ആക്രമിക്കാൻ വന്ന സ്രാവിനെ കീഴ്പ്പെടുത്തി കൗമാരക്കാരി. യുഎസിലെ സൗത്ത് ഫ്‌ളോറിഡയിലാണ് സംഭവം. ഫ്‌ളോറിഡയിലെ ഫോർട്ട് പിയേഴ്‌സ് കടലിൽ സമയം ചെലവിടുന്നതിനിടയിലാണ് എട്ടാം ക്ലാസുകാരി എല്ല റീഡ് സ്രാവിന്റെ ആക്രമണത്തിന് വിധേയയായത്. തന്റെ ശരീരത്തിന്റെ വശങ്ങളിൽ വലിയ വേദന അനുഭവപ്പെട്ടതായി തോന്നിയപ്പോഴാണ് എല്ല അങ്ങോട്ടേക്ക് ശ്രദ്ധിച്ചത്. തന്നെ ഒരു ഭീമാകാരനായ സ്രാവ് ആക്രമിക്കുകയാണെന്ന് എല്ലയ്ക്ക് ഉടനടി തന്നെ മനസ്സിലായി. മനസ്സിൽ പേടി ഉടലെടുത്തെങ്കിലും ഉടനടി തന്നെ എല്ല സംയമനം വീണ്ടെടുത്തു.
സ്രാവിനെ തിരിച്ച് ആക്രമിക്കാതെ തനിക്ക് രക്ഷയില്ലെന്നു മനസ്സിലാക്കിയ എല്ല സർവശക്തിയുമെടുത്ത് സ്രാവിന്റെ മൂക്കിലും മുഖത്തും പ്രഹരിച്ചു. ഇതോടെ സ്രാവ് ഒന്നു പിൻവാങ്ങി. എന്നാൽ പിൻതിരിയാൻ അത് ഒരുക്കമല്ലായിരുന്നു. തിരികെയെത്തിയ സ്രാവ് എല്ലയുടെ വയറിൽ കടിച്ചു. ശക്തനായ സ്രാവായിരുന്നു അതെന്നും ബുൾ ഷാർക് വിഭാഗത്തിൽപെടുന്നതാണ് അതെന്നു തോന്നുന്നെന്നും എല്ല പറയുന്നു. വീണ്ടും തന്റെ കൈ ഉപയോഗിച്ച് എല്ല സ്രാവിനെ ആക്രമിച്ചു. അപ്പോൾ സ്രാവ് അവളുടെ കൈയിലും വിരലിലും കടിച്ചു. വീണ്ടും സ്രാവിന്റെ മുഖത്ത് എല്ല ഇടിച്ചതോടെ സ്രാവ് പിൻവാങ്ങുകയായിരുന്നു.
ആക്രമണത്തിന്റെ ഭാഗമായി മുറിവ് പറ്റിയ എല്ലയുടെ ദേഹത്ത് 19 സ്റ്റിച്ചുകളുണ്ട്. ഇപ്പോൾ ചികിത്സ തേടുകയാണ്. സംഭവം തന്നെ പേടിപ്പിച്ചെന്നും ഇപ്പോൾ ഉറങ്ങാൻ പാടാണെന്നും എല്ല പറയുന്നു. എന്നാൽ താൻ ബീച്ചിൽ പോകുന്നത് വീണ്ടും തുടരുമെന്നും എല്ല വ്യക്തമാക്കി. ഭാവിയിൽ മറൈൻ ബയോളജിസ്റ്റാകാനാണ് എല്ലയുടെ ആഗ്രഹം. സാംസെസി ഷാർക്ക് എന്നുമറിയപ്പെടുന്ന ബുൾ ഷാർക് വിഭാഗത്തിലുള്ള സ്രാവുകൾ ലോകത്ത് ഉഷ്ണ സമുദ്രമേഖലകളിലും നദികളിലുമൊക്കെ കാണപ്പെടാറുണ്ട്.
തീരത്തോടടുത്ത വെള്ളമാണ് ഇവയുടെ വിഹാരരംഗം. വളരെ അക്രമണോത്സുകതയുള്ള സ്രാവിനമാണ് ഇവ. ലോകത്ത് പലയിടങ്ങളും ബീച്ചിൽ പോകുന്നവരെ ഇവ സാരമായി ആക്രമിക്കാറുണ്ട്. ഈ ഒരു സ്വഭാവം ഇവയുടെ വംശത്തെ തന്നെ ബാധിക്കുന്നുണ്ടെന്നു ഗവേഷകർ പറയുന്നു. ബീച്ചിൽ പോകുന്നവരെ സംരക്ഷിക്കാനായി ബുൾ ഷാർക്കുകളെ പലയിടങ്ങളിലും വ്യാപകമായി വേട്ടയാടാറുണ്ട്. വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഇവയെ കരുതപ്പെടുന്നത്.
English Summary: Teenage girl escapes shark attack, punches sea predator in Florida