ADVERTISEMENT

1912ലാണ് ലോക കപ്പൽ ഗതാഗതമേഖലയെ ഞെട്ടിച്ച ആ സംഭവമുണ്ടായത്. ലോകത്ത് സമുദ്രയാത്രയിലെ മഹാദ്ഭുതങ്ങളിലൊന്നായ ടൈറ്റാനിക് എന്ന കപ്പൽ വിസ്മയം കടലിലെ മഞ്ഞുമലയിലിടിച്ച് തകർന്നു. ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് യുഎസിലെ ന്യൂയോർക്കിലേക്കുള്ള കന്നിയാത്രയിലാണ് ടൈറ്റാനിക്കിന് ഈ ദുർഗതി വന്നു ചേർന്നത്. ഈ ചരിത്രസംഭവം ലോകമെമ്പാടും പ്രശസ്തി നേടി. പിൽക്കാലത്ത് 1997ൽ ടൈറ്റാനിക് പശ്ചാത്തലമായി ജയിംസ് കാമറൺ ഒരു പ്രണയചിത്രമൊരുക്കി. ലോകം മുഴുവൻ ബ്ലോക്ബസ്റ്ററായി മാറിയ ഈ ചിത്രത്തിലൂടെ ടൈറ്റാനിക് ലോകജനതയുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

അപകടത്തിനു ശേഷം കടലിന്റെ അടിത്തട്ടിൽ നിദ്രയിലാണ് ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ. 1987ൽ മുൻ ഫ്രഞ്ച് നാവികസേനാ ഉദ്യോഗസ്ഥനും ഇരുത്തംവന്ന കടൽപര്യവേക്ഷകനുമായ പിഎച്ച് നാർഗലോട്ട് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിലെത്തുകയും കപ്പല്‍ തകർന്നയിടത്തേക്ക് എത്തുകയും ചെയ്തു. അക്കാലത്ത് ടൈറ്റാനിക് ദുരന്തം കഴിഞ്ഞ് 75 വർഷം ആയിരുന്നു. ടൈറ്റാനിക് തകർന്നയിടം കണ്ടെത്തിയിട്ട് 2 വർഷം പിന്നിട്ട കാലത്താണു നാർഗലോട്ടിന്റെ വരവ്. പിന്നീട് മുപ്പതിലേറെ തവണ നാർഗലോട്ട് ഈ കപ്പൽ തകർച്ച നടന്നയിടം സന്ദർശിച്ചു.

 (Photo:Facebook/Oceanic gate, RMS Titanic, Inc.)
(Photo:Facebook/Oceanic gate, RMS Titanic, Inc.)

കപ്പലിന്റെ അവശിഷ്ടങ്ങളിൽ വലിയ തോതിൽ ശോഷണം നടക്കുന്നുണ്ടെന്ന് നാർഗലോട്ട് മനസ്സിലാക്കി. ടൈറ്റാനിക്കിലെ ഇരുമ്പ് തിന്നു ജീവിക്കുന്ന ഒരു കൂട്ടം ബാക്ടീരിയകളാണ് ഈ ശോഷണത്തിനു പിന്നിലെന്നാണ് വിദഗ്ധരുടെ വാദം. ഇരുമ്പിനെ തുരുമ്പാക്കി മാറ്റി ജീവിക്കാനുള്ള ഊർജം നേടുന്ന ഹാലോമോണസ് ടൈറ്റാനിക്കേ എന്നയിനം ബാക്ടീരിയകളാണ് ഇതിനു പിന്നിൽ. ഇവ സമുദ്രത്തിൽ മാത്രമല്ല, പുഴകളിലും മറ്റു ശുദ്ധജല ശ്രോതസ്സുകളിലുമൊക്കെ കാണപ്പെടാറുണ്ടെന്നും വിദഗ്ധർ പറയുന്നു.

എന്നാൽ ആഴക്കടലിൽ ഇവ ഇരുമ്പു കൂടുതലായുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടാണു ജീവിക്കുന്നത്. കപ്പൽച്ചേതങ്ങളും മറ്റ് ഇരുമ്പുകൂടിയ തകർച്ചകളുമൊക്കെ ഇത്തരം ബാക്ടീരിയകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ്.

പതിനായിരക്കണക്കിന് ടൺ സ്റ്റീലുണ്ടായിരുന്ന കപ്പലാണ് ടൈറ്റാനിക്. അതിനാൽ തന്നെ ഈ ബാക്ടീരിയകളുടെ വലിയ ശ്രദ്ധ ഇതുനേടി. റസ്റ്റിക്കിൾസ് എന്നറിയപ്പെടുന്ന ഘടനകൾ ഈ കപ്പൽ തകർച്ചയിൽ എല്ലായിടത്തുമുണ്ട്. ഹാലോമോണാസ് ബാക്ടീരിയകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളാണ് റസ്റ്റിക്കിൾസ്. മനുഷ്യരുടെ അത്രയുമൊക്കെ പൊക്കമുള്ള റസ്റ്റിക്കിൾസ് ടൈറ്റാനിക് അവശിഷ്ടങ്ങളിലുണ്ടെന്ന് അവിടെയെത്തിയ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.

രണ്ടു മൈക്രോമീറ്ററിൽ താഴെ വലുപ്പമുള്ള ബാക്ടീരിയകളാണ് ഹാലോ മോണാസ്. 2010ലാണ് ഈ വിഭാഗത്തിലുള്ള ബാക്ടീരിയകളെ ആദ്യമായി വിദഗ്ധർ വിലയിരുത്തി മനസ്സിലാക്കിയത്. ഇതിനുശേഷം ഇന്നുവരെയുള്ള കാലയളവിൽ അവയുടെ എണ്ണം പലമടങ്ങായി വർധിച്ചു. കുറച്ചുപതിറ്റാണ്ടുകൾക്കുള്ളിൽ തന്നെ ഈ സൂക്ഷ്മജീവികൾ ടൈറ്റാനിക്കിന്റെ അവശേഷിപ്പുകളുടെ കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

ഇവ കൂടാതെ ധാരാളം പവിഴപ്പുറ്റുകളും കപ്പലിൽ വളരുന്നുണ്ട്. ചിലയിനം ഞണ്ടുകൾ, കൊഞ്ചുകൾ, ഗ്രനേഡിയർ എന്നറിയപ്പെടുന്ന ആഴക്കടൽ മത്സ്യങ്ങൾ തുടങ്ങിയവയും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾക്കിടയിലുണ്ട്. ഈ ജീവികൾ ടൈറ്റാനിക്കിനു ചുറ്റും സവിശേഷമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിച്ചെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

Content Highlights: Titanic Wreckage, Bacteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com