കാർബോണിക് ആസിഡ് എന്നിവയുടെ അളവ് കൂടിയിരിക്കും.

 

കൊച്ചിയിലെ അന്തരീക്ഷ വായുവിൽ കത്തിയ മാലിന്യത്തിൽ നിന്നു പുറപ്പെട്ട ഡയോക്സിൻ, ഫ്യൂറാൻ, പെട്രോളിയം കത്തുമ്പോഴുണ്ടാകുന്ന പോളി ആരോമാറ്റിക് ഹൈഡ്രോ കാർബൺ, ഘനലോഹങ്ങൾ എന്നിവയുടെ സാന്നിധ്യമായിരിക്കും കൂടുതൽ ഭീഷണിയെന്നു ഡോ. രശ്മി പറഞ്ഞു. കാൻസറിനു കാരണമാകുന്ന രാസവസ്തുവാണ് ‍ഡയോക്സിൻ. അന്തരീക്ഷത്തിൽ വർഷങ്ങളോളം തങ്ങിനിന്ന് സസ്യ– ജന്തു– മനുഷ്യ– ഭക്ഷ്യശൃംഖലയിൽ കയറിക്കൂടാൻ ഇതിനു കഴിയും. തീ കെടുത്താൻ ധാരാളം വെള്ളം ഉപയോഗിച്ചതിനാൽ സമീപത്തെ പുഴകളിലേക്കും ഭൂഗർഭ സ്രോതസ്സുകളിലേക്കും രാസമാലിന്യങ്ങൾ എത്താൻ സാധ്യതയുണ്ട്. മഴവെള്ളം കൂടി വരുന്നതോടെ ഇതിന്റെ തോതു പിന്നെയും വർധിക്കും. 

 

കൊച്ചിയിൽ പെയ്യുന്ന മഴ ഏതാനും ദിവസത്തേക്കു നേരിയ തോതിൽ അമ്ലസ്വഭാവമുള്ളതായിരിക്കുമെങ്കിലും രൂക്ഷത കുറവായിരിക്കുമെന്നാണ് സിഡബ്ലിയു ആർഡിഎമ്മിന്റെ വിലയിരുത്തൽ. ഇതിന്റ പിഎച്ച് തോത് അഞ്ചിൽ കുറവായിരിക്കും. അന്തരീക്ഷ വായുവിൽ സൾഫർ ഡയോക്സൈഡിന്റെയും (SO2) നൈട്രസ് ഓക്സൈഡിന്റെയും (NO2) അളവ് ക്രമാതീതമായി ഉയർന്നിട്ടില്ല എന്നതിലാണ് ഇതെന്നും പഠനം പറയുന്നു.  പിഎച്ച് മൂല്യമാണ് മഴവെള്ളത്തിന്റെ ഗുണനിലവാരം പരിഗണിക്കുന്നതിലെ പ്രധാന ഘടകം. അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് കലർന്ന് കാർബോണിക് ആസിഡ് രൂക്ഷത കുറഞ്ഞ ആസിഡ് രൂപപ്പെടുന്നതിനാലാണ് മഴവെള്ളത്തിൽ അമ്ലത ഉണ്ടാകുന്നത്.  വിവിധ സ്ഥലങ്ങളിൽ പെയ്യുന്ന മഴയുടെ പിഎച്ച് വ്യത്യസ്ഥമാണ്. 

 

അന്തരീക്ഷത്തിലെ മാലിന്യത്തോത് അനുസരിച്ച് ഓരോ സ്ഥലത്തും പിഎച്ച് ഏറിയും കുറഞ്ഞും വരും. മഴവെള്ളത്തിലെ പിഎച്ച് മൂല്യം 4.8 ൽ ഏറിയോ കുറഞ്ഞോ ഇരുന്നാൽ അതിനു പിന്നിൽ മനുഷ്യപ്രവർത്തികൾ മൂലമുള്ള മലിനീകരണം ആണെന്നാണ് കരുതപ്പെടുന്നത്. മഴ രൂപപ്പെടുന്ന മേഘഘടന മുതൽ അതു പെയ്തിറങ്ങി വരുന്ന വായുമണ്ഡലത്തിലെ ഘടകങ്ങൾ ഉൾപ്പെടെ പല കാര്യങ്ങളും മഴവെള്ളത്തിന്റെ രാസഘടനയെ സ്വാധീനിക്കും. കാർബൺ ഡയോക്സൈഡും ഓക്സിജനും പോലെയുള്ള വാതകങ്ങൾ മഴവെള്ളത്തിൽ ലയിക്കും. സോഡിയം, പൊട്ടാസ്യം, കാൽഷ്യം, മഗ്നീഷ്യം, അമോണിയം, ക്ലോറിൻ, സൾഫേറ്റ്, കാർബോണിക് ആസിഡ് പോലെയുള്ള ബൈ കാർബണേറ്റുകൾ, നൈട്രേറ്റ് തുടങ്ങിയ അയോണുകളും ഇത്തരത്തിൽ ലയിക്കുന്നവയാണ്. 

 

ഇതിനു പുറമേയാണ് വിവിധ തരം അന്തരീക്ഷ ധൂളികളും മറ്റ് പൊടിപടലങ്ങളും മറ്റ് സസ്യജന്യ പരാഗരേണുക്കളും മറ്റും. പൊതുവെ മഴവെള്ളത്തിൽ കാണപ്പെടുന്നത് കാൽസ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, അമോണിയം, ക്ലോറിൻ, സൾഫേറ്റ്, കാർബോണിക് സംയുക്തങ്ങൾ തുടങ്ങിയവയാണ്. വ്യവസായങ്ങൾ കൂടുതലുള്ള മേഖലകളിലെ വായുവിൽ ഇത്തരം അയോണുകളുടെ തോത് കൂടുതലായി കാണപ്പെടും. ഇതിനു പുറമേ നൈട്രസ് ഓക്സൈഡും സൾഫർ ഡയോക്സൈഡും കൂടുതലായിരിക്കും. ഇവയെല്ലാംകൂടി മഴവെള്ളത്തിൽ കലർന്നാലാണ് അമ്ലമഴയ്ക്കു സാധ്യതയേറുന്നത്.  

 

English Summary:  Scientists says about first summer Rain in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com