അപൂർവ ഉത്തേജനവസ്തു തേടി ഹിമാലയത്തില്; 5 പേരെ കാണാതായി, എന്താണ് യർസഗുംബ?

Mail This Article
ഹിമാലയത്തിൽ കാണപ്പെടുന്ന യർസഗുംബ എന്ന അപൂർവ വസ്തു ശേഖരിക്കാൻ ഇറങ്ങിയ 5 പേരെ മഞ്ഞിടിച്ചിലിൽ കാണാതായി. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ 4 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു. ചൈനീസ് വൈദ്യത്തിൽ ലൈംഗിക ഉത്തേജനമരുന്ന് ഉണ്ടാക്കാൻ രണ്ടായിരത്തിലധികം വർഷങ്ങളായി ഉപയോഗിക്കുന്ന വസ്തുവാണ് യർസഗുംബ. ഹിമാലയൻ വയാഗ്രയെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ബ്യാൻസ് വില്ലേജ് കൗൺസിൽ മേഖലയിൽ മഞ്ഞിടിച്ചിൽ ഉണ്ടായതാണ് അപകടത്തിന് കാരണമായത്. എകാലാവസ്ഥ നല്ലതല്ലാത്തതിനാൽ തിരച്ചിലിനു പ്രതിസന്ധി നേരിടുന്നുണ്ട്.
80 സൈനികരും നേപ്പാൾ പൊലീസിലെ അംഗങ്ങളും തിരച്ചിലിനായി മേഖലയിൽ തമ്പടിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. എല്ലാവർഷവും ഇതേ സീസണിൽ ധാരാളം പേർ യർസഗുംബ തേടി മല കയറാറുണ്ട്. മണ്ണിൽ ജീവിക്കുന്ന പുഴുവിനെ ഒഫിയോ കോർഡിസെപ്‌സ് സൈനസിസ് എന്ന ഫംഗസ് ബാധിക്കുന്നതാണ് യർസഗുംബയ്ക്ക് വഴി വയ്ക്കുന്നത്. താമസിയാതെ പുഴു ചാവും. ഇതിന്റെ തലയിൽ നിന്നൊരു തിരിപോലെ ഫംഗസ് ഉയർന്നുപൊങ്ങും. തറനിരപ്പിൽ നിന്ന് 2 മുതൽ 6 സെന്റീമീറ്റർ വരെ ഉയരത്തിൽ യർസഗുംബ ഉയർന്നു നിൽക്കും. ഇതു ശേഖരിക്കാനാണ് ആളുകൾ എത്തുന്നത്. തിബറ്റിൽ യാർസഗുംബ എന്നറിയപ്പെടുന്ന ഈ വസ്തുവിനെ നേപ്പാളിലും മറ്റും കീര ഝർ എന്നാണ് അറിയപ്പെടുന്നത്.
ഭൂട്ടാൻ, നേപ്പാൾ, തിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയൻ മേഖലകളിലാണ് യാർസഗുംബ കാണപ്പെടുന്നത്. കോർഡിസെപിൻ എന്ന രാസവസ്തു ഇതിൽ അടങ്ങിയിരിക്കുന്നു. എന്നാൽ ഇവയിൽ ഇതിനൊപ്പം ആർസെനിക് പോലുള്ള ലോഹങ്ങളുടെ സാന്നിധ്യമുള്ളതിനാൽ ഇതിന്റെ കച്ചവടവും ഉപയോഗവും ചൈന 2016 മുതൽ നിയന്ത്രിച്ചുവരുന്നു. 1993ൽ ഒരു അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ വൻവിജയം നേടിയ ചൈനീസ് സംഘത്തിന്റെ മാനേജർ, തന്റെ ടീമംഗങ്ങൾക്ക് യർസഗുംബ ചേർത്ത സൂപ്പ് നൽകാറുണ്ടെന്ന് വെളിപ്പെടുത്തിയാണ് ഈ വസ്തുവിന്റെ വില വൻതോതിൽ രാജ്യാന്തര വിപണിയിൽ കൂട്ടിയത്. നിലവിൽ കിലോയ്ക്ക് 20 ലക്ഷം വരെയൊക്കെ രാജ്യാന്തര വിപണിയിൽ യാർസഗുംബയ്ക്ക് വിലയുണ്ട്.
തിബറ്റിൽ വലിയ സാമ്പത്തിക സ്വാധീനമുള്ള കാര്യമാണ് യാർസഗുംബയുടെ കച്ചവടം. 2004ൽ ടിബറ്റിന്റെ ആഭ്യന്തര ജിഡിപിയുടെ 8.5 ശതമാനം ഇതിൽ നിന്നാണ് ലഭിച്ചത്. ഇതിന്റെ ശേഖരിക്കാലുമായി ബന്ധപ്പെട്ടുള്ള മത്സരങ്ങൾ കയ്യാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചിട്ടുണ്ട്. 2009ൽ നേപ്പാളിൽ 7 കൃഷിക്കാർ ഇത്തരമൊരു സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു. സീസണിൽ നടക്കുന്ന വർധിത തോതിലുള്ള ശേഖരിക്കൽ, തിബറ്റ് പീഠഭൂമിയുടെ പരിസ്ഥിതി സന്തുലനത്തെയും ബാധിക്കുന്നുണ്ടെന്ന് വിദഗ്ധർ പറയുന്നു.
English Summary: Five people seeking 'Himalayan Viagra' missing after an avalanche in Nepal