ADVERTISEMENT

അധികാരത്തിന്റെ ചൂടും തണുപ്പുമൊക്കെ കാലാകാലങ്ങളിൽ മാറിയും മറിഞ്ഞുമിരിക്കും രാഷ്ട്രീയക്കാരുടെ ജീവിതത്തിൽ. എന്നാൽ കാലാവസ്ഥാ വ്യതിയാനം എന്ന യാഥാർഥ്യത്തിൽ നിന്നുമുയരുന്ന കൊടുംചൂടിനും കൊല്ലുന്ന തണുപ്പിനുമൊന്നും കക്ഷി രാഷ്ട്രീയ ഭേദമില്ല. ഇടതായാലും വലതായാലും പൊള്ളിക്കും ഈ കൊല്ലുന്ന താപനില. നേരിടണമെങ്കിൽ ഒന്നിച്ചു നിന്നേ മതിയാകൂ,  രാഷ്ട്രീയവൈരത്തിന്റെ ചൂടും ദിനംപ്രതി കുതിച്ചുയരുകയാണെങ്കിലും. നല്ല കാര്യമെന്താണെന്നു വെച്ചാൽ ഇത്തരമൊരവബോധം നമ്മുടെ രാഷ്ട്രീയമണ്ഡലത്തിൽ സാധ്യമാണെന്നതാണ്.  കുറഞ്ഞ പക്ഷം അടുത്തിടെ ഗോവയിൽ നടന്ന ഒരു ക്യാമ്പിലെങ്കിലും ഇത്തരമൊരു അഭിപ്രായ സമന്വയത്തിന്റെ അനുഭവം ദൃശ്യമായിരുന്നു. രാജ്യത്തിൻറെ തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഒന്നിച്ചിരുന്ന 'നെറ്റ് സീറോ ഫെല്ലോഷിപ്പ്' ആയിരുന്നു വേദി. ബെംഗളൂരു ആസ്ഥാനമായ സ്കൂൾ ഓഫ് പോളിസി ആൻഡ് ഗവേണൻസ് സംഘടിപ്പിച്ച പരിപാടിയിൽ  നെറ്റ് സീറോ കാർബൺ എമിഷൻ, കാലാവസ്ഥ വ്യതിയാനം, മാലിന്യ നിർമാർജനം തുടങ്ങി വിവിധ വിഷയങ്ങൾ മൂന്നു ദിവസം ചർച്ചയായി. 

നെറ്റ് സീറോ ഫെല്ലോഷിപ്പ് മേധാവി ശ്രീലത കൃഷ്ണൻ.
നെറ്റ് സീറോ ഫെല്ലോഷിപ്പ് മേധാവി ശ്രീലത കൃഷ്ണൻ.

കോൺഗ്രസ്, ബിജെപി, ഡിഎംകെ, എഐഎഡിഎംകെ,ടിഡിപി, തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ യുവനേതാക്കളെക്കൂടാതെ, ആക്ടിവിസ്റ്റുകളും മാധ്യമപ്രവർത്തകരും യുവസംരംഭകരും ശില്പശാലയിൽ പങ്കെടുത്തു. രാജ്യത്തിൻറെ നാല് മേഖലകളിലായി നടക്കാനിരിക്കുന്ന ശില്പശാലകളിലാദ്യത്തേതാണ് ഗോവയിലെ ആർപോറയിൽ നടന്നത്. 

 

രാഷ്ട്രീയപ്രവർത്തകരിൽ കാലാവസ്ഥ വ്യതിയാനം പോലെയുള്ള വിഷയങ്ങളിൽ അടിസ്ഥാനപരമായ അവബോധം സൃഷ്ടിക്കാനും അതിലൂടെ നയരൂപീകരണ പ്രക്രിയയിൽ അവരെ സഹായിക്കുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിട്ടതെന്ന്  സ്കൂൾ ഓഫ് പോളിസി ആൻഡ് ഗവേണൻസിൻറെ അധ്യക്ഷനും സംരഭകനുമായ രുചിർ പഞ്ചാബി പറഞ്ഞു. പ്രത്യയശാസ്ത്രഭിന്നതകൾക്കിടയിലും ഇത്തരം നിർണായകമായ വിഷയങ്ങളിൽ വിയോജിപ്പുകളെക്കാളധികം യോജിപ്പാണ് രാഷ്ട്രീയക്കാർക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടറിൽ നിന്നുള്ള വൈഭവ് ചതുർവേദി, ഡൽഹിയിലെ  പോളിസി റിസേർച്ചിലെ കാഞ്ചി കോലി തുടങ്ങിയ വിദഗ്ധർ ക്‌ളാസ്സുകൾ നയിച്ചു. 

 

net-zero-participants3
നെറ്റ് സീറോ ഫെല്ലോഷിപ്പിൽ കേരളത്തിൽ നിന്ന് പങ്കെടുത്ത ജോർജ് ലോറൻസ്, വിദ്യ ബാലകൃഷ്ണൻ, സൗമിനി ജെയിൻ, മൃദുലാദേവി ശശിധരൻ.

