ADVERTISEMENT

പൂർണ ആരോഗ്യത്തോടെ ജീവിച്ചാൽ മനുഷ്യനെപോലെ ഏതാണ്ട് 100 വർഷത്തിനടുത്താണ് ഓർക്ക തിമിംഗലങ്ങളുടെ ആയുർദൈർഘ്യം. തന്റെ ജീവിതത്തിന്റെ പകുതിയിലധികവും തടവിൽ കഴിഞ്ഞ ഒരു തിമിംഗലത്തിന് ഇപ്പോൾ മോചനം ലഭിക്കാൻ പോകുന്നുവെന്ന വാർത്തയാണ് മിയാമിയിൽ നിന്നും പുറത്തു വരുന്നത്. 53 വർഷമായി തടവിൽ കഴിയുന്ന ലോലീറ്റ എന്ന തിമിംഗലത്തെ സമുദ്രത്തിലേക്ക് തുറന്നുവിടാൻ ധാരണയായതായതായാണ് റിപ്പോർട്ട്. മിയാമി സീക്വേറിയത്തിലാണ് ലോലീറ്റയെ പാർപ്പിച്ചിരിക്കുന്നത്.

 

56 വയസ്സുള്ള ലോലീറ്റ നിലവിൽ തടവിൽ പാർപ്പിച്ചിരിക്കുന്നവയിൽ ഏറ്റവും പ്രായംചെന്ന ഓർക്ക തിമിംഗലമാണ്. ടോക്കിടേ എന്നും ലോലിറ്റയ്ക്ക് വിളിപ്പേരുണ്ട്.  പതിറ്റാണ്ടുകളായി ലോലീറ്റയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ധാരാളം മൃഗസംരക്ഷണ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. ഏറെ നാളുകളായി കാത്തിരുന്ന സ്വപ്നം സഫലമായി എന്നാണ് തിമിംഗലത്തെ സമുദ്രത്തിലേക്ക് തിരികെ വിടാനുള്ള തീരുമാനമറിഞ്ഞ് തിമിംഗലത്തിന്റെ മോചനത്തിനായി പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ഓഫ് ടോക്കി എന്ന സംഘടന പ്രതികരിച്ചത്.

 

സീക്വേറിയത്തിന്റെ നിലവിലെ ഉടമകളായ ദ ഡോൾഫിൻ കമ്പനിയുമായി ഇതു സംബന്ധിച്ച് ധാരണയിൽലെത്തിയിട്ടുണ്ടെന്നും സംഘടന അറിയിക്കുന്നു. 2022 ലാണ്  ഡോൾഫിൻ കമ്പനി സീക്വേറിയം സ്വന്തമാക്കുന്നത്. അതിനും മുൻപ് കമ്പനിയുടെ സിഇഒ ആയ എഡ്വാർഡോ ആൽബർ തന്റെ മകളുമൊത്ത് ഒരിക്കൽ സീക്വേറിയത്തിൽ സന്ദർശനം നടത്തിയിരുന്നു. ആ സമയം ലോലീറ്റയുടെ പ്രകടനം കണ്ട് മറ്റ് കാണികൾ ഏറെ ആസ്വദിച്ചെങ്കിലും എഡ്വാർഡോയുടെ മകൾക്ക് മറ്റൊന്നാണ് തോന്നിയത്. ഇത്രയും വലിയ തിമിംഗലം ജയിലിൽ കഴിയുന്നതുപോലെയാണ് ഈ ചെറിയ ഇടത്തിൽ കഴിയുന്നതെന്നും എത്രയും വേഗം ഇവിടെ നിന്ന് പോയില്ലെങ്കിൽ ലോലീറ്റയുടെ അവസ്ഥ കണ്ട് തനിക്ക് കരച്ചിൽ വരുമെന്നും മകൾ പറഞ്ഞു. മകളുടെ മനസ്സ് തിരിച്ചറിഞ്ഞതോടെ ലോലീറ്റയെ മോചിപ്പിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം മകൾക്ക് വാക്കു കൊടുക്കുകയായിരുന്നു.

