ADVERTISEMENT

1940 മുതൽ 1960 കാലഘട്ടത്തിലാണ് ടൺ കണക്കിന് വരുന്ന ഡിഡിറ്റി എന്ന കീടനാശിനി അടങ്ങിയ ബാരലുകൾ ലൊസാഞ്ചലസ് തീരത്തിന് സമീപം കടലിലേക്ക് വലിയ തോതിൽ പുറന്തള്ളപ്പെട്ടത്. ലൊസാഞ്ചലസ് മേഖലയിൽ ഡിഡിറ്റിയുടെ വിതരണം നടത്തിയിരുന്ന കമ്പനിയാണ് നൂറ് കണക്കിന് ബാരലുകൾ പസഫിക് സമുദ്രത്തിൽ ഉപേക്ഷിച്ചത്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നേരിയ അളവിൽ പോലും വിഘടിക്കാതെ തുടരുന്ന ഈ ഡിഡിറ്റി പ്രദേശത്തെ സ്വാഭാവിക ജൈവ വ്യവസ്ഥയ്ക്ക് ഉണ്ടാക്കിയിരിക്കുന്നത് സമാനതകളില്ലാത്ത ആഘാതമാണ്. ഇപ്പോൾ മാറിയ കാലാവസ്ഥാ സാഹചര്യത്തിൽ ഗവേഷകർ ഭയപ്പെടുന്ന മറ്റൊരു കാര്യമുണ്ട്. ഇപ്പോൾ കടൽതട്ടിലുള്ള ഈ ഡിഡിറ്റി വൈകാതെ കരയിലേക്ക് സമുദ്രജലത്തിലൂടെ തിരികെയെത്താനുള്ള സാധ്യതയാണ് ഇവരെ ആശങ്കപ്പെടുത്തുന്നത്.  

കാൻസർ സാധ്യത വലിയ അളിവിലുള്ളതിനാൽ ഐക്യരാഷ്ട സംഘടനയുൾപ്പടെയുള്ള രാജ്യാന്തര കൂട്ടായ്മകളുടെ തീരുമാനപ്രകാരം ലോകമെമ്പാടും നിരോധിച്ച കീടനാശിനിയാണ് ഡിഡിറ്റി. 2019 ലാണ് ലൊസാഞ്ചലസിനു സമീപം കടൽത്തട്ടിൽ ഈ കീടനാശിനിയുടെ വലിയ ശേഖരം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഈ കീടനാശിനി ഇവിടെ തള്ളിയ ഏകദേശ കാലഘട്ടവും ബാരലുകളിൽ നിന്ന് ഇവ വിതരണം ചെയ്തിരുന്ന കമ്പനിയുടെ പേരും കണ്ടെത്തിയത്. കലിഫോർണിയയിലുള്ള മോൺട്രസ് കെമിക്കൽ കോർപ്പറേഷനാണ് ഈ കമ്പനി. ഇതിന് മുൻപും പല അപകടകരമായ രാസവസ്തുക്കളും ഇതേ കമ്പനി അലക്ഷ്യമായി കടലിൽ തള്ളിയതായി അധികൃതർ കണ്ടെത്തിയിരുന്നു.    

മലേറിയയ്ക്കുള്ള മരുന്നായി ഡിഡിറ്റി

1940 ലാണ് ഡിഡിറ്റി എന്ന രാസമിശ്രിതം ശാസ്ത്രലോകം കണ്ടെത്തുന്നത്. അന്ന് മലേറിയ ടൈഫസ് തുടങ്ങി കൊതുകുകളും മറ്റ് പ്രാണികളും മൂലം വരുന്ന രോഗങ്ങൾ തടയാനുള്ള വസ്തുവായാണ് ഡിഡിറ്റി ഉൽപാദിപ്പിച്ചത്. എന്നാൽ പിന്നീടങ്ങോട്ട് കൊതുക് പോലുള്ള പ്രാണികൾ ഈ രാസപദാർത്ഥത്തിനെതിരെ പ്രതിരോധ ശേഷി കൈവരിച്ചു. തുടർന്നാണ് അതിലും സൂക്ഷ്മജീവികളെ കൃഷി നശിപ്പിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള രാസവസ്തുവായി ഡിഡിറ്റിയെ ഉപയോഗിയ്ക്കാൻ തുടങ്ങിയത്. ഒരു കീടനാശിനി മൂലം ലോകത്തുണ്ടായ ആരോഗ്യകരവും പാരിസ്ഥിതികവുമായി വലിയ പ്രതിസന്ധിയുടെ തുടക്കമായിരുന്നു ഈ തീരുമാനം. 

