ADVERTISEMENT

‘‘96 മണിക്കൂർ പിന്നിട്ടപ്പോൾ എന്റെ പ്രതീക്ഷകളെല്ലാം തകർന്നു. ഞാൻ ഏറ്റവും മോശപ്പെട്ട സാഹചര്യം അനുഭവിച്ചറിയാൻ പോവുകയാണെന്ന് വീട്ടുകാർക്ക് സന്ദേശം അയച്ചു. എന്നാൽ എന്റെ മകൾ അലീന തോറ്റുകൊടുക്കാൻ തയാറായില്ല. കോസ്റ്റ് ഗാർഡ് ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് പറയുന്നത് വരെ...’’– ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ പോയി മരണത്തിനു കീഴടങ്ങിയ ഷഹ്സാദ ദാവൂദിന്റെ ഭാര്യ ക്രിസ്റ്റീൻ ദാവൂദിന്റെ വാക്കുകളാണിത്. ഭർത്താവിനൊപ്പം 19കാരനായ മകൻ സുലൈമാനെയുമാണ് ക്രിസ്റ്റീന് നഷ്ടമായത്. ടൈറ്റൻ സമുദ്രപേടകവുമായുള്ള സമ്പർക്കം നഷ്ടപ്പെട്ടെന്ന വാർത്ത  അറിയുമ്പോൾ ക്രിസ്റ്റീൻ മകൾക്കൊപ്പം സമുദ്രപേടകത്തിന്റെ സഹായ കപ്പലായ പോളാർ പ്രിൻസിലായിരുന്നു.

‘യാത്രയ്ക്കു പോകും മുൻപ് ഷഹ്സാദ തന്നെ കെട്ടിപ്പിടിച്ചു. തമാശകളും പറഞ്ഞു. ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിൽ ദാവൂദ് ഏറെ ആവേശത്തിലായിരുന്നു. ഒരു കൊച്ചുകുട്ടിയെ പോലെയായിരുന്നു പെരുമാറിയത്. അച്ഛനും മകനും ഇത് ചെയ്യാൻ ആഗ്രഹിച്ചവരാണ്. അതുകൊണ്ട് തന്നെ അവർ രണ്ടുപേരും സന്തോഷത്തോടെയാണ് യാത്രയ്ക്ക് തയാറായത്. മകൻ സുലൈമാൻ റൂബിക്സ് ക്യൂബുമായാണ് പോയത്. സമുദ്രത്തിനടിയിൽ വച്ച് റൂബിക്സ് ക്യൂബ് സോൾവ് ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്നു. ഇതിനായി അവൻ ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് അപേക്ഷ നൽകി. ആ നിമിഷം പകർത്താൻ ദാവൂദ് ക്യാമറയും കൈയിൽ കരുതിയിരുന്നു.’– ക്രിസ്റ്റീൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ജർമൻ സ്വദേശിനിയായ ക്രിസ്റ്റീൻ മനശാസ്ത്ര വിദഗ്ധയാണ്. 2019ൽ നടന്ന ഒരു വിമാനപകടത്തെ അതിജീവിച്ചതിനെക്കുറിച്ച് ക്രിസ്റ്റീൻ ഒരു ബ്ലോഗ് എഴുതിയിരുന്നു. ആ യാത്രയിൽ ഷഹ്സാദയും ഉണ്ടായിരുന്നു. ആകാശച്ചുഴിയിൽ അകപ്പെട്ട വിമാനം പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ക്രിസ്റ്റീന്റെ ജീവിതത്തെയും കരിയറിനെയും മാറ്റിമറിച്ച സംഭവമായിരുന്നു അത്. 

ഷഹ്സാദ ദാവൂദും മകൻ സുലൈമാൻ ദാവൂദും (ഇടത്–Engro Corporation Limited/via REUTERS), ടൈറ്റൻ സമുദ്രപേടകം (മധ്യത്തിൽ–y Handout / OceanGate Expeditions / AFP), സുലൈമാൻ ദാവൂദ് (വലത്–Twitter/vbspurs)
ഷഹ്സാദ ദാവൂദും മകൻ സുലൈമാൻ ദാവൂദും (ഇടത്–Engro Corporation Limited/via REUTERS), ടൈറ്റൻ സമുദ്രപേടകം (മധ്യത്തിൽ–y Handout / OceanGate Expeditions / AFP), സുലൈമാൻ ദാവൂദ് (വലത്–Twitter/vbspurs)

