യജമാനനു വേണ്ടി 10 വർഷം കാത്തിരുന്ന ‘ഹച്ചിക്കോ’; ലോകത്തെ വിശ്വസ്തനായ നായയുടെ 100–ാം ജന്മവാർഷികം
Mail This Article
മനുഷ്യനും വളർത്തുനായയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയെടുത്താൽ ആദ്യം മനസ്സിലെത്തുക ജപ്പാനിലെ സ്റ്റേഷൻ മാസ്റ്ററായ യജമാനന്റെയും ഹച്ചിക്കോ എന്ന നായയുടെയും കഥയായിരിക്കും. യജമാനൻ മരിച്ചതറിയാതെ 10 വർഷമാണ് റെയിൽവേ സ്റ്റേഷനിൽ അദ്ദേഹത്തിനു വേണ്ടി ഹച്ചിക്കോ കാത്തിരുന്നത്. ഹച്ചിക്കോയുടെ 100–ാം ജന്മവാർഷികം ജപ്പാൻകാർ ആഘോഷമായി തന്നെ ആചരിക്കുകയായിരുന്നു.
ടോക്കിയോ യൂണിവേഴ്സിറ്റിയിൽ പ്രഫസറായിരുന്ന ഹിദേസബുറോ ഉഎനോയായിരുന്നു ഹച്ചിക്കോയുടെ യജമാനൻ. എല്ലാദിവസവും ട്രെയിൻ സ്റ്റേഷനിൽ പ്രഫസറെ യാത്രയാക്കാനും സ്വീകരിക്കാനും ഹച്ചിക്കോ പോയിത്തുടങ്ങി. 1925 മേയ് 21 ന്, അന്നു രണ്ടു വയസ്സുള്ള ഹച്ചിക്കോ സാധാരണ പോലെ ഷിബുയ ട്രെയിൻ സ്റ്റേഷനു പുറത്തു തന്റെ യജമാനനെ കാത്തിരുന്നു. പക്ഷേ, അദ്ദേഹം തിരിച്ചുവന്നില്ല.ക്ലാസെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി സംഭവിച്ച പക്ഷാഘാതത്തിൽ അദ്ദേഹം മരണമടഞ്ഞു.
എന്നാൽ, ഹച്ചിക്കോ പിന്നീടുള്ള തന്റെ 10 വർഷത്തെ ജീവിതകാലം മുഴുവൻ ആ സ്റ്റേഷനു മുന്നിൽ യജമാനനായി കാത്തിരിപ്പു തുടർന്നു. ഹച്ചിക്കോ പതിവായി വരുന്നത് യാത്രക്കാർ ശ്രദ്ധിച്ചു തുടങ്ങി. തെരുവുനായ ആണെന്ന് കരുതി സ്റ്റേഷനിലെ ജീവനക്കാർ അടിച്ചോടിക്കാൻ ശ്രമിച്ചു. േദഹത്ത് ചൂടുവെള്ളം ഒഴിച്ചു. എന്നാൽ എല്ലാം സഹിച്ച് ഹച്ചിക്കോ യജമാനനുവേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു.
ഉഎനോ വിദ്യാർഥികളിലൊരാൾ ഹച്ചിക്കോയെ തിരിച്ചറിയുകയും അവനെ ഉപദ്രവിക്കാതിരിക്കാനായി പത്രത്തിൽ വാർത്ത കൊടുത്തു.1932ലായിരുന്ന ഹച്ചിക്കോയുടെ കഥ അസാഹി ഷിംബുൻ എന്ന പത്രം പ്രസിദ്ധീകരിച്ചത്. ‘പാവപ്പെട്ട വൃദ്ധനായ നായയുടെ കഥ; യജമാനനു വേണ്ടി 7 വർഷമായി കാത്തിരിക്കുന്നു’ എന്നായിരുന്നു വാർത്തയുടെ തലക്കെട്ട്. ഇതോടെ ഹച്ചിക്കോ ജപ്പാനിലുടനീളം ഒരു സെലിബ്രിറ്റിയായി മാറി.
1935 മാർച്ച് 8ന് മരണം ഹച്ചിക്കോയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു. ഹച്ചിക്കോയുടെ മൃതശരീരം അധികൃതർ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചു. നിലവിൽ ടോക്കിയോയിലെ നാഷനൽ മ്യൂസിയത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. യജമാനന്റെ ശവകുടീരത്തിന് സമീപം ഹച്ചിക്കോയുടെ സ്മാരകം അധികൃതർ സ്ഥാപിച്ചു. ലോകത്തിലേറ്റവും തിരക്കുപിടിച്ച കവലയായ സെൻട്രൽ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷന്റെ പ്രവേശന കവാടത്തിന്റെ പേരുതന്നെ ഹച്ചിക്കോ എന്നാണ്. ഒപ്പം ഹച്ചിക്കോയുടെ ഒരു വെങ്കലപ്രതിമയും. നിരവധി വിനോദസഞ്ചാരികളാണ് ഹച്ചിക്കോയുടെ പ്രതിമ കാണാൻ എത്തുന്നത്.
English Summary: Hachiko: The world's most loyal dog turns 100