ഡിഡറ്റി ഉത്പാദനം അതിന്റെ പരമോന്നതിയിൽ എത്തിയ നാളുകളായിരുന്നു ആ പതിറ്റാണ്ടുകൾ. വ്യക്തമായ മാലിന്യസംസ്കരണ പദ്ധതിയോ, സാങ്കേതിക വിദ്യയോ ഇല്ലാത്തതിനാൽ ഡിഡിറ്റി ഉൽപാദിപ്പിച്ച ശേഷമുള്ള അപകടകരമായ മാലിന്യം മോൺട്രസ് കോർപ്പറേഷൻ വീപ്പകളിലാക്കി കടലിൽ തള്ളുകയായിരുന്നു. കൃഷിക്കും മറ്റും ഉപയോഗിക്കാനുള്ള ഫാക്ടറയിൽ നിന്ന് വിതരണം ചെയ്യുന്ന ഡിഡിറ്റിയേക്കാൾ അപകടകാരിയാണ് മാലിന്യത്തിലൂടെ വരുന്ന ഡിഡിറ്റി. ഇതാണ് വലിയ തോതിൽ അക്കാലത്ത് കടലിലേക്ക് തള്ളിയതും.

ഈ ബാരലുകളെല്ലാം തന്നെ ഇപ്പോഴും സീൽ ചെയ്ത അവസ്ഥയിൽ തന്നെയാണ്. എന്നാൽ പല ഭാഗങ്ങളിലുണ്ടായ വിള്ളൽ നിമിത്തം ഈ ബാരലുകളിൽ നിന്ന് ഡിഡിറ്റി ഇപ്പോഴും ചോരുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തി. ഈ ഡിഡിറ്റി ആകട്ടെ വളരെ അപകടകരമായ നിലയിൽ തന്നെയാണ് ഇപ്പോഴുമുള്ളത്. കാലപ്പഴക്കം ഉണ്ടായെങ്കിലും ഇവയുടെ അപകടം സൃഷ്ടിക്കാനുള്ള വീര്യം ചോർന്നു പോയിട്ടില്ലെന്നും ഗവേഷകർ വിശദീകരിക്കുന്നു.

കാൻസർ ബാധിതരായ കടൽ സിംഹങ്ങൾ

2020 ൽ നടത്തിയ പഠനത്തിലാണ് ഡിഡിറ്റി പ്രദേശത്തെ ജൈവമേഖലയെ എങ്ങനെ ബാധിച്ചുവെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്. ഈ തീരദേശ മേഖലയിലുള്ള നാനൂറ് കടൽ സിംഹങ്ങളിൽ നാലിലൊന്ന് ജീവികൾക്കും ക്യാൻസർ ഉണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്.  ക്യാൻസർ ബാധിതരമായ കടൽസിംഹങ്ങളുടെ തൊലിപ്പുറമെ വലിയ തോതിൽ ഡിഡിറ്റിയുടെ അംശവും കണ്ടെത്തിയിരുന്നു. ഈ ഡിഡിറ്റിയുടെ സാന്നിധ്യം കടൽസിംഹങ്ങളെ രോഗബാധിതരമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്.

മനുഷ്യരിലും ഡിഡിറ്റിയുടെ സാന്നിധ്യത്തിൽ വിളർച്ച, ക്യാൻസർ, കരൾ രോഗങ്ങൾ, വൃക്ക തകരാർ തുടങ്ങിയ പ്രശ്നങ്ങൾ വ്യാപകമായി കണ്ടുവരുന്നുണ്ട്. സമാനമായ ലക്ഷണങ്ങളാണ് കടൽ സിംഹങ്ങളുടെ കാര്യത്തിലും ഗവേഷകർ കണ്ടെത്തിയത്. ഇതിൽ നിന്നാണ് സ്വാഭാവിക കാരണങ്ങൾക്ക് പുറമെ ഡിഡിറ്റിയും കടൽ സിംഹങ്ങളെ രോഗബാധിതരാക്കുന്നുണ്ടെന്നും ഇവർ തിരിച്ചറിഞ്ഞതും.

English Summary: 1,700 Tons Of DDT Dumped In The Ocean Isn’t Breaking Down

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com