ADVERTISEMENT

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് അന്റാർട്ടിക്കയിലെ കടൽ മഞ്ഞുപാളികളിലുണ്ടായ നഷ്ടം പതിനായരത്തിലേറെ പെൻഗ്വിൻ കുഞ്ഞുങ്ങളുടെ മരണത്തിലേക്ക് നയിച്ചു. 2022-23 പ്രത്യുത്പാദന കാലത്താണ് വലിയ ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന ഈ സംഭവം നടന്നത്. പടിഞ്ഞാറൻ അന്റാർട്ടിക്കയിലുള്ള ചക്രവർത്തി പെൻഗ്വിനുകളുടെ 80 ശതമാനം കോളനികളിലെയും കൂടുകൾ നശിച്ച് പോയതായി കണ്ടെത്തി. അന്റാർട്ടിക്കിലെ തന്നെ ബെല്ലിംഗ്ഷോസൻ കടൽ മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. ഈ മേഖലയിലെ മധ്യ, കിഴക്ക് ഭാഗങ്ങളിലെ പെൻഗ്വിൻ കോളനികൾ പൂർണ്ണമായും ഇല്ലാതായി. 

ഒരു പെൻഗ്വിൻ കുഞ്ഞ് പോലും അതിജീവിക്കാത്ത കോളനികൾ

ബ്രിട്ടിഷ് അന്റാർട്ടിക് സർവേ നടത്തിയ പഠനത്തിലാണ് മഞ്ഞുരുകലിലൂടെ ഇല്ലാതായ പെൻഗ്വിൻ കോളനികളുടെ വിവരങ്ങൾ പുറത്ത് വന്നത്. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് പല മേഖലകളിലും ഒരു പെൻഗ്വിൻ കുഞ്ഞ് പോലും അതിജീവിച്ചിട്ടില്ലെന്ന് മനസ്സിലായതും. ഇതാദ്യമായാണ് ഇത്രയും വ്യാപകമായ തോതിൽ എംപറർ പെൻഗ്വിൻ കോളനികളിൽ നാശമുണ്ടാകുന്നത്. 

അതേസമയം ഇപ്പോൾ സംഭവിച്ചത് വെറും സൂചന മാത്രമാണെന്ന് ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുള്ള ആഘാതങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അന്റാർട്ടിക്കിലാകെ പെൻഗ്വിൻ കോളനികളിൽ സമാനതകൾ ഇല്ലാത്ത വിധത്തിൽ ദുരന്തമുണ്ടാകും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 90 ശതമാനം പെൻഗ്വിൻ കോളനികളും പൂർണ്ണമായും അപ്രത്യക്ഷമാകുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

Read Also: സിവനേ... ഇത് ഏത് ജില്ല! വാതിൽ തുറന്നതും മഞ്ഞുമയം: എവിടെയും തൂവെള്ളനിറം– വിഡിയോ

പെൻഗ്വിനുകളുടെ പ്രത്യുൽപാദനം

ഫാസ്റ്റ് ഐസ് എന്നറിയപ്പെടുന്ന കട്ടിയുള്ള കടൽമഞ്ഞിലാണ് എംപറർ പെൻഗ്വിനുകൾ മുട്ടയിടുക. വലിപ്പമുള്ള പെൻഗ്വിനുകൾ ആയതുകൊണ്ടും ഇവ കൂട്ടത്തോടെയാണ് മുട്ടയിടുന്നതെന്നത് കൊണ്ടും അത്രയും ശക്തമായ പ്രതലമാണ് ഈ ജീവികൾ മുട്ടയിടാൻ തിരഞ്ഞെടുക്കുക. അതേസമയം പാറക്കെട്ടുകളിലും മറ്റും ഇവ മുട്ടയിടാൻ സാധാരണ തയ്യാറാകാറില്ല. മുട്ടവിരിഞ്ഞ് ആവശ്യമായ വളർച്ചയെത്തിയാൽ കുഞ്ഞുങ്ങൾക്ക് കടലിലേക്ക് എളുപ്പത്തിൽ എത്താൻ കഴിയണം എന്നതും എംപറർ പെൻഗ്വിനുകൾ പരിഗണിക്കും.

(Photo: Twitter/@WHOI)
(Photo: Twitter/@WHOI)

മെയ് ജൂൺ കാലഘട്ടത്തിലാണ് എംപറർ പെൻഗ്വിനുകൾ മുട്ടയിടുക. ഈ സമയം അന്റാർട്ടിക് ഉൾപ്പെടുന്ന ദക്ഷിണധ്രുവത്തിൽ ശൈത്യകാലമാണ്. അതുകൊണ്ട് തന്നെ മഞ്ഞുപാളികൾ എല്ലാം തന്നെ കട്ടിയുള്ളതായും സുരക്ഷിതമായും തുടരും. 65 ദിവസമാണ് മുട്ട വിരിയാൻ വേണ്ട ശരാശരി സമയം. ഓഗസ്റ്റ് അവസാനത്തോടെ മുട്ടകളെല്ലാം പൂർണ്ണമായും വിരിയും. എന്നാൽ പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് കടലിൽ നീന്തുന്നതിനുള്ള ക്ഷമത ലഭിക്കാൻ വീണ്ടും നാല് മാസത്തോളം കാത്തിരിക്കണം. ഡിസംബർ- ജനുവരി സമയത്താണ് കുഞ്ഞുങ്ങൾ ആദ്യമായി കടലിലേക്ക് എത്തുക.