ഷഹ്സാദയും ക്രിസ്റ്റീനും ഇംഗ്ലണ്ടിലെ സറേയിലെ സുർബിറ്റണിലായിരുന്നു താമസം. പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമാണ് ഷഹ്സാദ ദാവൂദ്. ഗ്ലാസ്ഗോയിലെ സ്ട്രാത്ക്ലൈഡ് സർവകലാശാലയിലെ ബിസിനസ് സ്കൂളിൽ ആദ്യവർഷ വിദ്യാർഥിയായിരുന്നു മകൻ സുലൈമാൻ. ടൈറ്റനില്‍ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്ക് കൂപ്പുകുത്തിയ അഞ്ചു യാത്രക്കാരിലെ ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 

Shahzada Dawood, Suleman, Paul-Henri Nargeolet, Stockton Rush, Hamish Harding. Collage: Manorama
Shahzada Dawood, Suleman, Paul-Henri Nargeolet, Stockton Rush, Hamish Harding. Collage: Manorama

വിക്ടർ 6000 റോബട്ടാണ് സമുദ്രോപരിതലത്തിൽനിന്നു നാലു കിലോമീറ്റർ താഴെ ‘ടൈറ്റൻ’ എന്ന സമുദ്രപേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതോടെ പേടകത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരിച്ചതായി പേടകത്തിന്റെ ഉടമകളായ ഓഷൻ ഗേറ്റ് എക്സ്പെ‍ഡിഷൻസ് കമ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരെ കൂടാതെ ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരൻ പോൾ ഹെൻറി നാർസലേ, ഓഷൻ ഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണു പേടകത്തിലുണ്ടായിരുന്നത്. 

പരിസ്ഥിതി പ്രവർത്തകൻ കൂടിയാണ് ഷഹ്സാദ ദാവൂദ്. പ്രകൃതിയെയും യാത്രയെയും ഏറെ സ്നേഹിക്കുന്ന ഷഹ്സാദ, ഇൻസ്റ്റഗ്രാമിൽ നിരവധി പ്രകൃതിരമണീയമായ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. പക്ഷികൾ, പൂക്കൾ, ഭൂപ്രകൃതി, കലഹാരി മരുഭൂമിയിലെ സൂര്യാസ്തമയം, ഷെറ്റ്ലാൻഡിലെ പെൻഗ്വിൻ തുടങ്ങിയവയുടെ ചിത്രങ്ങളെല്ലാം ഷഹ്സാദ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

ടൈറ്റന്റെ ഉൾവശം 

പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ടൈറ്റൻ സമുദ്രപേടകത്തിൽ സഞ്ചരിക്കാനാകുക. പേടകത്തിനുള്ളിലെ സ്ഥിതി തത്സമയം അറിയാൻ റിയൽ ടൈം ട്രാക്കിങ് സംവിധാനം ഉണ്ട്. ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാനുള്ള ‘സോനാർ’ സാങ്കേതികവിദ്യയും പേടകത്തിലുണ്ട്. വിഡിയോ, ഫോട്ടോ ചിത്രീകരണത്തിനായി എച്ച്ഡി ക്യാമറകളും യന്ത്രക്കൈയുമുണ്ട്.

സമുദ്രാന്തർഭാഗത്തേക്കു പോകുമ്പോഴുണ്ടാകുന്ന ശക്തമായ തണുപ്പിനെ അതിജീവിക്കുന്നതിനായി ഭിത്തികൾ ചൂടുള്ളതാണ്. പേടകത്തിനകത്തെ ഭിത്തിയിൽ ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു. പേടകത്തിന്റെ മുൻഭാഗത്തായി ഒരു ടോയ്‌ലറ്റുണ്ട്. 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജനാണു ടൈറ്റനിലുള്ളത്. പേടകത്തിലുള്ളവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കാം.

ടൈറ്റനിലെ സുരക്ഷ 

സമുദ്രപേടകത്തെ നിരീക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങളുണ്ടെന്നാണ് ഓഷൻ ഗേറ്റിന്റെ വെബ്സൈറ്റിൽ പറയുന്നത്. കടലിനടിലെ മർദം മനസ്സിലാക്കുന്നതിനായി സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. പര്യവേഷണത്തിനു മുൻപ് തന്നെ യാത്രക്കാരെ പേടകത്തിനകത്താക്കി പുറത്തുനിന്നു പൂട്ടും. 17 പൂട്ടുകൾ ഉപയോഗിച്ചാണ് പൂട്ടുന്നത്. ഒരുകാരണവശാലും പേടകം അകത്തുനിന്ന് തുറക്കാൻ സാധിക്കില്ല. 

English Summary: Titan Sub Tragedy: Pak Billionaire's Wife Was Asked About Final Moments With Family. Her Reply

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com