ADVERTISEMENT

ജീവിതകാലം മുഴുവൻ ഒരേ ഇണയുടെ കൂടെ ജീവിക്കുന്നതാണ് ഉദാത്തമെന്നാണ് ആധുനിക മനുഷ്യന്റെ സാമൂഹിക കാഴ്ചപ്പാട്. വിവാഹമോചനവും പങ്കാളികളുടെ പിരിയലും എല്ലാം വലിയ തെറ്റെന്ന പോലെ മനുഷ്യർ നിരീക്ഷിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. മനുഷ്യർ മാത്രമല്ല ജീവികളും ഇതുപോലെയാണ് കഴിയുന്നതെന്ന അബദ്ധധാരണ പലരും വച്ച് പുലർത്തുന്നുണ്ട്. അതുകൊണ്ടാണ്, അരിക്കൊമ്പനെ നാടുകടത്തിയപ്പോൾ അവന്റെ കുടുംബം അനാഥമായെന്നൊക്കെ വാദമുണ്ടായത്.

പൊതുവെ ജീവികളിൽ, ഇണകളെ തിരഞ്ഞെടുക്കുന്നതിൽ പെൺ ജീവികൾക്കാണ് മേൽക്കൈ. മയിൽ മുതൽ ആന വരെയുള്ള ജീവികളിൽ പെൺ ഇണകളെ ആകർഷിച്ച് അവരുടെ ഇഷ്ടം നേടിയെടുക്കുകയെന്നത് ആൺ ജീവികൾക്കു പ്രധാനമാണ്. ഇതിനായി മിക്ക ജീവിവർഗങ്ങളിലും ആണുങ്ങൾക്കിടയിൽ പോരാട്ടങ്ങളും പതിവാണ്.

പെൺ ഇണകളെ ആകർഷിക്കുക എന്നത് ഒട്ടും എളുപ്പമല്ല. കൈക്കരുത്തും കൗശലവും അൽപം പ്രണയചേഷ്ടകളും എല്ലാം കൂടിയായാൽ മാത്രമേ പലപ്പോഴും അതു വിജയത്തിലെത്തൂ. അതേസമയം, എങ്ങനെ മികച്ച ഇണയെ തിരഞ്ഞെടുക്കാമെന്നതിൽ പെൺജീവികൾക്കിടയിൽ പരസ്പരം പരിശീലനം വരെ നടക്കുന്നുണ്ടെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. 

നീളൻ പീലികളുള്ള മയിൽ

ആൺ, പെൺ മയിലുകളെ വേർതിരിക്കുന്ന പ്രധാന ഘടകമാണ് ആൺ മയിലുകളുടെ പീലികൾ. നീളമുള്ള പീലിയുള്ള മയിലുകളെ കാണാൻ പ്രത്യേക ഭംഗി തന്നെയാണ്. മനുഷ്യരെ മാത്രമല്ല ഈ ഭംഗി പെൺമയിലുകളെയും ആകർഷിക്കും. പക്ഷേ പണ്ട് എല്ലാ ആൺമയിലുകൾക്കും ഇത്രയും നീളമുള്ള പീലികൾ ഉണ്ടായിരുന്നില്ല. ഇന്ന് ആൺമയിലുകൾക്കെല്ലാം നീളൻ പീലികളുണ്ടാകുള്ള പ്രധാന കാരണം പെൺമയിലുകൾ ഇണയെ തിരഞ്ഞടുക്കാനുള്ള മാനദണ്ഡമാണ്.

(Photo: Twitter/@EcoTopicalNews)
(Photo: Twitter/@EcoTopicalNews)

വ്യത്യസ്തരായ ഇണകളെ തിരഞ്ഞെടുക്കുക എന്നതാണ് പെൺമയിലുകൾ ഒരു പരിധി വരെ പിന്തുടരുന്ന രീതി. ആൺ മയിലുകളിൽ നീളൻ പീലികളുള്ള ആൺമയിലുകളെ ആയിരിക്കും അവ ആദ്യം ശ്രദ്ധിക്കുക. ആയിരക്കണക്കിനു വർഷങ്ങൾ ഇതേ പ്രക്രിയ തുടർന്നതോടെ ആൺമയിലുകൾക്ക് ഇണയെ കണ്ടെത്തണമെങ്കിൽ നീളമുള്ള പീലികൾ വേണമെന്ന സ്ഥിതിയായി. ഇതു മൂലം ഈ കാലയളവിൽ ആൺമയിലുകൾക്കെല്ലാം ക്രമേണ നീളമുള്ള പീലികൾ പരിണാമത്തിന്റെ ഫലമായി ഉണ്ടാവുകയും ചെയ്തു.

