ADVERTISEMENT

ലോകത്തെ ഞെട്ടിച്ച ഒരു സംഭവമാണ് ടൈറ്റാനിക്കിന്റെ തകർച്ചയ്ക്കു സമീപം നടന്നിരിക്കുന്നത്. ടൈറ്റാനിക്കിന്റെ ശേഷിപ്പുകൾ കാണാനായി സമുദ്രപേടകത്തിൽ യാത്ര തിരിച്ച 5 പേരെ കാണാതായിരിക്കുന്നു. ഇവരെയും ഇവർ സഞ്ചരിച്ച പേടകത്തെയും ഇതുവരെ കണ്ടെത്താൻ സാധിച്ചില്ല, ഇതോടെ ടൈറ്റാനിക് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 1912ൽ തകർന്ന ടൈറ്റാനിക് പോലെ പ്രശസ്തമായ ഒരു കപ്പലപടകം ലോകചരിത്രത്തിൽ വേറെയുണ്ടാകില്ല. കനത്ത ആൾനാശമുണ്ടാക്കിയ ടൈറ്റാനിക് അപകടത്തോടൊപ്പം ധാരാളം വിലപിടിപ്പുള്ള വസ്തുക്കളും അറ്റ്‌ലാന്റിക് സമുദ്രത്തിലേക്കു മറഞ്ഞു. രത്‌നങ്ങളും അപൂർവ പിയാനോകളും വിലയേറിയ പെയിന്റിങ്ങുകളുമൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

എന്നാൽ ഇക്കൂട്ടത്തിൽ അപൂർവവും വിചിത്രവുമായ ഒരാഭരണവും ഉണ്ടായിരുന്നു. ആദിമകാലത്ത് ഭൂമിയിലുണ്ടായിരുന്ന രാക്ഷസൻ സ്രാവ്‌ അഥവാ മഗലോഡോൺ എന്ന സ്രാവിന്റെ പല്ല് ഉപയോഗിച്ചുള്ള ഒരു നെക്ലേസായിരുന്നു അത്. ടൈറ്റാനിക്കിന്റെ അവശേഷിപ്പുകൾക്കിടയിൽ നടത്തിയ തിരച്ചിലിലാണ് ഇതു കണ്ടെത്തിയത്. ആരായിരുന്നു ഈ നെക്ലേസിന്റെ ഉടമകൾ എന്നത് ഇന്നും അറിയാത്ത രഹസ്യമാണ്.

ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനായ മെഗലോഡോൺ എന്ന സ്രാവ്. 2018ൽ പുറത്തിറങ്ങിയ മെഗ്, മെഗാഷാർക് തുടങ്ങി ഒട്ടേറെ ഹോളിവുഡ് ചിത്രങ്ങളിൽ തങ്ങളുടെ കൂർത്ത പല്ലുകൾ കാട്ടി പ്രേക്ഷകരെ പേടിപ്പിച്ചിട്ടുണ്ട്. പൂർണമായും ഇവയുടെ വംശം ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

36 ലക്ഷം വർഷം മുൻപ് ഭൂമിയിലെ കടലുകളിൽ വിഹരിച്ചിരുന്ന മെഗലഡോൺ സ്രാവുകൾക്ക് 50 അടി വരെ നീളമുണ്ടെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്. ഇപ്പോഴത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളുടെ മൂന്നിരട്ടി നീളം. ഇവയുടെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്കു പോലും ആറരയടിയോളം നീളമുണ്ടായിരുന്നെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. മറ്റൊരു ഞെട്ടിക്കുന്ന വസ്തുത കൂടിയുണ്ട്. മെഗലഡോൺ സ്രാവുകളുടെ ശിശുക്കൾ ഗർഭസ്ഥ അവസ്ഥയിൽ തന്നെ തങ്ങളുടെ സഹോദരൻമാരെ കൊന്നുതിന്നുമായിരുന്നത്രേ.

megalodon
(Photo: Twitter/@Click_Inks)