ചർച്ചയായി ബ്രഹ്‌മപുരവും 

net-zero-participants5
കൊച്ചി മുൻ മേയർ സൗമിനി ജെയിൻ എസ്പിജി പ്രോഗ്രാം മേധാവി സുഭദ്ര മേനോനൊപ്പം

ക്‌ളാസുകളും ചർച്ചകളും ഗ്രൂപ്പ് പ്രവർത്തനങ്ങളുമുൾപ്പെട്ട പരിപാടിയിൽ ബ്രഹ്മപുരം മാലിന്യപ്രശ്‌നവും ചർച്ചയായി. നഗരാസൂത്രണം, മാലിന്യനിർമാർജനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ വേളകളിൽ ബ്രഹ്മപുരത്തെ തീപിടുത്തവും മാലിന്യ പ്രതിസന്ധിയും പലവട്ടം ഉദാഹരിക്കപ്പെട്ടു. കൊച്ചി കോർപറേഷൻ മുൻ മേയറായ സൗമിനി ജെയിൻ ബ്രഹ്മപുരവുമായും കൊച്ചിയിലെ മാലിന്യ പ്രശ്നവുമായും ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ പങ്കുവെച്ചത് മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും പാഠമായി. 

net-zero-participants2
ജോർജ് ലോറൻസ് സംസാരിക്കുന്നു

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ചെയ്യുന്ന കാര്യങ്ങൾ മനസിലാക്കാനും അവരുമായി  സംവദിക്കാനുമുള്ള അവസരമായിരുന്നു ശില്പശാലയെന്ന് സൗമിനി ജെയിൻ  പറഞ്ഞു. "നമുക്ക് ധാരാളം നിയമങ്ങളും നയങ്ങളുമുണ്ട്. അവ കൃത്യമായി നടപ്പാക്കുകയാണ് കാലത്തിൻറെ ആവശ്യം. അത്തരമൊരു സമീപനത്തിന് തുടക്കം കുറിക്കാൻ  ഈ പരിപാടിക്ക് സാധിച്ചു," അവർ പറഞ്ഞു.

സൗമിനി ജെയിനെക്കൂടാതെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻറെ ലോക് സഭ പ്രൈവറ്റ് സെക്രട്ടറി ജോർജ് ലോറൻസ്,  കോൺഗ്രസ് ദേശീയ സെക്രട്ടറി  ബാലകൃഷ്ണൻ, ആക്റ്റിവിസ്റ്റും എഴുത്തുകാരിയുമായ മൃദുലാദേവി ശശിധരൻ തുടങ്ങിയവർ കേരളത്തിൽ നിന്നും പരിപാടിയിൽ പങ്കെടുത്തു. 

നെറ്റ് സീറോ ഫെല്ലോഷിപ്പ് അനുഭവം അവിസ്മരണീയവും പ്രതിഫലദായകവുമായിരുന്നുവെന്ന് ജോർജ് പറഞ്ഞു. "കാലാവസ്ഥാ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിരമായ ഭാവി കൈവരിക്കുന്നതിനുമുള്ള അഭിനിവേശവും പ്രതിബദ്ധതയും ഞങ്ങൾ എല്ലാവരും പങ്കിട്ടു.  ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ സഹകരണത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും പ്രാധാന്യത്തെ ഇത് ശക്തിപ്പെടുത്തി," അദ്ദേഹം പറഞ്ഞു.

 

പരിപാടിയിൽ പങ്കെടുക്കുവാൻ കഴിഞ്ഞത് കാലാവസ്ഥാ സാക്ഷരത കൈവരിക്കുവാൻ സ്കൂൾതലം മുതൽ പുതിയ കർമപരിപാടികൾ ആവിഷ്കരിക്കുവാനുതകുന്ന തരത്തിലുള്ള ചിന്താധാര രൂപപ്പെടുത്തുവാൻ ഏറെ സഹായകമായെന്ന് മൃദുല അഭിപ്രായപ്പെട്ടു. "വിയോജിപ്പിന്റെ രാഷ്ട്രീയം കേൾക്കുവാനുള്ള പ്ലാറ്റ് ഫോം കൂടിയായിരുന്നു നെറ്റ് സീറോ 2023. കാലാവസ്ഥ സാക്ഷരത, ക്ലൈമറ്റ് അപ്പാർതീഡ്, ക്ലൈമറ്റ് ഫെമിനിസം എന്നിവയിലേയ്ക്ക് കുറച്ചു കൂടി ഫോക്കസ് ചെയ്യേണ്ടതുണ്ട് എന്നുള്ള അഭിപ്രായം എസ് പി ജി സ്വീകരിക്കുവാൻ സന്നദ്ധത കാണിച്ചു എന്നുള്ളത് ഏറെ സന്തോഷം നൽകി," അവർ പറഞ്ഞു. 

English Summary: report of Net Zero Fellowship 2023 recently held in Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com