വേട്ടക്കാരായ ജീവികളിൽ നിന്നോ സമാനമായ മറ്റേതെങ്കിലും അപകടാവസ്ഥയിൽ നിന്നോ രക്ഷപ്പെടുന്നതിലും പ്രധാനമാണ് ഇണയെ ആകർഷിക്കുന്നതും പ്രത്യുത്പാദനവും എന്നും ഈ രീതിയിലുള്ള പരിണാമത്തിലൂടെ വ്യക്തമാകുന്നു. കാരണം ഏതെങ്കിലും ജീവി തുരത്തുമ്പോൾ രക്ഷപ്പെടാൻ എളുപ്പം കനം കുറഞ്ഞ നീളമില്ലാത്ത പീലികളാണ്. എന്നാൽ ആൺമയിലുകളുടെ കാര്യത്തിൽ പരിണാമം കൂടുതൽ കനമുള്ള പീലികൾ കൊടുത്ത് അവയുടെ വേഗം കുറക്കുകയാണ് ചെയ്തത്. ഇതിൽ നിന്നാണ് ഒരു ജീവിയുടെ അതിജീവനത്തേക്കാൾ ഒരു വർഗത്തിന്റെ പ്രത്യുൽപാദനത്തിനും നിലനിൽപ്പിനുമാണ് പ്രകൃതിയിൽ പ്രാധാന്യം എന്ന് വ്യക്തമാകുന്നത്. 

(Photo: Twitter/@jazzyjonahj)
(Photo: Twitter/@jazzyjonahj)

ഇണയുടെ തിരഞ്ഞെടുപ്പും പരിണാമവും

ഒരു നൂറ്റാണ്ടിലേറെയായി പരിണാമത്തെക്കുറിച്ചുള്ള പഠനങ്ങൾ സജീവമായി നടക്കുന്നുണ്ട്. എന്നാൽ ഇതുവരെ ഒരു ജീവിവർഗത്തിന്റെ പരിണാമത്തിൽ അതിലെ പെൺ ജീവികൾക്കുള്ള പങ്ക് ഗൗരവമായി ശാസ്ത്രലോകം പഠിച്ചിട്ടില്ല. ഇപ്പോൾ ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകരാണ് പരിണാമത്തിൽ പെൺജീവികൾ വഹിക്കുന്ന പങ്കിനെ വിലയിരുത്താനായി ഒരു ഗണിതഘടന തന്നെ തയാറാക്കിയിരിക്കുന്നത്. ലോകമെമ്പാടും പരിണാമത്തെപ്പറ്റി പഠിക്കാനായി സജീവമായി ഉപയോഗിക്കുന്ന സെക്‌ഷ്വൽ സിലക്‌ഷൻ തിയറി എന്ന സിദ്ധാന്തത്തിലെ പോരായ്മകൾ മറികടക്കുന്നതിനായാണ് ഈ ഗണിതഘടനയ്ക്ക് ഗവേഷകർ രൂപം നൽകിയത്.

orangutan
ഉറാങ്ങ് ഉട്ടാൻ (Credit:Freder/Istock)

ഈ പഠനത്തിലൂടെ, പരിണാമത്തിൽ ഇണയുടെ തിരഞ്ഞെടുപ്പ് എങ്ങനെ നിർണായകമാകുന്നു എന്നാണ് പരിശോധിക്കുന്നത്. ഉദാഹരണത്തിന്, കൂടുതൽ പരന്ന താടികൾ ഉള്ള ഉറാങ്ങ് ഉട്ടാനുകളോടും നീളം കൂടുതലുള്ള കൊമ്പുകളുള്ള സ്വോർഡ് ഫിഷുകളോടുമാണ് പെൺ ഇണകൾക്ക് കൂടുതൽ ആകർഷകത്വം തോന്നുന്നത്. വീതിയുള്ള താടിയുള്ള ഉറാങ്ങ് ഉട്ടാനുകളും നീളമുള്ള കൊമ്പുള്ള സ്വോർഡ് ഫിഷുകളും ആൺ വർഗ്ഗങ്ങൾക്കിടയിൽ വർധിച്ച് വരുന്നത് ഈ തിരഞ്ഞെടുപ്പു മൂലമാണെന്ന് ഗവേഷകർ പറയുന്നു.

സ്‌വാഡ് ഫിഷ് (Credit:bbevren/Istock)
സ്‌വാഡ് ഫിഷ് (Credit:bbevren/Istock)

ലുക്കിൽ മാത്രമല്ല കാര്യം

കാഴ്ചയിലെ ഭംഗി മാത്രമല്ല, മറ്റു ചില പ്രത്യേകതകളും പെൺജീവികളെ ഇണയിലേക്ക് ആകർഷിക്കുന്നു. ആൺജീവികളിലെ മണം, അവയുടെ ചലനങ്ങൾ, ശബ്ദം ഇതെല്ലാം ഈ പ്രത്യേകതകളിൽ ഉൾപ്പെടുന്നു. ശരീരത്തിന്റെ മണം പെൺ ഇണകളെ ആകർഷിക്കുന്നതിന് ഉദാഹരണം ലമൂർ എന്ന കുരങ്ങുകളാണ്. ചില പക്ഷികൾ ഡാൻസിന് സമാനമായ ശരീര ചലനങ്ങളിലൂടെയാണ് ഇണകളുടെ ശ്രദ്ധ നേടുന്നത്. ചില പക്ഷികളിലും ജീവികളിലും ഇത് സവിശേഷമായ ചില ശബ്ദങ്ങളാണ്. 

ഇതുവരെയുള്ള പഠനങ്ങൾ

നിലവിലുള്ള പഠനങ്ങളെല്ലാം ആൺഇണകളുടെ ആരോഗ്യത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ആരോഗ്യമുള്ള ഇണകളെ തിരഞ്ഞെടുക്കുന്നതിലൂടെ മികച്ച സന്താനങ്ങളെ ഉറപ്പു വരുത്താൻ പെൺഇണകൾ ശ്രമിച്ചു എന്നതായിരുന്നു ഗവേഷകരുടെ നിഗമനം. ജീവികളുടെ ശാരീരിക പ്രത്യേകതകളോടുള്ള പെൺ ഇണകളുടെ ആകർഷണം ആൺ ജീവികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിശ്വാസം മാത്രമായിരുന്നു എന്ന കാഴ്ചപ്പാടിനെ മാറ്റുന്നതാണ് ഫ്ലോറിഡയിലെ ഗവേഷകരുടെ പഠനം.

ഇപ്പോഴത്തെ പഠനത്തിൽ, പ്രായം കുറഞ്ഞ പെൺജീവികൾ എങ്ങനെയാണ് മുതർന്ന ജീവികളെ നോക്കി ഇണകളെ തിരഞ്ഞെടുക്കാൻ പഠിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. കൂടുകൂട്ടുന്നതും ഇര പിടിക്കുന്നതും എങ്ങനെയാണോ കുട്ടികൾ നോക്കി പഠിക്കുന്നത്, സമാനമായ രീതിയിലാണ് ഇണകളെ തിരഞ്ഞെടുക്കാനും പഠിക്കുന്നതെന്നാണ് ഗവേഷകർ വിശദീകരിക്കുന്നത്. 

(Photo: Twitter/@KlatuBaradaNiko)
(Photo: Twitter/@KlatuBaradaNiko)

ഇതിന് ഉദാഹരണമാണ് കൂടുതൽ തിളക്കമുള്ള നിറങ്ങളുള്ള ആൺ ഇണകളെ പെൺജീവികൾ തിരഞ്ഞെടുക്കുന്നത്. പക്ഷികളിൽ വാലിന്റെ നീളവും പെൺ ഇണകൾക്ക് ആകർഷകത്വം തോന്നുള്ള ഘടകമാണ്. ഈ തിരഞ്ഞെടുപ്പുകൾ മുതിർന്ന പെൺ പക്ഷികൾ നടത്തുമ്പോൾ ഇതിനെ ചെറിയ പക്ഷികൾ നിരീക്ഷിക്കുകയും പ്രജനന കാലമാകുമ്പോൾ ഇതേ മാർഗ്ഗം പിന്തുടരുകയും ചെയ്യുന്നു എന്നാണ് ഗവേഷകർ പറയുന്നത്. 

ഇതാദ്യമായാണ് സെക്‌ഷ്വൽ സിലക്‌ഷൻ തിയറിയെ ഈ കാഴ്ചപ്പാടിൽ വിശദീകരിക്കുന്ന പഠനം ഗവേഷകർ നടത്തുന്നത്. ഇപ്പോൾ ഗണിതഘടനയുടെ അടിസ്ഥാനത്തിലാണ് ഈ വിശദീകരണം നിലനിൽക്കുന്നത്. ഈ ഘടന ജീവികളുടെ യഥാർഥ ജീവിതാവസ്ഥയിൽ സാധ്യമാകും എന്നു തന്നെ ഗവേഷകർ ഉറപ്പിച്ചു പറയുന്നു. ഇതിനായി ജീവികളുടെ ജീവിതമേഖലയിൽ തന്നെ അവയെക്കുറിച്ച് ഈ ഗണിത ഘടനയുടെ അടിസ്ഥാനത്തിൽ പഠനം നടത്താനുള്ള തയാറെടുപ്പിലാണ് ഫ്ലോറിഡ സർവകലാശാലയിലെ ഗവേഷകർ.

English Summary:

Female Animals Teach Each Other to Choose Unusual Males, Research Suggests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com