റഷ്യയിലെ ആകാശത്ത് പ്രത്യക്ഷപ്പെട്ടത് നിഗൂഢ കറുത്ത വളയം; ആശങ്കയോടെ പ്രദേശവാസികൾ–വിഡിയോ

Video of Mysterious Black Circle Flying Over Russia Viewed 2 Million Times
Grab Image from video shared on Twitter by Maks_NAFO_FELLA
SHARE

റഷ്യ - യുക്ക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ റഷ്യയിൽ ആകാശത്ത് കണ്ട ഒരു വിചിത്ര കാഴ്ചയാണ് ഇപ്പോൾ വാർത്താപ്രാധാന്യം നേടുന്നത്. കറുത്ത നിറത്തിൽ ആകാശത്ത് കണ്ട ഒരു വളയമാണ് സംഭവം. തലസ്ഥാന നഗരമായ മോസ്കോയിലാണ് ആകാശത്ത് കറുത്തപുക നിറഞ്ഞ നിഗൂഢ വളയം ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ഈ നിഗൂഢ വൃത്തം എന്താണെന്ന ആശങ്കയോടെ നിരവധി ആളുകൾ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

യുക്രെയ്ന്റെ ആഭ്യന്തരകാര്യ മന്ത്രിയുടെ ഉപദേശക സംഘത്തിലെ അംഗമായ ആന്റൺ ഗെരാഷെങ്കോ പങ്കുവച്ച വിചിത്ര വലയത്തിന്റെ ദൃശ്യങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് ട്വിറ്ററിലൂടെ മാത്രം 20 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ദൃശ്യങ്ങളുടെ തുടക്കത്തിൽ വായുവിൽ കടുത്ത നിറത്തിൽ ഉയർന്നു പൊങ്ങി നിൽക്കുന്ന പുക വലയം കാണാം. എന്നാൽ മുന്നോട്ടോ പിന്നോട്ടോ ചലിക്കാതെ ഒരിടത്ത് തന്നെ നിലകൊള്ളുന്ന വലയം സെക്കൻഡുകൾ കൊണ്ട് നേർത്ത് മാഞ്ഞുപോവുകയും ചെയ്തു.

അതേസമയം നഗരവാസികൾ പകർത്തിയ മറ്റു ചില ദൃശ്യങ്ങളിൽ പുക വലയം മുകളിലേക്ക് ഉയരുന്നതും കാണാം. ഇവ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പല രീതിയിലുള്ള സംശയങ്ങളാണ് കമന്റ് ബോക്സുകളിൽ നിറയുന്നത്. യുദ്ധത്തിന്റെ ഭാഗമായി റഷ്യ തകർക്കാനുള്ള എന്തെങ്കിലും നീക്കമാകുമോ ഇത് എന്നു വരെ ആളുകൾ സംശയം പ്രകടിപ്പിച്ചു. അന്യഗ്രഹ ജീവികൾ ആക്രമിക്കാനെത്തുന്നതിന്റെ ഭാഗമായിരിക്കുമോ ഇത് എന്നതായിരുന്നു വേറൊരു കൂട്ടരുടെ ആശങ്ക. ഇത്രയും വലിയ പുക വലയം ഉണ്ടാക്കിയ സിഗരറ്റ് ഏതാണ് എന്ന തരത്തിൽ രസകരമായ കമന്റുകളും ഇതിനിടെ ഉയരുന്നുണ്ട്.

എന്നാൽ കാലാവസ്ഥയിലെ വ്യതിയാനം മൂലമുണ്ടായ എന്തെങ്കിലും അപൂർവ പ്രതിഭാസമാണോ ഇതെന്നായിരുന്നു ചിലരുടെ സംശയം. ഇതിന് ഉത്തരവുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം തന്നെ രംഗത്തെത്തുകയും ചെയ്തു. തങ്ങൾ പ്രദേശത്തെ കാലാവസ്ഥ വിശദമായി പരിശോധിച്ചുവെന്നും അസ്വാഭാവികമായ യാതൊന്നും റഷ്യയിലെ അന്തരീക്ഷത്തിൽ ദൃശ്യമല്ലെന്നുമാണ് വിശദീകരണം.

ഒടുവിൽ സംഭവത്തിന്റെ യഥാർത്ഥ കാരണം വെളിവാക്കുന്ന ചില പോസ്റ്റുകളും സമൂഹമാധ്യമങ്ങളും പ്രത്യക്ഷപ്പെട്ടു. പുക ദൃശ്യമാകുന്നതിനു മുൻപ് നഗരത്തിൽ വലിയ ശബ്ദം കേട്ടിരുന്നതായി സ്ഥിരീകരണമുണ്ട്. റഷ്യൻ ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം നഗരത്തിലെ ഒരു വ്യാവസായിക കേന്ദ്രത്തിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതാണ് വൃത്താകൃതിയിൽ കനത്ത പുക മുകളിലേക്കുയർന്നതിനുള്ള കാരണം. മറ്റൊരുതരത്തിലുള്ള ആശങ്കകൾക്കും ഇടയില്ലെന്നും അധികൃതർ വിശാദീകരിച്ചു.

English Summary: Video of Mysterious Black Circle Flying Over Russia Viewed 2 Million Times

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS