ADVERTISEMENT

ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഭൂമിയുടെ ചരിത്ത്രിൽ അപൂർവമായി ഇവ ഇവിടെ എത്തിയിട്ടുണ്ട്. മെക്‌സിക്കോയിലെ യൂക്കാട്ടനിലെ ചിക്സ്ലബിൽ പതിച്ച ഇത്തരമൊരു ഛിന്നഗ്രഹം ലോകമെമ്പാടും കാലാവസ്ഥാമാറ്റമുണ്ടാക്കുകയും ഉരഗവർഗത്തിലെ വമ്പൻ ജീവികളായ ദിനോസറുകൾ ഉൾപ്പെടെയുള്ളവയുടെ നാശത്തിനു വഴിവയ്ക്കുകയും ചെയ്തിരുന്നു. ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്.

ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. ഇത്തരം ഇടികൾക്ക് പടുകഴികൾ സൃഷ്ടിക്കാനും ദശലക്ഷക്കണക്കിന് ടൺ ഭൗമവസ്തുക്കൾ അന്തരീക്ഷത്തിലേക്ക് തെറിപ്പിക്കാനുമുള്ള കഴിവുണ്ട്, ഈ സമയത്ത് ഉടലെടുക്കുന്ന താപനിലയും സമ്മർദ്ദവും വജ്രങ്ങൾ രൂപപ്പെടാൻ ആവശ്യമുള്ള അളവിലുള്ളതാകാമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഈ മേഖലയിൽ കാർബൺ സ്ഥിതി ചെയ്യുന്നുണ്ടെങ്കിൽ അതു വജ്രമായി മാറാനുള്ള സാധ്യതയുണ്ട്. ഛിന്നഗ്രഹങ്ങളുമായി പലപ്പോഴും ബന്ധപ്പെട്ടു കേൾക്കാറുള്ള ഒരു രാജ്യമാണ് ഭൂമിയിലെ ഏറ്റവും വലിയ രാജ്യമായ റഷ്യ. ആധുനിക ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട പ്രധാന ഛിന്നഗ്രഹവിസ്‌ഫോടനമായ ടുംഗുംസ്‌ക സംഭവിച്ചത് റഷ്യയുടെ ഭാഗമായ സൈബീരിയയിലാണ്. 2013ൽ റഷ്യയിലെ യുറാൽ മേഖലയിലുള്ള ചെല്യബിൻസ്‌കിലെ ആകാശത്ത് ഒരു ഉൽക്ക പൊട്ടിത്തെറിച്ചതും വലിയ വാർത്തയായിരുന്നു.

ഏകദേശം മൂന്നരക്കോടി വർഷം മുൻപ് 5 മുതൽ 8 വരെ കിലോമീറ്റർ വ്യാസമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയുടെ അന്തകരീക്ഷത്തിലേക്കു പ്രവേശിച്ചു. സെക്കൻഡിൽ 15 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു ഇതിന്റെ സഞ്ചാരം. സൈബീരിയയുടെ വടക്കൻ ഭാഗത്തുള്ള ടൈമീർ മേഖലയിലേക്കാണ് ഇതു വന്നു പതിച്ചത്. വലിയ ആഘാതത്തിലുണ്ടായ ഈ പതനത്തിൽ ധാരാളം ഘനയടി അളവിൽ പാറകൾ ഉരുകിപ്പോയി. ദശലക്ഷക്കണക്കിന് ടൺ അവശിഷ്ടങ്ങൾ ബഹിരാകാശത്തേക്ക് ഉയർന്നു. ഇവയിൽ ചില അവശിഷ്ടങ്ങൾ മറ്റു ഭൂഖണ്ഡങ്ങളിൽ വരെ വന്നു പതിച്ചു. ഈ ആഘാതത്തിൽ ഉടലെടുത്ത കുഴി അറിയപ്പെടുന്നത് പോപിഗായ് ക്രേറ്റർ എന്ന പേരിലാണ്. നൂറു കിലോമീറ്ററിലധികം വ്യാസമുള്ളതാണ് ഈ കുഴി. ഛിന്നഗ്രഹപതനങ്ങൾ മൂലം ഭൂമിയിലുണ്ടായ കുഴികളിൽ വലുപ്പം കൊണ്ട് ഏഴാം സ്ഥാനത്താണ് പോപിഗായ് ക്രേറ്റർ. ഈ ഇടി നടന്ന് ക്ഷണനേരത്തേക്ക് ദശലക്ഷക്കണക്കിന് ആണവായുധങ്ങൾക്ക് സ്‌ഫോടനം സംഭവിക്കുന്ന ഊർജം ഉടലെടുക്കുകയും സൂര്യോപരിതലത്തിലേക്കാൾ ഉയർന്ന താപനില ഉണ്ടാകുകയും ചെയ്തു.