 

എന്നാൽ ലോലീറ്റയെ കടലിലേക്ക് നേരെ തുറന്നുവിടുന്നത് അതിന്റെ ജീവന് തന്നെ ഭീഷണിയാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മറ്റു തിമിംഗലങ്ങളെ പോലെ വേട്ടയാടി ഇരപിടിച്ചു ശീലമില്ലാത്തതിനാൽ കടലിലേക്ക് നേരെ തുറന്നുവിട്ടാൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടാൽ ലോലീറ്റയ്ക്ക് സാധിച്ചെന്ന് വരില്ല. ഇതിനുപുറമേ വലിയ തിമിംഗലക്കൂട്ടങ്ങളുമായി ഇടപഴകാനും ഏറെ സമയം ആവശ്യമായി വന്നേക്കാം. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൂടുതൽ തിമിംഗലങ്ങളെ പാർപ്പിച്ചിരിക്കുന്ന മറ്റൊരു സംവിധാനത്തിലേക്കാവും ആദ്യം ലോലീറ്റയെ എത്തിക്കുന്നത്. മറ്റു തിമിംഗലങ്ങളുടെ ശബ്ദം കേൾക്കാനും പെരുമാറ്റരീതികൾ മനസ്സിലാക്കാനും ഇതിലൂടെ ലോലീറ്റയ്ക്ക് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സാഹചര്യങ്ങളുമായി പൂർണമായി പൊരുത്തപ്പെട്ട ശേഷമാവും തിമിംഗലത്തെ പസിഫിക് സമുദ്രത്തിലേക്ക് തുറന്നു വിടുന്നത്.

 

1970 ൽ പിടികൂടിയത് മുതൽ ഇങ്ങോട്ട് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ലോലീറ്റയെ അലട്ടിയിരുന്നു. പലതവണ അണുബാധ ഉണ്ടായത് മൂലം ഭക്ഷണം കഴിക്കാനാവാത്ത നിലയിലേക്ക് വരെ തിമിംഗലം എത്തി. തടവിൽ കഴിയുന്നതിന്റെ സമ്മർദ്ദം മൂലം ലോലീറ്റയുടെ ഇണയായിരുന്ന ഹ്യൂഗോ പാർപ്പിച്ചിരുന്ന ടാങ്കിന്റെ ചുമരിൽ പലയാവർത്തി തലയിടിപ്പിച്ചതിനെ തുടർന്ന് 1980ൽ ചത്തിരുന്നു. കടലിൽ സ്വതന്ത്രമായി വിഹരിക്കേണ്ടിയിരുന്ന തിമിംഗലം ഈ കാലയളവിനുള്ളിൽ കൂട്ടത്തിൽ പെട്ട നിരവധി തിമിംഗലങ്ങൾ ചാവുന്നതിന് സാക്ഷിയാവുകയും മനുഷ്യന്റെ ചൂഷണങ്ങൾക്ക് വിധേയാവുകയും ചെയ്തതായി ഫ്രണ്ട്സ് ഓഫ് ടോക്കിക്ക് നേതൃത്വം നൽകുന്ന പ്രീതം സിംഗ് പറയുന്നു പറയുന്നു.

 

ലോലീറ്റയ്ക്ക് പുതിയ ജീവിതസാഹചര്യം ഒരുക്കുന്നതിനായി ഏറെ പണവും ആവശ്യമാണ്. 20 മില്യൻ ഡോളർ എങ്കിലും വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക താൻ വഹിക്കാമെന്ന് അമേരിക്കൻ ഫുട്ബോൾ ടീമായ ഇന്ത്യാനപോളിസ് കോൾട്ട്സിന്റെ  ഉടമയും ബിസിനസുകാരനുമായ ജിം ഇസ്രേ ഉറപ്പുനൽകിയിട്ടുണ്ട്.

 

English Summary: After 50 years, a Florida aquarium plans to return Lolita the orca to her home waters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com