ADVERTISEMENT

കൊടുങ്കാറ്റിൽ ആകാശത്തേക്ക് പറന്നുയർന്ന് സോഫ. തുർക്കിയിലെ അങ്കാറയിൽ ആഞ്ഞടിച്ച കാറ്റിലാണ് ബഹുനിലക്കെട്ടിടത്തിൽ നിന്ന് സോഫ പറന്നുയർന്നത്. വീടിന്റെ അകത്തളത്തിൽ മാറ്റങ്ങൾ വരുത്തുന്ന സമയത്ത് സോഫ സെറ്റുകളും കട്ടിലുകളുമൊക്കെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീക്കാൻ പലപ്പോഴും രണ്ടോ അതിൽ അധികമോ ആളുകളുടെ പ്രയത്നം തന്നെ വേണ്ടിവരും. എന്നാൽ ഒരു വലിയ സോഫ വായുവിലൂടെ ഏറെ ദൂരം പറന്നു നീങ്ങുന്ന കാഴ്ചയാണ് ആളുകളെ ഞെട്ടിച്ചത്. അതിശക്തമായ കൊടുങ്കാറ്റിൽപെട്ടാണ് സോഫ ഇലകൾ പറക്കുന്നത് പോലെ വായുവിലൂടെ തെന്നി നീങ്ങിയത്.

ശക്തമായ കാറ്റിന്റെ ദൃശ്യങ്ങൾ പകർത്തുകയായിരുന്ന നഗരവാസികളിൽ ഒരാളുടെ ക്യാമറയിലാണ് ഈ അപൂർവ കാഴ്ച പതിഞ്ഞത്. തുടക്കത്തിൽ അകലെയുള്ള ഒരു ബഹുനില കെട്ടിടത്തിൽ നിന്നും വലുപ്പമുള്ള എന്തോ ഒന്ന് പറന്നു നീങ്ങുന്നത് മാത്രമേ കാണാൻ സാധിക്കൂ. കാറ്റിൽ പ്ലാസ്റ്റിക് ഷീറ്റോ വലുപ്പമേറിയ തുണിയോ പറന്നു നീങ്ങുകയാണെന്ന് ആദ്യം കരുതിയെങ്കിലും നിമിഷങ്ങൾക്കുള്ളിൽ അത് ഒരു സോഫയാണെന്ന് ദൃശ്യം പകർത്തിയവർക്ക് മനസ്സിലായി. ക്യാമറ അല്പം കൂടി സൂം ചെയ്തതോടെ ഇക്കാര്യം വ്യക്തമാവുകയും ചെയ്തു.

കെട്ടിടത്തിന്റെ മുകൾനിലകളിൽ നിന്ന് പറന്നുയർന്ന സോഫ ഏറെ ദൂരം വായുവിലൂടെ നീങ്ങി.  അതിനുശേഷം കെട്ടിടത്തിൽ നിന്നും അല്പം അകലെയുള്ള മറ്റൊരു കെട്ടിടത്തിന് സമീപത്ത് പതിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം സംഭവത്തിൽ ആർക്കെങ്കിലും പരുക്കേറ്റിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മെയ് 17നാണ് അങ്കാറയിൽ ഒട്ടേറെ നാശനഷ്ടങ്ങൾ വിതച്ച കൊടുങ്കാറ്റ് ഉണ്ടായത്. കൊടുങ്കാറ്റ് വീശിയടിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചതോടെ  നഗരവാസികൾ വേണ്ട മുൻകരുതലുകളെടുക്കണമെന്ന് ഭരണകൂടം അറിയിച്ചിരുന്നു. ഇത്രയും ശക്തമായ ഒരു കൊടുങ്കാറ്റ് ജീവിതത്തിൽ ആദ്യമായാണ് കാണുന്നതെന്നാണ് അങ്കാറയിലെ ജനങ്ങൾ വ്യക്തമാക്കിയത്. സോഫ പറക്കുന്ന ദൃശ്യങ്ങൾക്ക് പുറമേ കൊടുങ്കാറ്റിന്റെ ഭീകരത വെളിവാക്കുന്ന മറ്റു ധാരാളം വിഡിയോകളും നഗരത്തിൽ നിന്ന് പുറത്തു വന്നിട്ടുണ്ട്.

കൊടുങ്കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലെത്തിയതോടെ വളരെ വേഗം ശ്രദ്ധ നേടിയിട്ടുണ്ട്. ഈ കാഴ്ച കണ്ട് വിശ്വസിക്കാനാവാതെയാണ് പലരും പ്രതികരണങ്ങൾ അറിയിക്കുന്നത്. സങ്കൽപിക്കാനാവാത്തത്രയും ഭീതിജനകമായ അവസ്ഥ എന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു സോഫയെ ഇത്രയും ദൂരത്തേക്ക് പറത്തിക്കൊണ്ടു പോകാൻ തക്ക ശക്തിയുള്ള കാറ്റിനെ അവിടുത്തെ ജനങ്ങൾ എങ്ങനെ നേരിട്ടു എന്ന ആശങ്കയും ചിലർ പങ്കുവയ്ക്കുന്നു. അതേസമയം എങ്ങനെയാണ് ഉയരമുള്ള കെട്ടിടത്തിൽ നിന്ന് സോഫ തടസ്സങ്ങളില്ലാതെ പുറത്തെത്തിയതെന്നാണ് മറ്റു ചിലരുടെ സംശയം. ഒരുപക്ഷേ ബാൽക്കണിയിലോ സിറ്റൗട്ടിലോ സ്ഥാപിച്ചിരുന്ന സോഫയാവാം ഇതെന്ന് പലരും മറുപടി നൽകുന്നുണ്ട്.

 

English Summary: Watch: Violent Storm Causes Sofa To Fly In Sky In Turkey's Ankara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com