ADVERTISEMENT

കഴിഞ്ഞ ജനുവരിയിലാണ് കരീബിയൻ ദ്വീപുകളോട് ചേർന്നുള്ള മേഖലയിൽ സീ എർച്ചിൻ അഥവാ കടൽ ചൊറി എന്നറിയപ്പെടുന്ന ശരീരം മുഴുവൻ മുള്ളുകളോട് കൂടിയ ജീവികൾ കൂട്ടത്തോടെ ചത്തടിയുന്നതായി കണ്ടെത്തിയത്. ലോങ് സ്പൈൻഡ് അഥവാ നീളമേറിയ മുള്ളുകളുള്ള സീ എർച്ചിൻ എന്ന വിഭാഗത്തിൽ പെടുന്നവയാണ് ഈ ചത്തുപൊങ്ങിയവയെല്ലാം. ഈ മരണത്തിന് പിന്നിലെ കാരണം ഗവേഷകർ അന്വേഷിക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഈ കൂട്ടമരണം മറ്റ് മേഖലകളിലേക്കും വ്യാപിച്ചു.

കരീബിയൻ ദ്വീപുകൾക്ക് പുറമെ അറ്റ്ലാന്റിക്കിന്റെ പടിഞ്ഞാറൻ പ്രദേശത്ത് അമേരിക്കയിലെ ഫ്ലോറിഡ മുതൽ മുകളിലോട്ടുള്ള തീരഭാഗങ്ങളിലും കിഴക്കൻ മേഖലയിൽ നെതൽലൻഡ്സിന്റെ തീരപ്രദേശത്ത് വരെയും ഈ ജീവികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. ചെറു ചൂടുള്ളള അധികം ആഴമില്ലാത്ത മേഖലകളിലാണ് ഈ ജീവികളെ കണ്ടുവരുന്നത്. പ്രധാനമായും ആൽഗകളാണ് ഇവയുടെ ഭക്ഷണം. 

അസുഖബാധിതരായ കടൽ ചൊറികൾ

ഏതാണ്ട മുള്ളൻ പന്നിയെ ഓർമിപ്പിക്കുന്ന രൂപമാണ് കടൽ ചൊറികൾക്കുള്ളത്. ഇതിന് മുൻപ് കടൽ ചൊറികളിൽ കണ്ടെത്താത്ത രീതിയിലുള്ള മാറ്റങ്ങൾ മരണത്തിന് മുൻപ് ഇവയുടെ ശരീരത്തിൽ കണ്ടിരുന്നു. ജീവൻ നഷ്ടപ്പെടുന്നതിന്റെ രണ്ട് ദിവസം മുൻപ് തന്നെ ഇവയുടെ ശാരീരിക ചലന ശേഷി ഗണ്യമായ തോതിൽ കുറയും. ഇതിന് ശേഷം ഇവയുടെ ശരീരത്തിലെ മുള്ളുകൾ കൊഴിയാൻ തുടങ്ങും. ജീവൻ വേർപെടുന്ന സമയം ആകുമ്പോഴേക്കും ഇവയുടെ മുള്ളുകൾ ഏറെക്കുറെ പൂർണമായും നഷ്ടപ്പെട്ടിരിക്കും. 

ഈ ലക്ഷണങ്ങൾക്ക് ശേഷം ചില ജീവികൾ സ്വാഭാവികമായി മരണപ്പെടുമ്പോൾ മറ്റ് ചില ജീവികളെ വേട്ടക്കാരായ ജീവികൾ ഇരയാകുകയും ചെയ്യാറുണ്ട്. ഏതെങ്കിലും തരത്തിലുള്ള രോഗബാധയാകാം കടൽ ചൊറികളെ ഈ അവസ്ഥയിലേക്കെത്തിക്കുന്നത് എന്നാണ്  ഗവേഷകരുടെ പ്രാഥമിക നിഗമനം. അതേസമയം ഇതിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. മാത്രമല്ല ഇത്ര വേഗത്തിൽ ആയിരക്കണക്കിന് കിലോമീറ്റർ അകലേക്ക് ഈ രോഗം വ്യാപിക്കുന്നതെങ്ങനെയെന്നും വ്യക്തമല്ല.