അമ്മയുടെ ഗർഭപാത്രത്തിൽ വച്ചുള്ള ഈ വേട്ടയാടലിൽ വിജയിക്കുന്നവർ മാത്രമേ പ്രസവിച്ചു കടലിലേക്ക് ഇറങ്ങൂ. ഇതിനാൽ തന്നെ ജനിച്ചു വീഴുമ്പോൾ തന്നെ ഇവ അസാധാരണമായ ക്രൗര്യം പ്രകടിപ്പിച്ചിരുന്നു. മറ്റു സ്രാവുകളുടെ കുഞ്ഞുങ്ങളെ ഭക്ഷിക്കാൻ തക്കം പാർത്തിരിക്കുന്ന പല കടൽ ജീവികൾക്കും മഗലോഡോൺ കുഞ്ഞുങ്ങളുടെ അരികിൽ പോകാൻ ഭയമായിരുന്നു. മരണം ക്ഷണിച്ചുവരുത്താൻ ആർക്കാണിഷ്ടം? കടലിൽ തങ്ങളെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ മറ്റു മത്സ്യങ്ങളെയും കടൽജീവികളെയുമൊക്കെ ലാവിഷായി ശാപ്പിട്ട് ഇവ പെരുകി വളർന്നു. ചെറിയ തിമിംഗലങ്ങൾ മുതൽ ചെറിയ സ്രാവുകൾ വരെയുള്ള കടൽജീവികൾ ഇവയുടെ ഡയറ്റിലുണ്ടായിരുന്നു.

ഇരയെ മുന്നിൽ കണ്ടാൽ ഇവ തങ്ങളുടെ വായ വലിച്ചുതുറക്കും. മൂന്നു മീറ്ററോളം വ്യാസമുണ്ടാകും ഈ വായയ്ക്ക്. ഇന്നത്തെ കാലത്താണെങ്കിൽ രണ്ടു മനുഷ്യരെ ഒറ്റയടിച്ച് വായിലാക്കാൻ ഇവയ്ക്കു കഴിയും. 276 പല്ലുകൾ ഉള്ള ഇവയ്ക്ക് കടിക്കാനുള്ള ശക്തി (ബൈറ്റ് ഫോഴ്‌സ്) സമാനതകളില്ലാത്തതായിരുന്നു. ഒറ്റക്കടിക്ക് തന്നെ ഇരയുടെ മരണം ഉറപ്പ്. 88 മുതൽ 100 വർഷം വരെ ഇവ ജീവിച്ചിരുന്നെന്നും ശാസ്ത്രജ്ഞർ പറയുന്നു.

മെഗലോഡോൺ (Photo: Twitter/@AIFinity76), സ്രാവിന്റെ എല്ലും പല്ലും (Photo: Twitter/@RockTheOcean)
മെഗലോഡോൺ (Photo: Twitter/@AIFinity76), സ്രാവിന്റെ എല്ലും പല്ലും (Photo: Twitter/@RockTheOcean)

മഗലോഡോണുകൾക്ക് പിന്നീട് എന്തു പറ്റി? എങ്ങനെ ഇവ അപ്രത്യക്ഷരായി? ഇതിനുള്ള ഉത്തരമായി ശാസ്ത്രജ്ഞർ പറയുന്നത് ചരിത്രാതീത കാലത്തുള്ള ഒരു പരിസ്ഥിതി പ്രതിഭാസമാണ്. ആഗോളതാപനം എന്നു നമ്മൾ ഇന്നു കേട്ടിട്ടുണ്ടാകും. ഇതിനു നേരെ വിപരീതമായ ആഗോളശിതീകരണം. ഭൂമിയെമ്പാടും താപനില കുറഞ്ഞു. വളരെ കുറഞ്ഞു. ഇതിന്റെ ഫലം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത് സമുദ്രത്തിലാണ്. കടലാമകൾ മുതൽ കടൽപ്പക്ഷികൾ വരെ ചത്തൊടുങ്ങി. അന്നുണ്ടായിരുന്ന 43 ശതമാനം കടലാമകളും ചത്തെന്നാണു കണക്ക്. ഇതിന്റെ ഫലമായി ഇരകിട്ടുന്നതിൽ കുറവ് നേരിട്ട വലിയ ജീവികളും പതിയെ പട്ടിണി മൂലം നശിച്ചു. മഗലോഡോണുകളുടെ അന്ത്യം അങ്ങനെ സംഭവിച്ചു. ഇന്നും മഗലോഡോണുകൾ കടലിലെവിടെയെങ്കിലും ഉണ്ടാകാം എന്നു വാദിക്കുന്നവർ ഉണ്ട്. എന്നാൽ, ഒരു നിഗൂഢസിദ്ധാന്തം എന്നതിനപ്പുറം ഈ വാദത്തിനു ശാസ്ത്രലോകം വലിയ വിലയൊന്നും കൊടുക്കുന്നില്ല.

English Summary: Megalodon necklace from titanic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com