ആഘാതം സംഭവിച്ച ഈ ബിന്ദുവിൽ നിന്ന് 12 മുതൽ 13 വരെ കിലോമീറ്റർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന ചെറിയ പാളികളിലുള്ള പാറകളിലെ ഗ്രാഫൈറ്റാണ് വജ്രങ്ങളായി മാറിയത്. ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തേക്കാൾ വലുതാണ് ഇവിടെയുള്ളതെന്ന് ഗവേഷകർ കണക്കുകൂട്ടി. എന്നാൽ ഈ ആഘാതവും മറ്റു സാഹചര്യങ്ങളും ക്ഷണനേരത്തേക്കായിരുന്നു ഇവിടെ നിലനിന്നത്. അതിനാൽ തന്നെ 2 മില്ലിമീറ്ററിൽ താഴെ വലുപ്പമുള്ള ചെറിയ വജ്രങ്ങളാണ് ഇവയിലധികവും. ആഭരണങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ വലുപ്പവും ശുദ്ധിയുമുള്ള വജ്രങ്ങൾ ഇവിടെ ഉടലെടുത്തില്ല.അതിനാൽ തന്നെ ഇവിടെ വജ്രഖനനത്തിനു വലിയ പ്രസക്തിയില്ലെന്ന് ഗവേഷകർ പറയുന്നു. എന്നാൽ ഇടക്കാലത്ത് ഈ കുഴി നിറയെ വജ്രങ്ങളാണെന്നും ഇവ ഖനനം ചെയ്യാൻ കാത്തുകിടക്കുകയാണെന്നും ശതകോടിക്കണക്കിന് ഡോളർ മൂല്യമുള്ള നിധിയാണ് ഇവിടെയുള്ളതെന്നുമൊക്കെയുള്ള നിലയിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഇവയിൽ സത്യം തീരെയില്ലെന്നാണ് ഗവേഷകർ പറയുന്നത്. 1990 മുതൽ ഈ പടുകുഴിയെപ്പറ്റി വിദഗ്ധർക്ക് അറിയാം. പലരും ഇവിടെ സന്ദർശിച്ചിട്ടുമുണ്ട്.

വ്യാവസായിക ആവശ്യങ്ങൾക്കുള്ള വജ്രങ്ങളായി ഉപയോഗിക്കാനാണ് പോപിഗായ് ക്രേറ്ററിലെ വജ്രങ്ങൾ ഉപകരിക്കുക. എന്നാൽ ഇന്നത്തെ കാലത്ത് വ്യാവസായിക ആവശ്യങ്ങൾക്കുള്ള വജ്രങ്ങൾ കൃത്രിമമായി ഉണ്ടാക്കാറാണ് പതിവ്. ഖനനം ചെയ്‌തെടുക്കുന്നതിനെക്കാൾ ലാഭം ഇതാണ്, ഇക്കാരണത്താൽ, പോപിഗായ് ക്രേറ്ററിലെ വജ്രങ്ങൾക്ക് ഉപയോഗസാധ്യത തീരെക്കുറവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.കൂടാതെ പോപിഗായ് ക്രേറ്റർ സ്ഥിതി ചെയ്യുന്നത് ദുർഘടമായ ആർട്ടിക് മേഖലയിലാണ്. ഇങ്ങോട്ടേക്ക് എത്തുന്നതും ഖനനം നടത്തുന്നതുമൊക്കെ ചെലവേറിയ കാര്യങ്ങളാണ്. വജ്രഖനനത്തിന്റെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് റഷ്യ. അവരുടെ ദേശീയ വജ്രഖനന കമ്പനിയായ ആൽറോസ ലോകത്ത് ഏറ്റവും കൂടുതൽ വജ്രങ്ങൾ ഖനനം ചെയ്‌തെടുക്കുന്നതിലും കൃത്രിമ വജ്രങ്ങൾ നിർമിക്കുന്നതിലും മുൻപന്തിയിലാണ്. ബോട്‌സ്വാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രത്‌നങ്ങൾ ഖനനം ചെയ്യുന്ന രാജ്യവും റഷ്യയാണ്.

English Summary: Popigai: Russia's Crater of Diamonds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com