ആലപ്പുഴ∙ പ്ലാസ്റ്റിക് മാലിന്യം എങ്ങനെ സംസ്കരിക്കാമെന്ന ആലപ്പുഴ സ്വദേശി കുശൻ ശിവദാസന്റെ ആലോചന എത്തിനിന്നത് വേറിട്ടൊരു കണ്ടുപിടിത്തത്തിൽ– പ്ലാസ്റ്റോ ബോർഡ്സ്. പ്ലാസ്റ്റിക്ക് സംസ്കരിച്ചു നിർമിക്കുന്ന പ്ലാസ്റ്റോ ബോർഡ്സ് എന്ന ഉൽപന്നം ആലപ്പുഴയിലെ ഹൗസ്ബോട്ടുകളിൽ പ്ലൈവുഡിനു പകരം ഉപയോഗിച്ചു വിജയം കണ്ടിരിക്കുകയാണ്. പാലക്കാട് ലീഡ് കോളജിൽ എംബിഎ അവസാന വർഷ വിദ്യാർഥിയായ കുശൻ, സുഹൃത്തുക്കളായ ചങ്ങനാശേരി സ്വദേശി നൗഫൽ, ഗുജറാത്ത് സ്വദേശി സുഹൈൽ എന്നിവരുമായി ചേർന്നാണു കഴിഞ്ഞ വർഷം ‘കോഎർത്ത് സസ്റ്റെയ്നബിൾ പ്രോഡക്ട്സ്’ എന്ന സ്റ്റാർട്ടപ്പിനു തുടക്കം കുറിച്ചത്.
പ്ലാസ്റ്റിക്കിൽനിന്നു നിർമിക്കുന്നതായതുകൊണ്ടുതന്നെ ചിതൽ, വെള്ളം, നനവ് എന്നിവയുടെ പ്രശ്നം ഉണ്ടാവില്ലെന്നു കുശൻ പറയുന്നു. സ്വന്തമായി നിർമാണ കമ്പനിയില്ലാത്തതിനാൽ ഗുജറാത്തിലെ ഒരു നിർമാണ കമ്പനി പാട്ടത്തിനെടുത്താണു പരീക്ഷണാടിസ്ഥാനത്തിൽ ഉൽപന്നങ്ങൾ നിർമിച്ചത്. നിർമാണം കേരളത്തിലേക്കു മാറ്റിയാൽ സാധനങ്ങൾ എത്തിക്കാൻ എളുപ്പമാകുകയും ഇവിടുത്തെ മാലിന്യ പ്രശ്നങ്ങൾക്കു ചെറിയൊരു പരിഹാരമാകുമെന്നാണു കുശൻ പറയുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്നു സാമ്പത്തിക പിന്തുണ കിട്ടാത്തതിനാലാണു പദ്ധതി വൈകുന്നത്. 7 കോടി രൂപയാണു പ്ലാന്റ് തുടങ്ങാനായി ആവശ്യം വരുന്നത്.
നിർമാണക്കമ്പനി തുടങ്ങാനായി പാലക്കാട് സ്ഥലം വാങ്ങിയിട്ടുണ്ടെങ്കിലും പണി പാതിവഴിയാലാണ്. റീസൈക്കിൾ കേരള, റീബൗൺഡ് കേരള എന്നിവയുമായി ചേർന്നാണു നിർമാണത്തിനു ആവശ്യമായ പ്ലാസ്റ്റിക്കുകൾ ശേഖരിക്കുന്നത്. ഇവ വൃത്തിയാക്കിയാണു പുനരുപയോഗിക്കുന്നത്. സീലിങ്ങുകൾ ഫർണീച്ചറുകൾ എന്നിവയാണ് പ്രധാനമായും ഉണ്ടാക്കുന്നത്. കേരള സ്റ്റാർട്ടപ്പ് മിഷൻ ഇന്നവേഷൻ അവാർഡ്, സ്വച്ഛധാ മിഷൻ ഹാക്കത്തൺ അവാർഡ് എന്നിവ കുശൻ നേടിയിട്ടുണ്ട്.
English Summary: Plastic to replace plywood, Kushal makes it so easy