മുപ്പത് വർഷം മുൻപും കൂട്ടമരണം

മലിനീകരണമോ, കാലാവസ്ഥാ വ്യതിയാനമോ അങ്ങനെ എന്തുമാകാം ഈ കടൽച്ചൊറികളുടെ കൂട്ടമരണത്തിന് കാരണമെന്ന് ഗവേഷകർ കണക്കു കൂട്ടുന്നു. അതേസമയം കടൽ ചൊറികളുടെ കൂട്ടമരണം നടക്കുന്നത് ഇത് ആദ്യമായല്ല. നേരത്തെ 1980കളിലും സമാനമായ പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് കരീബിയൻ മേഖലയിലെ 98 ശതമാനം കടൽ ചൊറികളാണ് ഇല്ലാതായത്. ഇപ്പോഴാകട്ടെ കരീബയിൻ മേഖലയിൽ മാത്രം പ്രതിസന്ധിയെ അതിജീവിച്ചത് 12  ശതമാനത്തോളം എർച്ചിനുകൾ മാത്രമാണ്. അതേസമയം അസുഖബാധ ഇപ്പോഴും തുടരുന്നതിനാൽ അതിജീവിക്കുന്ന എർച്ചിനുകളുടെ എണ്ണം ഇനിയും കുറയാൻ ഇടയുണ്ടെന്നും ഗവേഷകർ കണക്ക് കൂട്ടുന്നു. 

കുറ്റവാളിയെ കണ്ടെത്തിയോ

2022 മധ്യത്തോടെ തന്നെ ഒരു ഗവേഷക സംഘം സീ എർച്ചിനുകൾക്ക് എന്ത് സംഭവിയ്ക്കുന്നു എന്നതിനേക്കുറിച്ച് പഠനം ആരംഭിച്ചിരുന്നു. ഇവരുടെ നിഗമനം അനുസരിച്ച് സിലിയേറ്റ് എന്ന് പേരുള്ള ഒരു സൂക്ഷ്മജീവിയാണ് ഇവയുടെ മരണത്തിന് കാരണം. ഈ സൂക്ഷ്മ ജീവികളുടെ സാന്നിധ്യം വലിയ തോതിൽ സീ എർച്ചിനുകൾ മരണപ്പെട്ട മേഖലയിൽ കണ്ടെത്തിയിരുന്നു. സാധാരണ ഗതിയിൽ ഒരു തരത്തിലുള്ളർ രോഗവും സൃഷ്ടിക്കുന്നവയാണ് ഈ സൂക്ഷ്മജീവികൾ. എന്നാൽ ഇവയുടെ ഒരു വിഭാഗമായ സ്കൂറ്റികോസിലിയേറ്റോസിസ് എന്ന ജീവികൾ അപകടകാരികളാണെന്ന് ഗവേഷകർ പറയുന്നു. വെള്ളത്തിലൂടെ അധികദൂരം വേഗത്തിൽ സഞ്ചരിക്കാനും ഇവയ്ക്ക് സാധിക്കും.

ഈ സാഹചര്യങ്ങൾ പരിശോധിച്ച ശേഷമാണ് സ്കൂറ്റികോസിലിയേറ്റോസിസ് വിഭാഗത്തിൽ പെട്ട സിലിയേറ്റ് ജീവികളെ സീ എർച്ചിനുകൾക്കൊപ്പം ലാബിൽ ഒരേ ടാങ്കിൽ പാർപ്പിച്ച് പരീക്ഷണം നടത്തിയത്. ഈ പരീക്ഷണത്തിൽ സമുദ്രത്തിൽ സംഭവിച്ചത് എന്താണോ അത് കൃത്യമായി തന്നെ ഗവേഷകരുടെ മുന്നിൽ സംഭവിച്ചു. ഈ ജീവികൾ ശരീരത്തിലെത്തി മൂന്ന് ദിവസത്തിനുള്ളിൽ തന്നെ സീ എർച്ചിനുകൾ ചത്തു. ഇതോടെയാണ് തങ്ങൾ വർഷങ്ങളായി ഗവേഷക ലോകത്തിന് ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു സീ എർച്ചിനുകളുടെ കൂട്ടമരണത്തിന് ഉത്തരവാദികളെ കണ്ടെത്താനായെന്ന് ഗവേഷകർ തിരിച്ചറിഞ്ഞത്.

English Summary: The Case Of The Mystery Sea Urchin Killer Has Finally Been Solved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com