ADVERTISEMENT

ഭൂമിയിലെ ജീവികളിൽ തന്നെ ഏറ്റവും വലിയവയായ തിമിംഗലങ്ങൾ എന്നും മനുഷ്യർക്ക് കൗതുക കാഴ്ചയാണ്. അപ്പോൾ അപൂർവതകളുള്ള ഒരു തിമിംഗലം ആയാലോ? അത്തരത്തിലൊരു കാഴ്ചയാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് കലിഫോർണിയയ്ക്ക് സമീപം സമുദ്രത്തിൽ തിമിംഗല നിരീക്ഷകരെ കാത്തിരുന്നത്. ന്യൂപോർട്ട് ഹാർബറിന് സമീപത്തുവച്ച് ഉടലാകെ വെളുത്ത നിറത്തിലുള്ള ഒരു ഓർക്ക തിമിംഗല കുഞ്ഞിനെയാണ് ഇവർ കണ്ടത്.

 

വിനോദസഞ്ചാരികളുമായി സമുദ്രയാത്രയ്ക്കെത്തിയ ഒരു ടൂർ ഓപ്പറേറ്ററാണ് അപൂർവതകളുള്ള തിമിംഗലത്തെ കണ്ട കാര്യം  നിരീക്ഷകരെ അറിയിച്ചത്. വിവരം അറിഞ്ഞതോടെ ഡ്രോൺ ഓപ്പറേറ്ററായ ചാർലി ഫിട്സ്വില്ല്യത്തേയും ഒപ്പം കൂട്ടി ന്യൂപോർട്ട് കോസ്റ്റൽ അഡ്വഞ്ചർ എന്ന തിമിംഗല നിരീക്ഷണ സംഘടനയിലെ അംഗങ്ങൾ സമുദ്രത്തിലേക്ക് യാത്ര തിരിച്ചു.  ടൂർ ഓപ്പറേറ്റർ പറഞ്ഞ പ്രദേശത്ത് എത്തി ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ വെളുത്ത നിറമുള്ള ഓർക്കാതിമിംഗലം ഇവരുടെ കണ്ണിൽപെടുകയും ചെയ്തു. ഇവരുടെ യാത്രയുടെയും തിമിംഗലത്തെ കണ്ടതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

 

ഓർക്ക കൂട്ടത്തിനൊപ്പമായിരുന്നു തിമിംഗലത്തിന്റെ സഞ്ചാരം. നിരീക്ഷകരുടെ ബോട്ടിനരികിൽ തന്നെ അത് ഏറെ നേരം ചിലവിടുകയും ചെയ്തു. ഫ്രോസ്റ്റി എന്നാണ് ഈ അപൂർവ തിമിംഗലത്തിന് പേര് നൽകിയിരിക്കുന്നത്. 2019 ലാണ് ഫ്രോസ്റ്റി ജനിച്ചത്. അപൂർവമായ ജനിതിക പ്രത്യേകതകൾ മൂലമാണ് ഫ്രോസ്റ്റിക്ക് വെളുത്ത നിറം ലഭിച്ചതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. തിമിംഗലത്തിന്റെ തലയുടെ മുകൾ ഭാഗത്തും  ചെകിളകളിലും മാത്രമാണ് കറുപ്പു നിറമുള്ളത്. ശരീരത്തിൽ നിറങ്ങളുടെ സാന്നിധ്യമില്ലാതെ വരുന്ന ലൂസിസം എന്ന അവസ്ഥയാണ് ഫ്രോസ്റ്റിയെ ബാധിച്ചിരിക്കുന്നതെന്ന് സെന്റ് ആൻഡ്രൂസ് സർവകലാശാലയിലെ ജീവശാസ്ത്ര വിദഗ്ധനായ ലൂക്ക് റെൻഡൽ പറയുന്നു.

 

പൊതുവെ ആൽബിനിസം ബാധിക്കുമ്പോഴാണ് ജീവികളുടെ ശരീരം വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. എന്നാൽ ഫ്രോസ്റ്റിക്ക് ആൽബിനിസമല്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഓർക്കകളിൽ ഈ രോഗബാധ ഉണ്ടാകുന്നത് അപൂർവമാണ്. ഭൂരിഭാഗം സാഹചര്യങ്ങളിലും സങ്കീർണമായ രോഗാവസ്ഥകളിലേക്ക് ഇത് നയിച്ചെന്നും വരാം. 1970 കളിൽ ബ്രിട്ടീഷ് കൊളംബിയയിൽ സമാനമായ രോഗാവസ്ഥയുള്ള ഒരു തിമിംഗലത്തിനെ കണ്ടെത്തിയിരുന്നു. ഷിമോ എന്ന് പേര് നൽകിയിരുന്ന തിമിംഗലം പ്രതിരോധശേഷിയില്ലാത്തതു മൂലം വളരെ ചെറിയ പ്രായത്തിൽ തന്നെ ചത്തു പോവുകയായിരുന്നുവെന്ന് ഗവേഷകർ അറിയിക്കുന്നു.

 

എന്നാൽ നിലവിൽ ഫ്രോസ്റ്റിയുടെ ആരോഗ്യനില തൃപ്തികരമാണ്. കൂട്ടത്തിനൊപ്പം അത് ഇര തേടുകയും ചെയ്യുന്നുണ്ട്. കൂട്ടത്തിൽപ്പെട്ട മറ്റ് ഓർക്കാതിമിംഗലങ്ങൾ ഫ്രോസ്റ്റിയെ കരുതലോടെ ഒപ്പം കൂട്ടിയിരിക്കുന്നുവെന്നതാണ് പ്രധാന കാര്യം. പല കാലങ്ങളിലായി നടത്തിയ നിരീക്ഷണങ്ങളിൽ വെളുത്ത ഓർക്ക തിമിംഗലം അടങ്ങുന്ന കൂട്ടം മെക്സിക്കോ മുതൽ കാനഡ വരെ സഞ്ചരിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

 

English Summary: Rare white orca wows whale watchers off the coast of California

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com