ജലാശയം മലിനമായി; ഗുജറാത്തിൽ വെള്ളം കുടിച്ചതിനെ തുടർന്ന് ജീവനറ്റത് 25 ഒട്ടകങ്ങൾ

 Polluted water suspected to have killed 25 camels in Bharuch
Image Credit: Abhishek Mittal / Istock
SHARE

ഗുജറാത്തിലെ ഭാറുഖ് ജില്ലയിൽ മലിനജലം കുടിച്ചതിനെ തുടർന്ന് 25 ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടമായി. വാഗ്ര താലൂക്കിലെ ഫാമിലെ ചെറിയ ജലാശയത്തിൽ നിന്ന് വെള്ളം കുടിച്ച ഒട്ടകങ്ങളാണ് ചത്തത്. ഒഎൻജിസി ഓയിൽ പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച മൂലമാണ് ജലാശയം മലിനമായതെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് ഒട്ടകങ്ങളെ സംഭവത്തെ തുടർന്ന് കാണാതാവുകയും ചെയ്തിരുന്നു.

ഒഎൻജിസി പൈപ്പ് ലൈനിലെ ചോർച്ചയാണ് ദാരുണമായ സംഭവത്തിന് കാരണമായതെന്ന് ഗുജറാത്ത് മലിനീകരണ നിയന്ത്രണ ബോർഡ് ആരോപിച്ചു. വെള്ളവും ഭൂമിയും മലിനമായതുമായി ബന്ധപ്പെട്ട്  പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഒഎൻജിസിക്ക് നിർദേശം നൽകിയതായും മലിനീകരണ നിയന്ത്രണ ബോർഡിന്റെ വിജിലൻസ് ഓഫീസറായ ആർബി ത്രിവേദി അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ജലാശയത്തിൽ നിന്നും വെള്ളം കുടിച്ചതിനെ തുടർന്ന് 25 ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടതായി ഗ്രാമവാസികൾ അധികൃതരെ ധരിപ്പിച്ചത്. പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം എങ്കിലും മരണകാരണം കൃത്യമായി കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

സംഭവം നടന്ന ദിവസം കച്ചിപുര ഗ്രാമത്തിൽ നിന്നും ചഞ്വേൽ ഗ്രാമത്തിലേക്ക് 77 ഒട്ടകങ്ങളെയാണ് പുല്ലുമേയ്ക്കാനായി എത്തിച്ചിരുന്നത്. അവയിൽ ചിലത്  ജലാശയത്തിൽ നിന്ന് വെള്ളം കുടിച്ചിരുന്നു. തൊട്ടു പിന്നാലെ അവ ചത്തു വീഴുകയും ചെയ്തതായി ഒട്ടകങ്ങളുടെ ഉടമയായ റഹ്മാൻ കച്ചി പറയുന്നു. ഉടൻതന്നെ അദ്ദേഹം ജില്ലാ ഭരണകൂടത്തെ വിവരമറിയിച്ചു. അവിടെ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജീവനോടെ അവശേഷിക്കുന്ന ഒട്ടകങ്ങൾക്ക് ചികിത്സ നൽകി. ഈ ഒട്ടകങ്ങളുടെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ്. എന്നാൽ കാണാതായ അഞ്ച് ഒട്ടകങ്ങളെ  കണ്ടെത്താനായിട്ടില്ല എന്നും അദ്ദേഹം പറയുന്നു.

കച്ചിപുര ഗ്രാമത്തിലെ മാൽധാരി സമൂഹത്തിൽപെട്ട ജനങ്ങളുടെ പ്രധാനപ്പെട്ട ജീവിതോപാധി ഒട്ടകങ്ങളെ വളർത്തുന്നതാണ്. എന്നാൽ നിലവിൽ ചൂട് അധികമായതിനാൽ കിലോമീറ്ററുകൾ അകലെയുള്ള പ്രദേശങ്ങളിലേക്ക് വെള്ളവും തീറ്റയും തേടി അവയെ കൊണ്ടുപോകേണ്ടി വരുന്നുണ്ട്. ഇത്തരത്തിലാണ് അവയെ ചഞ്ച്വേലിലേക്ക് കൊണ്ടുപോയത് . ഒട്ടകങ്ങൾ കൂട്ടമായി ചത്ത സംഭവം ഗ്രാമവാസികളെയാകെ വിഷമത്തിലാക്കിയിരിക്കുകയാണ്. അതേസമയം കോർപ്പറേഷന് കീഴിലുള്ള പൈപ്പ് ലൈനുകളിൽ ഒന്നിൽ ചോർച്ച ഉണ്ടായതായി മുതിർന്ന ഒഎൻജിസി ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. പരിസ്ഥിതി സംരക്ഷിക്കാൻ തങ്ങൾ ബാധ്യസ്ഥരാണന്നും മലിനീകരണം നടന്നിട്ടുണ്ടെങ്കിൽ അതിന് എത്രയും വേഗം പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഒട്ടകങ്ങളുടെ മരണത്തിന് കാരണം ഇതുതന്നെയാണോ എന്ന് ഉറപ്പിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. എണ്ണ കലർന്ന വെള്ളം കുടിക്കാൻ മൃഗങ്ങൾ ശ്രമിക്കില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

English Summary: Polluted water suspected to have killed 25 camels in Bharuch

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA