ADVERTISEMENT

ഭൂചലനത്തിന്റെ രൂപത്തിലെത്തിയ ദുരന്തം വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയെ ആഴത്തിൽ ബാധിച്ചിരിക്കുകയാണ്. ഭൂചലനങ്ങൾ ലോകത്തു പലയിടത്തും ഇടയ്ക്കിടെ സംഭവിക്കുന്നവയാണ്. ലോകത്തിലെ ഏറ്റവും തീവ്രവും ശക്തവുമായ ഭൂചലനം സംഭവിച്ചത് തെക്കൻ അമേരിക്കൻ രാജ്യമായ ചിലെയിലാണെന്ന് ഇടക്കാലത്തിറങ്ങിയ ഒരു പഠനം തെളിയിച്ചു. 3,800 വർഷങ്ങൾ മുൻപായിരുന്നു ഇത്.

ബ്രിട്ടനിലെ സതാംപ്ടൺ സർവകലാശാലയിൽ നിന്നുള്ള ഗവേഷകരുടെ പഠനമാണ് പ്രാചീന കാലത്തെ ഈ വമ്പൻ ഭൂചലനം സംബന്ധിച്ച വിവരങ്ങൾ വെളിവാക്കിയത്. 9.5 തീവ്രത അടയാളപ്പെടുത്തിയ ഈ ഭൂചലനത്തിന്റെ ഭാഗമായി ഒരു വമ്പൻ സൂനാമി ഉടലെടുത്തത്രേ. ഇത് 7500 കിലോമീറ്ററുകളോളം സഞ്ചരിക്കുകയും വിദൂരമേഖലയായ ന്യൂസീലൻഡിന്റെ തീരത്തു വരെയെത്തുകയും ചെയ്തു. ഇരുപത് മീറ്ററോളം ഉയരത്തിൽ തിരകൾ പൊങ്ങി.

ഭൗമപ്ലേറ്റുകളുടെ പരസ്പരമുള്ള ചലനവും പിളർപ്പുമാണ് ഭൂചലനങ്ങൾക്ക് വഴിവയ്ക്കുന്നത്. ചിലെയിലെ അറ്റക്കാമ മരുഭൂമിയിലായിരുന്നു. 3800 വർഷങ്ങൾ മുൻപുള്ള ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അറ്റക്കാമ മരുഭൂമിയിൽ സമുദ്രജീവികളുടെയും മത്സ്യങ്ങളുടെയും സമുദ്രധാതുക്കളുടെയുമൊക്കെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. മരുഭൂമിയിൽ ഇവയെങ്ങനെ വന്നെന്നത് ശാസ്ത്രജ്ഞരെ കുഴപ്പിച്ചുകൊണ്ടിരുന്ന ചോദ്യമാണ്. ഈ പ്രാചീന ഭൂചലനത്തിന്റെ ഭാഗമായി ഉടലെടുത്ത സൂനാമി കാരണമാകാം ഇവ വന്നതെന്നാണ് ഇപ്പോൾ ശാസ്ത്രജ്ഞർ നൽകുന്ന വിശദീകരണം.

ഫയൽചിത്രം. (Photo: Twitter/@random369wrld)
ഫയൽചിത്രം. (Photo: Twitter/@random369wrld)

അറ്റക്കാമയിലെ പ്രാചീന പുരാവസ്തുമേഖലകളായ പാബെലോൻ ഡി പിക്കായിലും മറ്റും ഗവേഷകർ നടത്തിയ പര്യവേക്ഷണത്തിൽ കടലാക്രമണത്തിൽ തകർന്ന ഒട്ടേറെ കെട്ടിടങ്ങൾ കാണാമായിരുന്നു. ഇതു സംഭവിച്ചതും സൂനാമി കാരണമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ വമ്പൻ ഭൂചലനത്തിന്റെ ബാക്കിപത്രമായുണ്ടായ ഭീകര സൂനാമി ന്യൂസീലൻഡ് വരെയെത്തിയിരുന്നെന്നും ഗവേഷകർ കണ്ടെത്തി. സൂനാമിയുടെ തരംഗങ്ങളുടെ ശക്തിയിൽ ന്യൂസീലൻഡിലെ തീരത്തുണ്ടായിരുന്ന പാറകൾ നൂറുകണക്കിനു മീറ്റർ ഉള്ളിലേക്കു മാറിയിരുന്നു. 

Read Also: അന്ന് മൊറോക്കോ വിറങ്ങലിച്ചു! മരിച്ചത് പതിനയ്യായിരത്തോളം പേർ, അഗാദിർ ഭൂചലനം

പസിഫിക് റിങ് ഓഫ് ഫയർ മേഖലയിൽ സ്ഥിതി ചെയ്യുന്ന രാജ്യമായതിനാൽ ചിലെയിൽ ഭൂചലനങ്ങൾ തുടർക്കഥയാണ്. 2010ൽ 8.8 തീവ്രതയുള്ള ഒരു ഭൂചലനം ഇവിടെ സംഭവിച്ചിരുന്നു. ഇതിന്റെ ഭാഗമായി സൂനാമി ഉടലെടുക്കുകയും നിരവധിപ്പേർ കൊല്ലപ്പെടുകയും ചെയ്തു. വർത്തമാന കാല ചരിത്രത്തിൽ സംഭവിച്ചവയിൽ ഏറ്റവും തീവ്രതയുള്ള ഭൂചലനം സംഭവിച്ചതും ചിലെയിലാണ്. 1960ലെ വാൽദിവിയ ഭൂചലനമാണ് ഇത്. 9.4 തീവ്രതയുണ്ടായിരുന്ന ഈ ഭൂചലനം 10 മിനിറ്റോളം നീണ്ടു നിന്നു. ഇതെത്തുടർന്നുണ്ടായ സൂനാമി ചിലെ, ജപ്പാൻ, ഹവായ്, ഫിലിപ്പൈൻസ്, ന്യൂസീലൻ‍ഡ്, ഓസ്ട്രേലിയ തീരങ്ങളെ ആക്രമിച്ചിരുന്നു. ആറായിരം പേരോളം ഈ ഭൂചലനത്തിൽ കൊല്ലപ്പെട്ടെന്നാണു കണക്ക്. 1556ൽ ചൈനയിലെ ഷാൻക്സിയിൽ സംഭവിച്ച 8.0 തീവ്രതയുള്ള ഭൂചലനത്തിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചത്. എട്ടുലക്ഷത്തിലധികം പേർ ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു.

Content Highlights: Archaeological | Earthquake | Morocco | Manorama News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com