ചെന്നൈ നഗരത്തിലെ താപനില റെക്കോർഡ് മറികടക്കുമെന്ന ആശങ്കയിൽ നഗരവാസികൾ. മേഖലാ കാലാവസ്ഥാ കേന്ദ്രം പുറത്തുവിട്ട കണക്കു പ്രകാരം തിങ്കളാഴ്ചത്തെ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസാണ്. എന്നാൽ നഗരത്തിൽ മിക്ക സ്ഥലങ്ങളിലും താപനില 40 ഡിഗ്രി കടന്നതായാണ് സ്വകാര്യ കാലാവസ്ഥ ബ്ലോഗർമാരുടെ കണ്ടെത്തൽ. അനുഭവപ്പെടുന്ന താപനിലയാകട്ടെ 48 ഡിഗ്രി സെൽഷ്യസിനു സമമാണെന്നാണ് കണക്കാക്കപ്പെടുന്നത്. 2014 മേയിൽ രേഖപ്പെടുത്തിയ 42.8 ഡിഗ്രി സെൽഷ്യസാണ് നഗരത്തിലെ ഇതുവരെയുള്ള ഉയർന്ന ചൂട്.
2012ൽ താപനില 42.5 ഡിഗ്രിയിൽ എത്തിയിരുന്നു. അടുത്ത ഏതാനും ദിവസങ്ങളിൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇതോടെയാണ് താപനില മുൻ വർഷങ്ങളേക്കാൾ കൂടാനുള്ള സാധ്യത പ്രവചിക്കപ്പെടുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരമേഖലകളിൽ നിലനിന്നിരുന്ന ഈർപ്പത്തെ വലിച്ചെടുത്തതാണ് വളരെപ്പെട്ടെന്ന് താപനില വർധിക്കാനിടയാക്കിയത്.
English Summary: Heat wave continues in Chennai, IMD predicts high temperatures till Friday