മാറുന്ന കാലാവസ്ഥയും ദുർബലമാകുന്ന മഞ്ഞുപാളികളും

ഡിസംബർ - ജനുവരി മാസത്തിൽ ഈ മേഖലയിലേക്ക് വേനലെത്തും. എന്നാൽ തന്നെയും ഏതാണ്ട് പത്ത് വർഷം മുൻപ് വരെ ഈ വേനലിലും കടൽമഞ്ഞിലെ കട്ടിയുള്ള ഭാഗങ്ങൾ വേനൽക്കാലത്തും ഉരുകാതെ തന്നെ തുടർന്നിരുന്നു. പക്ഷെ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ കരയോട് ചേർന്നുള്ള കടൽമഞ്ഞുപാളികൾ പോലും ദുർബലമാകാൻ തുടങ്ങി. ഇതാണ് 2022-23 പ്രത്യുൽപാദന കാലത്ത് എംപറർ പെൻഗ്വിനുകൾക്ക് തിരിച്ചടിയായതും. ഈ കാലത്ത് മഞ്ഞുപാളികൾ സാധാരണയിലും മുന്നേ ഉരുകുകയും അവ തകരുകയും ചെയ്തു. ഇതോടെയാണ് പെൻഗ്വിൻ കോളനികൾ കൂട്ടത്തോടെ പ്രതിസന്ധിയിലായത്.

Read Also: ചന്ദ്രനിൽ മണ്ണ് കുഴിച്ച് ചന്ദ്രയാന്റെ പരിശോധന; പുറത്ത് 60 ഡിഗ്രി ചൂട്, അകത്ത് മൈനസ് 10 ഡിഗ്രി തണുപ്പ്

ഒരു കോളനിയിൽ ഏതാണ്ട് 650 മുതൽ 3500 വരെ എംപറർ പെൻഗ്വിനുകൾ ഉണ്ടായിരുന്നു എന്നാണ് കണക്കാക്കുന്നത്. ബെല്ലിംഗ്ഷോസൻ മേഖലയിലെ റോത്സ്ചൈൽഡ് ദ്വീപിലെ കോളനി ഒഴിച്ച് മറ്റെല്ലാ കോളനികളിലും പെൻഗ്വിൻ കുഞ്ഞുങ്ങൾ ഒന്നു പോലും അവശേഷിച്ചിരുന്നില്ല. റോത്സ്ചൈൽഡ് മേഖലയിൽ കുഞ്ഞുങ്ങൾ നേരത്തെ വിരിഞ്ഞത് കൊണ്ട് ഈ മേഖലയിലെ കോളനിയിൽ നിന്ന് മാത്രമാണ് 2022 -23  പ്രത്യുത്പാദന സീസണിൽ പെൻഗ്വിൻ കുഞ്ഞുങ്ങൾ പുറത്ത് വന്നത്.

പുതിയ ഉയരങ്ങളിലേക്ക് പോകുന്ന താപനില

ലഭ്യമായ 45 വർഷത്തിനിടെയുള്ള കണക്കുകൾ വച്ച് പരിശോധിച്ചാൽ അന്റാർട്ടിക്കിലെ മഞ്ഞുപാളികളുടെ അളവ് ഏറ്റവും കുറഞ്ഞ് നിന്ന് വർഷമായിരുന്നു 2022. ഇതിന് തൊട്ട് പുറകിലായി 2021 ഉം ഉണ്ട്. 2021 വരെ 2016 നായിരുന്നു ഈ റെക്കോർഡ് സ്വന്തം. 2023 ലും ഇത് വരെയുള്ള കണക്കുകൾ വച്ച് നോക്കിയാൽ അവസ്ഥ ഒട്ടും പ്രതീക്ഷ നൽകുന്നതല്ലെന്നും കാലാവസ്ഥാ ഗവേഷകയായ ഡോ. കരോളൻ ഹോംസ് പറയുന്നു.

മുൻവർഷങ്ങളിലും മഞ്ഞുരുകൽ പ്രതിസന്ധി പെൻഗ്വിനുകൾ നേരിട്ടിരുന്നുവെങ്കിലും കൂടുതൽ ഉറപ്പുള്ള മേഖലകളിലേക്ക് മാറി മുട്ടയിടാൻ അവയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ കാലാവസ്ഥാ വ്യതിയാനം രൂക്ഷമായതോടെ മുട്ടയിടുന്നതിന് അനുയോജ്യമായ ഉറപ്പുള്ള മഞ്ഞുപാളികളും അളവ് കുറഞ്ഞ് വരികയാണ്. ശൈത്യകാലത്ത് മുട്ടയിടുമ്പോൾ ഉറപ്പുണ്ടെന്ന് തോന്നുന്ന മേഖലകൾ പോലും ക്രമേണ ഉയരുന്ന താപനിലയിൽ ഉരുകിയൊലിക്കുകയാണെന്നും ഗവേഷകർ പറയുന്നു.

Content Highlights: Emperor Penguin | Antarctic | Ice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT