ADVERTISEMENT

ജലം സൃഷ്‌ടിക്കാനും വിഘടിപ്പിക്കാനും ശാസ്‌ത്രത്തിനാവും. എന്നാൽ സ്വാഭാവികമായ ജലം പ്രകൃതിയുടെ ദാനമാണ്. മഴയുടെ രൂപത്തിൽ നമുക്കു ലഭിക്കുന്ന ജലം സംരക്ഷിക്കുന്നതിലും പ്രകൃതിതന്നെയാണു നമ്മുടെ രക്ഷകൻ. പ്രകൃതിയുടെ ഏറ്റവും പ്രധാനപ്പെട്ടൊരു ജലസംഭരണി മണ്ണു തന്നെ. ആയിരം വർഷമെങ്കിലുമെടുത്താണ് ഒരിഞ്ച് കനത്തിൽ സ്വാഭാവിക മേൽമണ്ണുണ്ടാവുന്നത്. ഈ മേൽമണ്ണിനെ പ്രാദേശിക പ്രത്യേകതകൾക്കനുസരിച്ചു സംരക്ഷിച്ചില്ലെങ്കിൽ കേവലം രണ്ടര വർഷം മതി മണ്ണൊലിപ്പ് മൂലം ഇതു നഷ്‌ടപ്പെടാൻ. ഈ മണ്ണിനെ സൃഷ്‌ടിക്കാൻ മനുഷ്യനാവില്ല.

പ്രകൃതിയുടെ സ്‌പോഞ്ച് എന്നാണു നമ്മുടെ മഴക്കാടുകൾ അറിയപ്പെടുന്നത്. പശ്‌ചിമഘട്ടത്തിലെ ഈ മഴക്കാടുകളുടെ കണക്കെടുത്താൽ ഒരു ഹെക്‌ടർ വനഭൂമി 30,000 ഘനമീറ്റർ മഴവെള്ളമുൾക്കൊള്ളുമെന്നാണു പറയുക. നാട്ടിൻപുറങ്ങളിലെ ജലവിതാനം നിലനിർത്തുന്നതിൽ വയലുകൾക്ക് വലിയ പങ്കുണ്ട്. ഒരുഹെക്‌ടർ വയൽഭൂമിയിൽ അഞ്ചുലക്ഷം ലീറ്റർ വെള്ളംവരെ തടഞ്ഞു നിർത്തുമെന്നാണു കണക്ക്. കുന്നുകളും പുഴകളും അരുവികളും തടാകങ്ങളും തോടുകളും കായലുകളുമെല്ലാം പ്രകൃതിയുടെ ജലസംഭരണികൾ തന്നെ. ഇവയുടെയെല്ലാം സംരക്ഷണം ഉറപ്പുവരുത്തിയാൽ മാത്രംമതി ജലലഭ്യത ഉറപ്പു വരുത്താൻ.

ജലക്ഷാമം: കാരണങ്ങൾ 

ജനസംഖ്യ കൂടുന്നതു ജല ഉപയോഗവും വർധിപ്പിക്കുന്നു. 2. കാലാവസ്‌ഥയിലെ മാറ്റങ്ങൾ, വർഷകാലത്തിന്റെ കുറവ് 3. തണ്ണീർത്തടം, വയലുകൾ, കുളങ്ങൾ എന്നിവ നികത്തുന്നത് 4. ജലസ്രോതസ്സുകളിൽനിന്ന് അമിത ജല ചൂഷണം. 5. മലകളും കുന്നുകളും ഇടിച്ചു നിരത്തുന്നത്. 6. ശാസ്‌ത്രീയമായ ജലസംരക്ഷണ മാർഗങ്ങളുടെ അഭാവം. 7. വനനശീകരണം, ചോലവനങ്ങൾ ഇല്ലാതാവുന്നത് 8. അമിതമായി പുഴകളിൽനിന്നു മണൽ വാരുന്നത് 9. ജലസ്രോതസ്സുകളുടെ മലിനീകരണം 10. കൂടിവരുന്ന നഗരവൽക്കരണം 

ജലം സംരക്ഷിക്കാൻ 

1. ഒഴുകുന്ന വെള്ളം കെട്ടിനിർത്തി ഒഴുക്ക് നിയന്ത്രിക്കുക. 2. പരമാവധി വെള്ളം മണ്ണിൽ താഴാൻ അനുവദിക്കുക. 3. മേൽക്കൂരകളിൽ പെയ്യുന്ന മഴവെള്ളം കിണറുകളിലേക്കൊഴുക്കി ഭൂജലവിതാനമുയർത്താം. 4. ചരിഞ്ഞ ഭൂമിക്കു കുറുകെ തട്ടുകളാക്കുക. 5.നീർക്കുഴികൾ നിർമിക്കുക. 6. കിടങ്ങുകൾ സൃഷ്‌ടിച്ചു വെള്ളം കെട്ടിനിർത്തുക. 7. പൈപ്പുകളിൽനിന്നു നേരിട്ടു വെള്ളം പാത്രം കഴുകാനും കൈ കഴുകാനുമുപയോഗിക്കാതെ ബക്കറ്റിലോ മറ്റോ ശേഖരിച്ചുപയോഗിക്കുക. 8. പുഴകളിൽ തടയണ, അടിയണ എന്നിവയുണ്ടാക്കുക. 9. കിണറുകളുടെ ശേഷിക്കനുസരിച്ച് പമ്പു സെറ്റുകൾ വയ്‌ക്കുക. 10. പാത്രം കഴുകുന്നതും കുളിക്കുന്നതും മറ്റുമായ വെള്ളം സസ്യങ്ങളുടെ ജലസേചനത്തിനുപയോഗിക്കുക. 11.മഴവെള്ളം പൊതുസ്‌ഥലത്തേക്കൊഴുക്കി വിടാതിരിക്കുക. 12. വീട്ടുമുറ്റത്ത് സിമന്റിടാതിരിക്കുക. 13. പൊതുടാപ്പുകളിൽ ജലനഷ്‌ടം കാണുമ്പോൾ അതു തടയുക.

English Summary: Conservation of Water Resources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com